കുത്തുപാള അഥവാ പിച്ചച്ചട്ടി

Posted on: July 30, 2015 5:50 am | Last updated: July 29, 2015 at 11:50 pm

KSRTC-KNRകണ്ടക്ടര്‍ അടുത്തുവന്ന് ഇറങ്ങേണ്ട സ്ഥലം ചോദിച്ചു, അയാള്‍ സ്ഥലം പറഞ്ഞുകൊടുത്തു.
കണ്ടക്ടര്‍ ടിക്കറ്റ് മെഷീനില്‍ വിരലമര്‍ത്തി, ചില നിമിഷങ്ങള്‍- ചെറുശബ്ദത്തോടെ മെഷീന്‍ നാക്കുനീട്ടി. കണ്ടക്ടര്‍ അതു മുറിച്ചെടുത്തു. പിന്നെ പോക്കറ്റില്‍ നിന്ന് ഒരു ടിക്കറ്റ് പാഡെടുത്ത് അതില്‍ നിന്ന് ഒരെണ്ണം അടയാളപ്പെടുത്തി രണ്ടു ടിക്കറ്റും ചേര്‍ത്തുപിടിച്ച് അയാള്‍ക്കു കൊടുത്തു.
അയാള്‍ക്കൊപ്പം കുഞ്ഞുമോനും ഉണ്ടായിരുന്നു, അവനു കൗതുകമായി.
അവന്‍ ചോദിച്ചു:
”അച്ഛാ അച്ഛാ, എന്തിനാ ഒരു യാത്രയ്ക്ക് രണ്ടു ടിക്കറ്റ്!?
അയാള്‍ പറഞ്ഞു:
”മോനെ, ആ മെഷീന്‍ തൊണ്ടയനക്കിത്തുപ്പിയ 55 രൂപയുടെ ചെറു ടിക്കറ്റാണു നാം യാത്ര ചെയ്യുന്നതിനുള്ള ശരിയായ ടിക്കറ്റ്. രണ്ടാമത്തേതു ‘പിച്ചക്കാശി’നുള്ള ടിക്കറ്റാ.”
കുഞ്ഞുമോനു പിടികിട്ടിയില്ല.
അയാള്‍ ചോദിച്ചു:
”പിച്ചപ്പാള പിച്ചപ്പാള എന്നു മോന്‍ കേട്ടിട്ടുണ്ടോ?”
കുഞ്ഞുമോന്‍ കണ്ണടച്ച് ആലോചിച്ചുനോക്കി- ഒരെത്തും പിടിയും കിട്ടുന്നില്ല.
അയാള്‍ വീണ്ടും ചോദിച്ചു:
”കുത്തുപാള എന്നു കേട്ടിട്ടുണ്ടോ?”
കുഞ്ഞുമോന്‍ പുകഞ്ഞുനോക്കി- ശരിയാവുന്നില്ല. അവനു കവുങ്ങിന്റെ പാള എന്താണെന്നറിയാം.
”കവുങ്ങിന്റെ മോളീന്നു വീഴുന്ന…”
”അല്ല.”
അയാള്‍ ഒരവസാനശ്രമം നടത്തി നോക്കി:
”കുട്ടാ, നീ പിച്ചച്ചട്ടി എന്നു കേട്ടിട്ടുണ്ടോ?”
ഇപ്പോള്‍ കുഞ്ഞുമോനു പിടികിട്ടിത്തുടങ്ങി, അവന്‍ തലയാട്ടി:
”നമ്മുടെ വീട്ടില് വരുന്ന പിച്ചക്കാര് നീട്ടിപ്പിടിച്ചു കാണിക്ക്ണ ആ വൃത്തികെട്ട പാത്രല്ലേ; അതല്ലേ അച്ഛാ?”
”മിടുക്കന്‍, അതു തന്നെ. അതാണു കുട്ടാ ഈ രണ്ടാമത്തെ ടിക്കറ്റ്.”
അപ്പോള്‍ കുഞ്ഞുമോനു സംശയം:
”അതെന്താ അച്ഛാ, വീട്ടില്‍ വരുന്ന പിച്ചക്കാരുടെ പാത്രം വേറെയും ഇതു വേറെയും?”
അച്ഛന്‍ കുഴങ്ങി, ഇതെങ്ങനെ ഈ ചെറുക്കനെ പറഞ്ഞു മനസ്സിലാക്കും.
