ഉപരാഷ്ട്രപതിയുടെ മുസ്‌ലിം അനുകൂല പ്രസ്താവനക്കെതിരെ സംഘ്പരിവാര്‍

Posted on: September 1, 2015 10:30 pm | Last updated: September 1, 2015 at 10:30 pm

hamid-ansari_13ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ മുസ്‌ലിം അനുകൂല പ്രസ്താവനക്കെതിരെ സംഘ്പരിവാര്‍ രംഗത്തുവന്നു. മുസ്‌ലിംകള്‍ നേരിടുന്ന സ്വത്വ, സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് ഉറച്ച നടപടി വേണമെന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ പ്രസ്താവനയാണ് വി എച്ച് പി ഉള്‍പ്പെടെയുള്ള സംഘടനകളെ പ്രകോപിപ്പിച്ചിരുക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാറിന്റെ ഔദ്യോഗിക ലക്ഷ്യങ്ങളിലൊന്നായ ‘എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസന’ത്തെ ( സബ്കാ സാത്ത്, സബ്കാ വികാസ്) മുന്‍നിര്‍ത്തി ഇക്കാര്യങ്ങളില്‍ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മജ്‌ലിസ് ഇ മുഷാവറാത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ സംസാരിക്കവെയാണ് ഉപരാഷ്ട്രപതി മുസ്‌ലിംകളുടെ പുരോഗതിക്കാവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് നിര്‍ദേശിച്ചത്. പിന്നാക്കാവസ്ഥയും നീതി നിഷേധവും വിവേചനവുമുള്‍പ്പെടെ പ്രശ്‌നങ്ങളില്‍ എത്രയും വേഗത്തില്‍ അനുയോജ്യ നടപടിയുണ്ടാകണം. നിര്‍ണായക സ്ഥാനങ്ങളിലും രാജ്യ സമ്പത്തിലും തുല്യ പങ്കാളിത്തം ഉറപ്പുവരുത്താനും ശാക്തീകരണ പ്രശ്‌നത്തെ നേരിടാനും പദ്ധതി രൂപവത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്താവന ഉപരാഷ്ട്രപതിയുടെ ഓഫീസിന് ചേര്‍ന്നതല്ലെന്നും വര്‍ഗീയപരമാണെന്നും വി എച്ച് പി പ്രസ്താവനയില്‍ വ്യക്തമാക്കി. രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ള പ്രസ്താവനയാണിത്. ലോകത്തെ മറ്റ് മുസ്‌ലിം രാജ്യങ്ങളിലേതിനേക്കാള്‍ കൂടുതല്‍ ഭരണഘടനാ അവകാശങ്ങള്‍ അവര്‍ ഇന്ത്യയില്‍ അനുഭവിക്കുന്നുണ്ടെന്ന് വി എച്ച് പി വൈസ് പ്രസിഡന്റ് സുരേന്ദ്ര ജയിന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ‘നിര്‍ഭാഗ്യകരമായ’ പ്രസ്താവനയില്‍ ഉപരാഷ്ട്രപതി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.