Connect with us

Kozhikode

വടകര നഗരസഭാ കൗണ്‍സിലര്‍മാരില്‍ നിന്ന് മൊഴിയെടുത്തു

Published

|

Last Updated

വടകര: നാരായണ നഗറിലെ വിവാദ ബി ഒ ടി വ്യാപാര സമുച്ചയത്തിന് വടകര നഗരസഭാ പിഴ ഒഴിവാക്കിയ നടപടിയില്‍ വിജിലന്‍സ് അന്വേഷണം ശക്തമാക്കി.
ബി ഒ ടി അടിസ്ഥാനത്തില്‍ പണിയുന്ന വെജിറ്റബിള്‍ 20 സൂപ്പര്‍ മാര്‍ക്കറ്റിന്റെ നിര്‍മാതാക്കളായ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോളിഡേ ഗൂപ്പിന് പിഴ ഒഴിവാക്കിയ നല്‍കിയ സംഭവത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി പി രഞ്ജിനി, സെക്രട്ടറി വി കെ രാജന്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു.
കേസിന്റെ നടപടിക്രമത്തിന്റെ ഭാഗമായി ഡി വൈ എസ് പി അശ്‌റഫിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യു ഡി എഫ്, എല്‍ ഡി എഫ് കൗണ്‍സിലര്‍മാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് മൊഴി രേഖപ്പെടുത്തി. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വിജിലന്‍സ്‌ന് കൈമാറിയത് നഗരസഭാ മുസ്‌ലിം ലീഗ് കൗണ്‍സിലര്‍ ടി കെ നാസറാണ്. ഹോളിഡേ ഗ്രൂപ്പ് പ്രതിനിധികളെയും വിശദമായ ചോദ്യം ചെയ്തു. അടുത്ത ദിവസം തന്നെ മുനിസിപ്പല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും.
2006 ഏപ്രില്‍ മൂന്നിനാണ് കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹോളിഡേ ഗ്രൂപ്പുമായി വെജിറ്റബിള്‍ മാര്‍ക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിട നിര്‍മാണത്തിന് കരാര്‍ ഒപ്പിടുന്നത്. കരാര്‍ വ്യവസ്ഥ പ്രകാരം 1.47 ഏക്കര്‍ സ്ഥലവും ബില്‍ഡിംഗ് പെര്‍മിറ്റും നഗരസഭ കമ്പനിക്ക് കൈമാറിയത്. നിശ്ചിത സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കമ്പനി നഗരസഭക്ക് പിഴ നല്‍കേണ്ടതാണ്. യഥാസമയം പണിപൂര്‍ത്തിയാക്കാന്‍ കബനിക്ക് കഴിയാതിരുന്നതിനെ തുടര്‍ന്ന് 96 ലക്ഷം രൂപ പിഴയടക്കാന്‍ അവര്‍ കൂട്ടാക്കിയില്ല.
പിന്നീട് പിഴ ഈടാക്കുന്ന വിഷയം നഗരസഭാ കൗണ്‍സിലില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ യു ഡി എഫ് കൗണ്‍സിലര്‍മാരുടെ വിജോയന കുറിപ്പോടെ വിഷയം സര്‍ക്കാറിലേക്കയക്കാന്‍ ഭരണകക്ഷി വോട്ടെടുപ്പിലൂടെ തീരുമാനം കൈക്കൊള്ളുകയായിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കാനും അധികാരം കൗണ്‍സിലിന് തന്നെ നല്‍കി സര്‍ക്കാര്‍ നഗരസഭക്ക് കത്തയച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗം ബഹളമയമാവുകയും പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് പിഴ പലിസ ഒഴിവാക്കി നല്‍കാന്‍ ഭരണപക്ഷം നടപടി സ്വീകരിച്ചു. വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും 17 കോടി രൂപയോളം വര്‍ധിച്ചു. ഈ തുകയാണ് പൂര്‍ണമായും ഒഴിവാക്കി നല്‍കിയത്.
ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടിനെ തുടര്‍ന്നും വിജിലന്‍സ് നടത്തിയ പരിശോധനയിലും ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചെയര്‍പേഴ്‌സനടക്കം മൂന്ന് പേര്‍ക്കെതിരെ കേസെടുത്തത്.
വിവാദ കെട്ടിടവും വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. അംഗീകരിച്ച പ്ലാനും ഇപ്പോഴത്തെ പ്ലാനും തമ്മില്‍ വ്യത്യാസമുള്ളതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിനിടയിലാണ് തിരക്കിട്ട് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സെപ്തംബര്‍ എട്ടിന് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. അഴിമതി കേസ് നിലനില്‍ക്കുന്നതിനാല്‍ ഉദ്ഘാടന പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യു ഡി എഫ് തീരുമാനിച്ചിരിക്കയാണ്.

Latest