രണ്ടാമത് യുവസംരംഭകത്വ സംഗമം 12ന് കൊച്ചിയില്‍

Posted on: September 1, 2015 10:37 pm | Last updated: September 1, 2015 at 10:37 pm

Yes can logo_കൊച്ചി: യുവസംരംഭകത്വ സംഗമത്തിന്റെ (യെസ്) രണ്ടാമത് പതിപ്പായ ‘യെസ് ക്യാന്‍ 2015’ നുള്ള തയ്യാറെടുപ്പുകള്‍ കെ എസ് ഐ ഡി സി പൂര്‍ത്തിയാക്കി. ഈ മാസം 12ന് കൊച്ചിയിലെ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയിലാണ് പരിപാടി.
കണക്ടിവിറ്റി ആന്‍ഡ് നെറ്റ്‌വര്‍ക്കിംഗ് (ക്യാന്‍) എന്നതാണ് ഇത്തവണത്തെ വിഷയം. രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളെ പരസ്പരവും എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍മാരുമായും മികച്ച രീതിയില്‍ ബന്ധിപ്പിക്കുകയും ഇന്‍കുബേറ്ററുകളെ ഒരു ശൃംഖലയാക്കുകയുമാണ് ലക്ഷ്യം. ഓരോ കോളജുകളില്‍ നിന്നും പത്ത് വിദ്യാര്‍ഥികളെയും മൂന്ന് പ്രതിനിധികളെയും പ്രത്യേകം ക്ഷണിച്ചാണ് യെസ് ക്യാന്‍ 2015 സംഘടിപ്പിക്കുന്നത്.
വിജയിച്ച സ്റ്റാര്‍ട്ടപ്പുകളുടെ സ്ഥാപകരും സംരംഭകരും മികച്ച പ്രൊഫഷനലുകളും അംഗങ്ങളായുള്ള ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ പ്രൊഡക്ട് ഇന്‍ഡസ്ട്രി റൗണ്ട്‌ടേബിള്‍ (ഐ എസ് പി ഐ ആര്‍ ടി), പി ഇ/വെന്‍ച്വര്‍ ക്യാപ്പിറ്റല്‍/എയ്ഞ്ചല്‍ ഫണ്ടിംഗ് സ്ഥാപനങ്ങള്‍ അംഗങ്ങളായുള്ള ഇന്‍ഡ്യ പ്രൈവറ്റ് ഇക്വിറ്റി ആന്‍ഡ് വെന്‍ച്വര്‍ ക്യാപ്പിറ്റല്‍ അസോസിയേഷന്‍ (ഐ വി സി എ) എന്നിവ കെ എസ് ഐ ഡി സിയെ പിന്തുണക്കും. യുവസംരംഭകരുമായി സംവദിക്കാന്‍ കഴിയുന്ന പ്രമുഖ സ്റ്റാര്‍ട്ടപ്പ് സ്ഥാപകരെയും സംരംഭകരെയും പി ഇ/വി സി/ എയ്ഞ്ചല്‍ ഫണ്ടിംഗ് ഏജന്‍സികളെയും ഇവര്‍ കൊണ്ടുവരും. പരിപാടിയുടെ ഘടന നിര്‍ണയിക്കുന്നതിലും ഇവരുടെ പിന്തുണയുണ്ടാകും.
12ന് രാവിലെ പത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംഗമം ഉദ്ഘാടനം ചെയ്യും. വ്യവസായ, ഐ ടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. തുടര്‍ന്നു നടക്കുന്ന സെഷനില്‍ വളര്‍ന്നുവരുന്ന സംരംഭകരുമായി വിജയകരമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ സ്ഥാപകരും വ്യവസായപ്രമുഖരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കും. രാജ്യത്തുടനീളമുള്ള മികച്ച സ്റ്റാര്‍ട്ടപ്പുകളുടെ സ്ഥാപകരെ കാണാനും അവരുമായി തങ്ങളുടെ ആശയങ്ങള്‍ പങ്കുവെക്കാനും യുവസംരംഭകര്‍ക്ക് സാധിക്കും. അതോടൊപ്പം ബിസിനസ് പ്രമുഖര്‍, വെന്‍ച്വര്‍ ക്യാപ്പിറ്റലിസ്റ്റുകള്‍, എയ്ഞ്ചല്‍ ഫണ്ടുകള്‍, കെ എസ് ഐ ഡി സി ഉന്നതര്‍ തുടങ്ങിയവരുമായി പരിപാടിക്കിടയില്‍ സംവദിക്കാനും പ്രതിനിധികള്‍ക്ക് അവസരമുണ്ടാകും.
കഴിഞ്ഞ തവണത്തേതുപോലെ ഇത്തവണയും സംഘടിപ്പിക്കുന്ന ഇന്നൊവേറ്റീവ് ഐഡിയ കോണ്ടസ്റ്റിലെ വിജയികള്‍ക്ക് ഉദ്ഘാടനച്ചടങ്ങില്‍ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. പത്ത് നൂതനാശയങ്ങളാണ് മത്സരത്തില്‍നിന്ന് തിരഞ്ഞെടുക്കുക. ഏറ്റവും മികച്ച ആശയത്തിന് ഒരുലക്ഷം രൂപയും രണ്ടാമത്തേതിന് 50,000 രൂപയും മൂന്നാമത്തേതിന് 30,000 രൂപയും സമ്മാനമായി ലഭിക്കും. മറ്റ് ഏഴ് ആശയങ്ങള്‍ക്ക് 25,000 രൂപ വീതം പ്രോത്സാഹന സമ്മാനമായും നല്‍കും. 517 ആശയങ്ങളാണ് ഇതിനോടകം ലഭ്യമായിട്ടുള്ളത്. സമ്മാനാര്‍ഹരെ കണ്ടെത്തുന്നതിനായി വ്യവസായ മേഖലയില്‍ നിന്നും സി ഐ ഐ, ടി ഐ ഇ എന്നിവയില്‍ നിന്നുമുള്ള വിദഗ്ധര്‍ ഇവ പരിശോധിച്ചു വരികയാണ്.