Connect with us

Articles

അവര്‍ കണ്ടപ്പോള്‍

Published

|

Last Updated

കാന്തപുരം: മര്‍കസിലേക്ക് അങ്ങയെ ഞാന്‍ സ്വാഗതം ചെയ്യുന്നു. വ്യതിരിക്തവും കൃത്യതയുമാര്‍ന്ന ബൃഹത്തായ ഒരു ഉള്‍ക്കാഴ്ചയുടെ സഹചാരിയാണ് താങ്കള്‍. ജീവിതാഭിമാനമായ ഭാരതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ കൃത്യമായി പരീക്ഷിച്ചറിഞ്ഞ ഒരു ശാസ്ത്രജ്ഞന്‍. ജീവിതത്തെ തന്റെ പരീക്ഷണശാലയാക്കിത്തീര്‍ത്തത് കൊണ്ടായിരുന്നല്ലോ താങ്കള്‍ക്ക് മാത്രം അവകാശപ്പെടാന്‍ സാധിക്കുംവിധം മാതൃരാജ്യത്തിന്റെ നിസ്തുലമായ പുരോഗതിയില്‍ അങ്ങയുടെ നാമം അലങ്കാരമായി മാറിയിരിക്കുന്നത്. രാജ്യപൗരനെന്ന നിലയില്‍ സ്വപ്‌നങ്ങള്‍ നെയ്തും വിജയശ്രീലാളിതനാവുന്ന അങ്ങ്, ഈ മര്‍കസെന്ന മഹാ സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?
കലാം: നാം ഒരു ഭാരതീയനാണ് എന്ന വിചാരമാണ് നമുക്ക് അഭിമാനം നല്‍കുന്ന പ്രഥമ കാര്യം. എല്ലാ ഭാരതീയരും പരസ്പര സഹോദരന്മാരാണ്. നമ്മുടെ ഭാവിയെ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളാണ് രാജ്യത്തെ ഇത്രവരെ പുരോഗതിയിലേക്ക് നയിച്ചത്. പക്ഷേ, ഇനിയും കാതങ്ങള്‍ താണ്ടാനുണ്ട്. ദിശയറിയാതെ പൗരന്മാര്‍ വഴിതെറ്റുന്നിടത്താണ് രാജ്യത്തിന്റെ പിന്നാക്കാവസ്ഥ ദൃശ്യമാകുക. താങ്കളെപോലുള്ള കര്‍മധീരര്‍ മുന്നോട്ട് വന്നതും കൃത്യമായ വൈജ്ഞാനിക ചുവടുവെപ്പുകള്‍ക്ക് നാന്ദികുറിച്ചതും അറിഞ്ഞപ്പോള്‍ വല്ലാത്ത അഭിമാനവും സന്തോഷവുമുണ്ട്. ഈ മര്‍കസെന്ന സമുച്ചയം എന്നെ വല്ലാതെ ആകര്‍ഷിച്ചു. മനോഹരമായ സൗധങ്ങളും കൃത്യമായ യൂണിഫോം ധരിച്ച വിദ്യാര്‍ഥികളും ഒരു നവ്യാനുഭവം എനിക്ക് സമ്മാനിക്കുന്നു. ആഗോളതലത്തില്‍ നിരവധി വൈജ്ഞാനിക ഗവേഷണ പാഠശാലകളില്‍ ഞാന്‍ ക്ലാസെടുക്കാനും സന്ദര്‍ശനത്തിനും പോയിട്ടുണ്ട്. പക്ഷേ, ഇത് പോലുള്ള ഒരു ചിട്ടയാര്‍ന്ന വിദ്യാര്‍ഥി സദസ്സ്, വിശേഷിച്ചും അഭ്യസ്തവിദ്യരായ മുസ്‌ലിം സഹോദരന്മാര്‍ തിങ്ങിനിറഞ്ഞ സദസ്സ് ആദ്യമാണ്.