”മോനെ, മോന്‍ പോസ്റ്റ് മോഡേണ്‍- അത്യാധുനികം എന്നൊക്കെ കേട്ടിട്ടുണ്ടോ?”
ഉണ്ടെന്നോ ഇല്ലെന്നോ അവനു പറയാനായില്ല. അയാള്‍ തെളിവ് ഹാജരാക്കി:
”നമ്മള്‍ ബസില്‍ കയറിയപ്പോള്‍ അച്ചടിച്ച കാര്‍ഡുമായി ഒരു സ്ത്രീ വന്നു ‘വല്ലതും തരണേ’ എന്നു തെണ്ടുന്നതു നീ കണ്ടില്ലേ? അതുപോലൊരു സൂത്രമാണു കുട്ടാ ഇത്.”
യു കെ ജിക്കാരനു പിന്നേം സംശയം:
”അപ്പോ ഇതില് ‘cess’ എന്നാണല്ലോ അച്ഛാ എഴുതിയിരിക്കുന്നത്?”
”സെസ്സ് എന്നാല്‍ ‘ഒരു സങ്കടഹരജി, അഭ്യര്‍ഥന, സഹായിക്കണേ’ എന്നൊക്കെ അര്‍ഥമുണ്ട് കുട്ടാ! അങ്ങ് അമേരിക്കയില് സായിപ്പന്മാര്‍ കണ്ടുപിടിച്ചതല്ല. തിരുവനന്തപുരത്തെ ഹെഡാഫീസിലെ സായിപ്പന്മാര്‍ കണ്ടുപിടിച്ചതാ… ”
യു കെ ജിയുടെ തലയില്‍ ശരിക്കും കയറിയില്ല; എന്നാലും അവന് എന്തെല്ലാമോ മനസ്സിലായി.
അയാള്‍ ഒന്നുകൂടി വിശദീകരിച്ചു:
”മോനെ! ഈ ടിക്കറ്റിലെ അക്കങ്ങള്‍ കണ്ടില്ലേ, അതിനൊക്കെ വലിയ വലിയ അര്‍ഥങ്ങളുണ്ട്. ‘സര്‍ക്കാര്‍ വിലാസം ശകട’ത്തിന്റെ പരമദയനീയാവസ്ഥയെക്കുറിച്ചുള്ള സൂചനകളാണ് ഈ ചതുരക്കള്ളികളില്‍ കാണുന്ന ഓരോ അക്കങ്ങളിലും ഉള്ളടങ്ങിയിരിക്കുന്നത്.”
”അതെന്താ അച്ഛാ…!”
”പറയാം, ഈ അക്കങ്ങളുടെയെല്ലാം പൊരുള്‍ കൂട്ടിവായിച്ചാല്‍ താഴെ പറയുന്ന ആശയങ്ങള്‍ കിട്ടും-
മാന്യമഹാ ജനങ്ങളേ!
കെ എസ് ആര്‍ ടി സി എന്ന സര്‍ക്കാര്‍ മഹാശകടം കമ്പനിയെ ഞങ്ങള്‍ ഭരിച്ചു മുടിച്ചു തുലച്ചു കുഴിതോണ്ടിയിരിക്കുന്നു.
യാത്രക്കാരെ കണ്ടാല്‍ ഇരട്ടബെല്ലടിച്ചു വിരണ്ടോടും(ഇപ്പോള്‍ ശമനമുണ്ട്).
ഓരോന്നും ഈരണ്ടും കൂട്ടമായും പരിശോധകരെ റോഡിലിറക്കി ബസ്സായ ബസ്സുകളെല്ലാം ദിവസം നാലു നേരം വീതം പരിശോധിക്കുന്നു. ഇങ്ങനെ നാലു രൂപ ടിക്കറ്റ് കൃത്രിമം കണ്ടുപിടിക്കാന്‍ ലക്ഷങ്ങള്‍ ശമ്പളം കൊടുക്കുന്നു.
മുക്കിനു മുക്കിനു ഡിപ്പോകള്‍ തുറക്കുന്നു. ഓരോന്നിലും പത്തിരുപതു പേരെ വിശേഷിച്ചു പണിയൊന്നുമില്ലാതെ, മേശമേല്‍ കാലു കയറ്റിവച്ച് ഉറങ്ങി ഡ്യൂട്ടിയാക്കി ശമ്പളം കൊടുക്കുന്നു.
