‘മരണമണി’കാത്ത് ഐ ലീഗ്

Posted on: September 4, 2015 12:20 pm | Last updated: September 4, 2015 at 12:29 pm

i leagueകോഴിക്കോട്; ഇന്ത്യന്‍ ഫുട്‌ബോളില്‍ ആവേശത്തിന്റെ അലകളുയര്‍ത്തിയ ഐ എസ് എല്‍ ഇന്ത്യയിലെ ആദ്യ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗായ ഐ-ലീഗിനെ ചരിത്രത്താളുകളിലേക്ക് നയിക്കുമോ?. ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍(എ ഐ എഫ് എഫ്) പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ ഇന്ന് മുംബൈയില്‍ വിളിച്ചുചേര്‍ത്ത ഐ ലീഗ് ക്ലബുകളുടെയും ഐ എസ് എല്‍ പ്രൊമോട്ടര്‍മാരായ റിലന്‍സിന്റെ കീഴിലുള്ള ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡിന്റെയും സംയുക്ത യോഗം ഇതിന് മറുപടി നല്‍കും.
സംഘാടക മികവും വമ്പിച്ച മാധ്യമ ശ്രദ്ധയുമുള്ള സൂപ്പര്‍ ലീഗിന്റെ പൊലിമയില്‍ ‘സ്വാഭാവിക മരണം’ സംഭവിക്കുന്നതില്‍ നിന്നും ഐ ലീഗിനെ ഐ എസ് എല്ലില്‍ ലയിപ്പിച്ച് ‘ദയാവധം’ നല്‍കാനായിരിക്കും മിക്കവാറും തീരുമാനമുണ്ടാകുക. ഇക്കാര്യത്തില്‍ ഐ ലീഗിലെ മിക്ക ക്ലബുകള്‍ക്കും സമ്മതമാണെങ്കിലും ഐ എസ് എല്‍ ഫ്രാഞ്ചൈസിയായി തുടരാനുള്ള നിബന്ധനകള്‍ ഐ ലീഗ് ക്ലബുകള്‍ക്ക് എങ്ങനെ ബാധകമാക്കും എന്നതിനെച്ചൊല്ലിയായിരിക്കും ലയന തീരുമാനത്തിന്റെ ഭാവി. എന്തായാലും ഇന്നത്തെ യോഗം ലയനത്തിന് തീരുമാനമെടുത്ത് പിരിയാന്‍ സാധ്യത ഏറെയാണ്.
കഴിഞ്ഞ ദിവസം എ ഐ എഫ് എഫ് വിളിച്ചുചേര്‍ത്ത ഐ ലീഗ് ക്ലബ് ഭാരവാഹികളുടെ യോഗത്തില്‍ ഉരുത്തിരിഞ്ഞ ആശയപ്രകാരമാണ് ഇന്നത്തെ യോഗത്തിലേക്ക് ഐ എസ് എല്‍ നടത്തിപ്പുകാരെയും വിളിച്ചിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഭാരത് എഫ് സി, പൂനെ എഫ് സി ക്ലബുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം പെട്ടെന്ന് ഒരു തീരുമാനം എടുക്കുന്നതിലേക്ക് എ ഐ എഫ് എഫിനെ എത്തിച്ചിട്ടുണ്ട്. അതുമാത്രമല്ല ഐ എസ് എല്‍ കളിക്കാര്‍ക്ക് ലഭിക്കുന്ന വന്‍ പ്രതിഫലവും ഐ ലീഗിനെ പിന്നോട്ടടിപ്പിക്കുമെന്നതില്‍ സംശയമില്ല. ഏതായാലും ഒന്ന് രണ്ട് വര്‍ഷത്തിനകം ഐ ലീഗിനെ ഐ എസ് എല്ലില്‍ ലയിപ്പിച്ച് വിപുലമായ ഒരു ലീഗ് നടപ്പില്‍വരുത്താനായിരിക്കും എ ഐ എഫ് എഫിന്റെ ശ്രമം. മിക്കവാറും ആറ് മുതല്‍ ഒമ്പത് മാസം വരെ നീണ്ടുനില്‍ക്കുന്ന പതിനഞ്ചോ, പതിനാറോ ടീമുകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും ലീഗ്. ഐ എസ് എല്‍ നടത്തിപ്പില്‍ എ ഐ എഫ് എഫിന് പ്രത്യേക അധികാരങ്ങളൊന്നും ഇല്ലെങ്കിലും പുതിയ ലീഗ് നടത്തിപ്പില്‍ ഐ എസ് എല്‍ സ്‌പോര്‍സര്‍മാരായ റിലയന്‍സിനൊപ്പം എ ഐ എഫ് എഫ് തുല്യപ്രാധാന്യം വരുന്ന രീതിയില്‍ ഒരു ബോഡിക്കായിരിക്കും നടത്തിപ്പ് ചുമതല. സെപ്തംബര്‍ മുതല്‍ മെയ് വരെ നടന്നിരുന്ന ഐ ലീഗിന്റെ തുടക്കം കഴിഞ്ഞവര്‍ഷം ജനുവരിയിലേക്ക് മാറ്റിയാണ് സൂപ്പര്‍ ലീഗിന് എ ഐ എഫ് എഫ് സമയമനുവദിച്ചത്.