കാന്തപുരം: “മര്‍കസ്” എന്ന വിശാല സ്വപ്‌നം എന്നില്‍ മുളപൊട്ടുന്നതില്‍ വലിയ ഒരു പങ്ക് വഹിച്ച സ്ഥാപനമായിരുന്നു ബാഖിയാത്തുസ്സ്വാലിഹാത്ത്. എന്റെ ഉപരിപഠനം പൂര്‍ത്തിയാക്കി ബിരുദം കരസ്ഥമാക്കാന്‍ ഞാനവിടെ ഉണ്ടായിരുന്നു. തമിഴ്‌നാടിന്റെ പാരമ്പര്യ ചരിത്രത്തില്‍ ഇസ്‌ലാമിന് നല്‍കിയ അതുല്യ സേവനങ്ങളില്‍ പ്രധാനമാണ് ഈ മതകലാശാല. തമിഴ്‌നാടിന്റെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ഇസ്‌ലാം നല്‍കിയ സംഭാവനകളും നിസ്തുലമാണല്ലോ. അങ്ങയുടെ മുസ്‌ലിം പാരമ്പര്യത്തെക്കുറിച്ചും ഉന്നതരായ മുസ്‌ലിം പൂര്‍വപിതാക്കളെക്കുറിച്ചും വായിച്ചറിഞ്ഞിട്ടുണ്ട് ഞാന്‍. ഇത്തരം ഒരു പരമ്പരാഗത മുസ്‌ലിം കുടുംബത്തിന്റെ സ്വാധീനം താങ്കളുടെ ഭാവി നിര്‍ണയിക്കുന്നതില്‍ എത്രമാത്രം പങ്ക് വഹിച്ചിട്ടുണ്ടാകും?
കലാം: പരമ്പരാഗത മതവിശ്വാസികളായിരുന്നു ഞങ്ങളുടെ കുടുംബം. ഇസ്‌ലാം മത ചിട്ടകളില്‍ കൃത്യവും സ്പഷ്ടവുമായ കാഴ്ചപ്പാടുള്ള ആളായിരുന്നു എന്റെ പിതാവ് ജൈനുല്‍ ആബിദീന്‍. ഇളംപ്രായത്തിലേ പള്ളികളിലേക്കും മതപരമായ ചടങ്ങുകളിലേക്കും കൈപിടിച്ചു കൊണ്ടുപോയ ആ ഓര്‍മകള്‍ ഉള്‍പുളകം നല്‍കുന്നതാണ്. പിതാവിനെപ്പോലെ തന്നെ മാതാവും മതചിട്ടകളില്‍ അത്യുത്സുകയായിരുന്നു. രാമേശ്വരം ക്ഷേത്രത്തിലേക്ക് ഞങ്ങളുടെ വീട്ടില്‍ നിന്ന് കഷ്ടിച്ച് പത്ത് മിനുട്ട് നടക്കാനേ ഉണ്ടായിരുന്നുള്ളൂ. മുസ്‌ലിംകള്‍ ഭൂരിപക്ഷമായിരുന്നു ഞങ്ങളുടെ പ്രദേശത്തെങ്കിലും എല്ലാ മതങ്ങളുമായി നല്ല ബഹമാനത്തിലും ആദരവിലുമായിരുന്നു. പിതാവിന്റെ കൂടെ സായാഹ്നങ്ങളില്‍ പള്ളികളില്‍ പോകുമ്പോള്‍ കേള്‍ക്കാറുണ്ടായിരുന്ന അറബി പ്രാര്‍ഥനകള്‍; അത് കേള്‍ക്കുമ്പോള്‍ സ്വയം നാം ദൈവസന്നിധിയിലെത്തുന്നു എന്ന തോന്നല്‍ സമ്മാനിച്ചിട്ടുണ്ട്. പ്രാര്‍ഥന കഴിഞ്ഞ് പുറത്തിറങ്ങുന്ന പിതാവിന്റെ അടുത്തേക്ക് സമീപത്തെ നിരവധിയാളുകള്‍ ചെറിയ മൊന്തകളില്‍ വെള്ളം നിറച്ച് മന്ത്രിക്കാന്‍ വരുമായിരുന്നു. ഉപ്പ അതില്‍ ഒരു പ്രാര്‍ഥന ചൊല്ലി