ബസ് വാങ്ങുന്നിടത്തു മുതല്‍ ബെല്ലടിക്കാനുള്ള കയറ് വാങ്ങുന്നിടത്തുവരെ കമ്മീഷന്‍ വ്യവസായം, അതങ്ങനെ തഴച്ചുവളര്‍ന്നിരിക്കുന്നു.
സമരം ഒന്നിന് ഒരാനുകൂല്യം എന്ന തോതില്‍ പലതരം ആനുകൂല്യങ്ങള്‍ കൂട്ടിക്കൂട്ടിക്കൊടുത്തു പണിയെടുക്കുന്നവരങ്ങു സുഖിച്ചു.
സ്വകാര്യ ബസുകളോടാന്‍ എണ്ണയടിച്ചാല്‍ മതി. ഞങ്ങളുടെ ആന ബസോടാന്‍ പെന്‍ഷന്‍ കൂടി അടിക്കണം! അങ്ങനെ പെന്‍ഷനടിച്ചടിച്ച് കൂലിയേക്കാളേറെ പെന്‍ഷനായി. ഇപ്പോള്‍ മൊത്തം ഞങ്ങളുടെ കമ്പനിയങ്ങു പെന്‍ഷനായി…”
അയാള്‍ ഇടയ്ക്കു നിറുത്തി ചോദിച്ചു: ”മോന് അച്ഛന്‍ പറയുന്നതു മനസ്സിലാകുന്നുണ്ടോ?”
അവനു ബോറടിച്ചു തുടങ്ങിയിരുന്നു. എന്നാലും അവന്‍ ‘അതെ’യെന്നു തലയാട്ടി.
അയാള്‍ തുടര്‍ന്നു:
”മോനേ, ഈ ചിണുങ്ങാത്തുണ്ട് കടലാസു ചട്ടിക്കു പകരം സാക്ഷാല്‍ പിച്ചച്ചട്ടി തന്നെ ഇറക്കാനായിരുന്നു കമ്പനി ആദ്യം ആലോചിച്ചത്, പത്തു മുപ്പതിനായിരം ചട്ടിക്കു ടെന്‍ഡര്‍ കൊടുത്തതുമാണ്.
ആദ്യം ബസില്‍ കയറി എല്ലാവര്‍ക്കും ടിക്കറ്റ് കൊടുക്കും. പിന്നെ ടിക്കറ്റ് മെഷീനും കാശ് ബാഗും സുരക്ഷിതമായി ഒരിടത്തു വച്ചശേഷം ചട്ടി കൈയിലെടുക്കും. എന്നിട്ടു പാട്ടു തുടങ്ങും-
‘ഒരു കാശ് ഒരു കാശ് ഒരു കാശ് തരണേ…,
ഒരുപിടി പെന്‍ഷനുള്ള കാശ് തരണേ…’
പക്ഷേ, പണി പാളി. കൂട്ടിയിരുത്തി പാടിച്ചു നോക്കുമ്പോള്‍ ഒരെണ്ണത്തിനും സ്വരശുദ്ധിയില്ല. യാത്രക്കാരോടു തര്‍ക്കിച്ചും വഴക്കിട്ടും ഉള്ള ശുദ്ധി പോയിരിക്കുന്നു. ഒരാശങ്ക വേറെയും; പാട്ടുകേട്ടു സമനില തെറ്റി വല്ല യാത്രക്കാരനും പുറത്തേക്കെടുത്തുചാടി രക്ഷപ്പെടാന്‍ ശ്രമിച്ചാലോ? നഷ്ടപരിഹാരത്തുക കോടികളാണ് ഇപ്പോള്‍ തന്നെ കുടിശ്ശികയുള്ളത്. ഒരു പാട്ടു ദുരന്തം കൂടി സംഭവിച്ചാല്‍ സ്റ്റാന്‍ഡില്‍ ഇറങ്ങിയിരുന്നു പാട്ടു പാടേണ്ടതായി വരും. അതോണ്ട് മാത്രം വേണ്ടെന്നുവച്ചു.”
”പറേണത് മോനു മനസ്സിലാകുന്നുണ്ടോ?”
കുഞ്ഞുമോനു ശരിക്കും മുശിഞ്ഞു, അവന്‍ പറഞ്ഞു: ”മതിയച്ഛാ, നമുക്കിനി ടിന്റുമോന്റെ കഥ പറയാം…”
(ഒ എം തരുവണ, ഫോണ്‍: +91 9400501168)