1996ലാണ് രാജ്യത്ത് ഫുട്‌ബോള്‍ ലീഗ് തുടങ്ങുന്നത്. നാഷനല്‍ ഫുട്‌ബോള്‍ ലീഗ് എന്ന പേരില്‍ ആരംഭിച്ച് പതിനൊന്ന് സീസണ്‍ നീണ്ട ലീഗ് 2007-08 സീസണ്‍ മുതല്‍ കൂടുതല്‍ പ്രൊഫഷണല്‍ സ്വഭാവത്തോടുകൂടി ഐ ലീഗ് ആയി പരിണമിച്ചു. ദേശീയ ഫുട്‌ബോള്‍ ലീഗിലെ എട്ട് ടീമുകളും സെക്കന്‍ഡ് ഡിവിഷനില്‍നിന്ന് രണ്ട് ടീമുകളും ചേര്‍ത്ത് പത്ത് ടീമുകളായിരുന്നു ഐ ലീഗിലുണ്ടായിരുന്നത്. പല സീസണുകളിലായി 14 ടീമുകള്‍ വരെ ഐ ലീഗിലുണ്ടായിരുന്നു. അവസാന സീസണില്‍ പതിനൊന്ന് ടീമുകളാണ് ലീഗിലുണ്ടായിരുന്നത്. ഹോം ആന്‍ഡ് എവേ രീതിയില്‍ നടക്കുന്ന ലീഗിലെ ചാമ്പ്യന്മാര്‍ക്ക് എ എഫ് സി ചാമ്പ്യന്‍സ് ലീഗിലും രണ്ടാംസ്ഥാനക്കാര്‍ എ എഫ് സി കപ്പിലും കളിക്കാനുള്ള അവസരമുണ്ട്. ആദ്യ ലീഗ് ഒ എന്‍ ജി സിയാണ് സ്‌പോര്‍സര്‍ ചെയ്തിരുന്നത്. ഇപ്പോള്‍ ഹീറോ മോട്ടോര്‍ കോര്‍പാണ് സ്‌പോര്‍സര്‍മാര്‍.
ആദ്യത്തെ ആറ് സീസണില്‍ കപ്പ് ഗോവന്‍ ക്ലബുകള്‍ക്ക് തന്നെയായിരുന്നു. മൂന്ന് സീസണില്‍ (2007-08, 2009-10, 2011-12) ഡെംപോ സ്‌പോര്‍ട്‌സ് ക്ലബും രണ്ട് വര്‍ഷം (2008-09, 2012-13) ചര്‍ച്ചില്‍ ബ്രദേഴ്‌സും 2010-11ല്‍ സാല്‍ഗോക്കര്‍ ഗോവയും ചാമ്പ്യന്മാരായി. അവസാന രണ്ട് സീസണില്‍ കപ്പ് ഗോവക്ക് പുറത്തെത്തി. 2013-14 ബെംഗളുരു എഫ് സിയും 2014-15 സീസണില്‍ മോഹന്‍ ബഗാനുമാണ് കപ്പ് നേടിയത്. അടുത്ത സീസണ്‍ ജനുവരിയില്‍ തുടങ്ങി മെയില്‍ അവസാനിക്കും.
രാജ്യത്ത് രണ്ട് ലീഗുകള്‍ സമാന്തരമായി നടക്കുന്നതിലുള്ള ബുദ്ധിമുട്ടുകളെ തുടര്‍ന്ന്, ഐ എസ് എല്‍ ഒന്നാം സീസണോടുകൂടി തന്നെ രണ്ട് ലീഗുകളും ലയിപ്പിക്കണമെന്ന് പലകോണുകളില്‍നിന്നും ആവശ്യമുയര്‍ന്നിരുന്നു. എഫ് സി ഗോവ പരിശീലകനായ സീക്കോ, കൊല്‍ക്കത്തയുടെ അന്റോണിയോ ലോപ്പസ് ഹെബാസ് എന്നിവര്‍ രണ്ട് ലീഗും ഒന്നിപ്പിച്ച് ആറ് മുതല്‍ ഒമ്പത് മാസം വരെ നീണ്ടുനില്‍ക്കുന്ന ലീഗായി മാറ്റണമെന്ന് ആദ്യമേ അഭിപ്രായപ്പെട്ടവരാണ്.