മന്ത്രിച്ചൂതും. അത് കഴിച്ച് രോഗശാന്തി ലഭിച്ച ചിലര്‍ നന്ദി പറയാനായി വീട്ടില്‍ വരാറുണ്ടായിരുന്നു. പിതാവിന്റെ മതനിഷ്ഠ തുടിക്കുന്ന ഒരു അനുഭവം പറയാം. തുമ്പയില്‍ സ്ഥാപിതമായ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനില്‍ 1962ല്‍ ഞാന്‍ നിയമിതനായി. എന്റെ വീഥിയിലെ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു ഇത്. താമസിയാതെ, സൗണ്ടിംഗ് റോക്കറ്റുകളെക്കുറിച്ച് പഠിക്കാനായി അമേരിക്കയിലെ നാസയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തില്‍ എനിക്കും ഇടം കിട്ടി. ആറ് മാസത്തെ പരിശീലന പരിപാടിയാണിത്. വിദേശയാത്രക്ക് മുമ്പ് ജന്മദേശമായ രാമേശ്വരത്തെത്തി. എനിക്ക് ലഭിച്ച സൗഭാഗ്യം അറിഞ്ഞ് എന്റെ പിതാവ് എന്നെയും കൂട്ടി നേരെ സമീപത്തെ പള്ളിയിലേക്ക് പുറപ്പെട്ടു. കൃതജ്ഞതാ സൂചകമായി ദൈവത്തിന് മുമ്പില്‍ ഞങ്ങള്‍ നിസ്‌കാരത്തിലേര്‍പ്പെട്ടു. പിതാവിന്റെ ഇസ്‌ലാമിനോടുള്ള തീവ്രമായ അടുപ്പം ഞങ്ങളുടെ പ്രദേശത്തെ ഇസ്‌ലാമിക ചൈതന്യത്തിന്റെ വിളക്ക് കെടാതെ സൂക്ഷിക്കാന്‍ കാരണമായി. അതുകൊണ്ട് തന്നെ ഞാന്‍ ഇപ്പോഴും പ്രഭാത നിസ്‌കാരങ്ങള്‍ നിര്‍വഹിക്കാറുണ്ട്. നോമ്പനുഷ്ഠിക്കുന്നതും എന്റെ പതിവാണ്.
കാന്തപുരം: താങ്കളെ വല്ലാതെ സ്വാധീനിച്ച ആശയസംഹിതയാണ് ഖുര്‍ആനെന്ന് ഞാനെവിടെയോ വായിച്ചിട്ടുണ്ട്. വിശേഷിച്ചും ഖുര്‍ആനിലെ ആത്മീയാധ്യായങ്ങള്‍. അത്ഭുതകരമായ ജീവിതവഴികളില്‍ ഈ ദൈവിക വചനങ്ങള്‍ക്ക് എത്രമാത്രം സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകും?
കലാം: ആത്മീയത പലപ്പോഴും എനിക്കിഷ്ടമുള്ള വിഷയമാണ്. ഒട്ടുമിക്ക ദിനങ്ങളിലും ഞാന്‍ ഖുര്‍ആന്‍ വായിക്കാറുണ്ട്. നന്മകള്‍ ഉദ്‌ഘോഷിക്കുന്ന ബൃഹത്തായ സംഹിതയാണല്ലോ ഖുര്‍ആന്‍. മനുഷ്യനെ മനുഷ്യനായി കാണാന്‍ ആദ്യാക്ഷരം മുതല്‍ ഇതില്‍ നിര്‍ദേശമുണ്ട്. ഓരോ വിശ്വാസിയും അവരവരുടെ ധര്‍മഗ്രന്ഥങ്ങള്‍ ഉപേക്ഷിച്ച് വ്യക്തിതാത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമ്പോഴാണ് അന്തഃഛിദ്രത ഉത്ഭവിക്കുന്നത്. തമിഴ് സാഹിത്യത്തിലെ അനുപേക്ഷണീയമായ “തിരുക്കുറളുകള്‍” എനിക്കിഷ്ടമുള്ള മേഖലയാണ്. ശ്രീ തിരുവള്ളുവരാണല്ലോ ഇതിന്റെ ഉപജ്ഞാതാവ്. