അല്‍ ഐനില്‍ ജീവിത ചിലവ് വര്‍ധിക്കുന്നു; കുറഞ്ഞ ശമ്പളം വാങ്ങുന്നവര്‍ ആശങ്കയില്‍

Posted on: September 7, 2015 6:00 pm | Last updated: September 7, 2015 at 6:49 pm

അല്‍ ഐന്‍: അടുത്തിടെയായി അല്‍ ഐനില്‍ ജീവിത ചെലവ് ഗണ്യമായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് മൂലം കുറഞ്ഞ ശമ്പളം വാങ്ങുന്നവരുടെ ജീവിതം താളം തെറ്റുന്നു. താരതമ്യേന കുറഞ്ഞ ജീവിത ചിലവുണ്ടായിരുന്ന പ്രദേശമായിരുന്നു അല്‍ ഐന്‍.
ദുബൈ, അബുദാബി പോലെയുള്ള നഗരങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ ശമ്പളമാണ് അല്‍ ഐനിലെ വിദേശികള്‍ക്ക് ലഭിക്കുന്നത്. കുറഞ്ഞ നിരക്കില്‍ താമസ സൗകര്യം ലഭ്യമായിരുന്നതും വലിയ നഗരമല്ലാത്തതിനാലും മറ്റു ചിലവുകള്‍ കുറവായിരുന്നു. ഇതിനാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ കാര്യങ്ങള്‍ മുന്നോട്ടുപോയിരുന്നു. എന്നാല്‍ പഴയ വില്ലകളില്‍ കുറഞ്ഞ വാടകക്ക് താമസിച്ചിരുന്നവരെ ഒഴിപ്പിക്കല്‍ ഏകദേശം ഒരു വര്‍ഷം മുമ്പ് തുടങ്ങിയതോടെ പലരും പുതിയ ഫഌറ്റുകളിലേക്ക് താമസം മാറേണ്ടിവന്നു. ഇതു കാരണം കഴിഞ്ഞ ഏതാനും മാസങ്ങളായി ഫഌറ്റുകളുടെ വാടക കുത്തനെ കൂടി. പരിശോധനകളും സുരക്ഷ സംവിധാനങ്ങള്‍ സജ്ജീകരിക്കാനുള്ള നിര്‍ദേശങ്ങളും വാടക കൂട്ടാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് കെട്ടിട ഉടമകള്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ മറവില്‍ ഗണ്യമായ വാടക വര്‍ധനവാണ് ഈടാക്കുന്നതെന്നാണ് പൊതുവെ പരാതി ഉയരുന്നത്.
വാടക വര്‍ധനവ് ചെറുക്കാന്‍ പലരും കൂടുതല്‍ പേരെ താമസിപ്പിച്ചാണ് പരിഹാരം കണ്ടിരുന്നത്. എന്നാല്‍ ഇതിനെതിരെയും അധികൃതര്‍ നിലപാട് ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി അല്‍ ഐന്‍ നഗരത്തിലെ പല ഫഌറ്റുകളിലും നഗരസഭ ഇന്നലെ മിന്നല്‍ പരിശോധന നടത്തി. ആവശ്യമായ സൗകര്യങ്ങളില്ലാത്ത താമസ സ്ഥലങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുകയും കമ്പനി താമസ സൗകര്യം നല്‍കാത്തതുമായ തൊഴിലാളികള്‍ ഏറെ ദുരിതത്തിലായിരിക്കുകയാണ്.
വാടക വര്‍ധനവിനൊപ്പം വെള്ളത്തിന്റെയും വൈദ്യുതിയുടെയും നിരക്കുകള്‍ മാസങ്ങള്‍ക്ക് മുമ്പാണ് വലിയ തോതില്‍ വര്‍ധിച്ചത്. ഇതോടൊപ്പം പെട്രോള്‍ വിലവര്‍ധനയും സാധാരണക്കാര്‍ക്ക് തിരിച്ചടിയാണ്.
ഈ മാസം 15 മുതല്‍ അഡ്‌നോക് ഗ്യാസ് സിലിണ്ടര്‍ സബ്‌സിഡി കൂടി എടുത്തു കളയുന്നതോടെ ജീവിത ഭാരം പിന്നെയും കൂടും. ബാച്ചിലര്‍ റൂമുകളില്‍ താമസിക്കുന്ന പലര്‍ക്കും ഇനിയും അഡ്‌നോക് ഇ ഗ്യാസ് റഹാല്‍ കാര്‍ഡുകള്‍ ലഭിച്ചിട്ടില്ല. കാര്‍ഡ് ലഭിക്കാത്തവര്‍ 15 മുതല്‍ കൂടിയ വിലക്ക് സിലിണ്ടറുകള്‍ വങ്ങേണ്ടി വരും. രൂപയുടെ മൂല്യം കുറയുന്നതിനനുസരിച്ച നാട്ടില്‍ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ പണം നാട്ടിലേക്ക് അയക്കേണ്ടതായും വരുന്നു.