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരചിതമായ ഈ സംഹിതയിലെ 133 അധ്യായങ്ങളും മനുഷ്യന്റെ സ്വഭാവ സംസ്ഥാനപനത്തിനുതകുന്നതാണ്. അതുകൊണ്ടാണല്ലോ പൊതുവെ “പെയ്യാമൊഴി” (അസത്യം ചൊല്ലാത്ത ഗ്രന്ഥം)യെന്ന് ഇതിനെ വിളിച്ചത്. എനിക്കെപ്പോഴും പ്രചോദനമേകുന്ന ഒരു കുറളാണ് “ഇടുംബൈക്കു ഇടുംബൈ പടുപ്പര്‍ ഇടുംബൈക്കു ഇടുംബൈ പടാതവര്‍” (സങ്കടം അവര്‍ നേരിടും, സങ്കടത്തിലാക്കിടും, സങ്കടത്തിലുടയാത്ത മനം നേടുമാശ്വാസം) മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ആത്മീയതയെ വിദ്യാഭ്യാസവുമായി സംയോജിപ്പിക്കണം. ആത്മസാക്ഷാത്കാരത്തിലാണ് ശ്രദ്ധപതിപ്പിക്കേണ്ടത്. നമ്മുടെ സ്വത്വത്തെക്കുറിച്ച് നാമെല്ലാവരും ബോധവാന്മാരാകണം. മഹത്തായൊരു ഭൂതകാലത്തെയും ശോഭനമായ ഭാവിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികളാണ് നമ്മള്‍. നമ്മില്‍ അന്തര്‍ലീനമായിരിക്കുന്ന ഊര്‍ജത്തെ പ്രോജ്ജ്വലിപ്പിച്ച് നമുക്ക് വഴികാട്ടാന്‍ അതിനെ അനുവദിക്കണം. ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്ന അത്തരം മനസ്സുകളില്‍ നിന്ന് പ്രസരിക്കുന്ന തേജസ്സ് രാഷ്ട്രത്തിന് സമാധാനവും സമൃദ്ധിയും ധന്യതയും കൈവരുത്തും.
കാന്തപുരം: താങ്കളുടെ വ്യക്തിപ്രഭാവം കൂടുതല്‍ പ്രചോദനമേകുന്നത് യുവതലമുറക്കാണ്. കൃത്യമായ ഉന്നങ്ങള്‍ സ്ഥാപിച്ച് വിദ്യാര്‍ഥി കേന്ദ്രീകൃത പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലും യുവതയെ അതിലേക്ക് ആകര്‍ഷിപ്പിക്കുന്നതിലും അമൂല്യമായ ഒരു കഴിവാണ് താങ്കള്‍ക്കുള്ളത്. ക്രിയാത്മകമായ ഒരു സമൂഹത്തിന്റെ ഉയര്‍ച്ച നാമ്പിടുന്നത് ഇളം മനസ്സുകളിലാണെന്നതില്‍ സംശയമില്ലല്ലോ. മില്യന്‍ കണക്കിന് വിദ്യാര്‍ഥികളുമായുള്ള ഈ സംവാദങ്ങളെ എങ്ങനെയാണ് താങ്കളില്‍ പ്രതിഫലനമുളവാക്കുന്നത്?
കലാം: 1999ല്‍ ശാസ്ത്ര ഉപദേശക സ്ഥാനം രാജിവെച്ച ഉടനെ മനസ്സില്‍ നിന്നെടുത്ത തീരുമാനമായിരുന്നു വളര്‍ന്നുവരുന്ന ഇളംമനസ്സുകളില്‍ ശാസ്ത്ര വിഷയങ്ങളുടെ പ്രാധാന്യം വരച്ചിടുകയെന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ ഒരു ലക്ഷത്തിലധികം കുട്ടികളുമായി വിവിധ ഭാഗങ്ങളില്‍ നിന്നായി ഇടപഴകാനും സംവദിക്കാനും സാധിച്ചു. എനിക്കേറ്റവും സന്തുഷ്ടി കൈവരുന്ന സമയം വിദ്യാര്‍ഥികളുമായുള്ള ഇത്തരം സംബോധനകളാണ്. ഞാന്‍ രാഷ്ട്രപതി ഭവനിലിരുന്ന കാലത്തും ഇപ്പോഴും നിരവധി സ്ഥാപനങ്ങളില്‍ ക്ലാസെടുക്കാന്‍ സംബന്ധിക്കാറുണ്ട്. അഹമ്മദാബാദിലെയും ഇന്‍ഡോറിലെയും ഉള്‍പ്പെടെ മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ നിന്നും (ഐ ഐ എം, ഐ ഐ ടി) പുതിയ ടാലന്റുകള്‍ നിര്‍മിച്ചെടുക്കാന്‍ നമുക്കാകും. താങ്കളുടെ സ്ഥാപനമായ ഈ മര്‍കസ് ഒരു “ടാലന്റ് ഹബ്” ആണെന്ന് ഉറപ്പിച്ചുപറയാനാകും. ശാസ്ത്ര വിഷയങ്ങളും മാനവിക വിഷയങ്ങളും തുല്യപ്രാധാന്യത്തോടെ ഇവിടെ നല്‍കുന്നു. നേരത്തെ വിദ്യാര്‍ഥികളുമായി നടന്ന ആശയസംവാദങ്ങളില്‍ എത്ര കൃത്യമായ ചോദ്യങ്ങളായിരുന്നു അവര്‍ ഉയര്‍ത്തിയത്? ഒരിക്കല്‍ ഹൈദരാബാദില്‍ വിദ്യാര്‍ഥികളുമായി സംവദിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു പെണ്‍കുട്ടി എന്നോട് ഓട്ടോഗ്രാഫ് ചോദിച്ചു. പ്രത്യുത്തരമെന്നോണം ഞാന്‍ തിരിച്ചുചോദിച്ചു: “നിന്റെ ജീവിതലക്ഷ്യമെന്താണ്?” ശങ്കയൊന്നുമില്ലാതെ ആ മിടുക്കി പറഞ്ഞു: “പൂര്‍ണമായും വികസിച്ച ഭാരതത്തില്‍ എനിക്ക് ജീവിക്കണം”. വളര്‍ന്നുവരുന്ന ഇളം ബാല്യങ്ങളില്‍ പോലും ഒരു വികസിത ഇന്ത്യയെന്ന സ്വപ്‌നം താലോലിക്കുന്നത് പ്രതീക്ഷയുളവാക്കുന്ന കാര്യമാണ്. വിദ്യാര്‍ഥികള്‍ക്ക് നാമൊരു പ്രചോദനമാകണം. പരാജയക്കയത്തില്‍ വീഴുന്നവരെ കൈപിടിച്ചുയര്‍ത്താന്‍ കഴിയണം. ആ യത്‌നത്തിന് മര്‍കസ് പോലുള്ള ഉദ്യമങ്ങള്‍ മുന്നോട്ട് വരണം. ഒരിക്കല്‍ ബംഗളൂരുവില്‍ കുറെ വിദ്യാര്‍ഥികളുടെകൂടെ ഞാനും എന്റെ കൂട്ടുകാരനും യാത്ര ചെയ്യുകയാണ്. തത്വജ്ഞാനിയും ചിന്തകനുമായ സുഹൃത്തിന്റെ ഉപദേശം ഞാന്‍ തേടി. അയാള്‍ ചില മൊഴിമുത്തുകള്‍ പറഞ്ഞുതന്നു: “നിങ്ങള്‍ സംസാരിക്കുമ്പോള്‍ സത്യം പറയുക. പറയുന്നത് പ്രവര്‍ത്തിക്കുക, വിശ്വാസ്യത പുലര്‍ത്തുക, അക്രമിക്കാന്‍ കൈ ഉയര്‍ത്താതിരിക്കുക, നിയമവിധേയമല്ലാത്തതോ ചീത്തയോ ആയ ഒന്നും കൈപ്പറ്റാതിരിക്കുക. സത്കര്‍മങ്ങളെന്തെന്ന് താങ്കള്‍ക്കറിയുമോ? മനുഷ്യമനസ്സിനെ സന്തോഷിപ്പിക്കുക, വിശക്കുന്നവനെ ഊട്ടുക, പീഡിതനെ സഹായിക്കുക, ദുഃഖിതന്റെ ദുഃഖത്തിന് ശമനം വരുത്തുക, മുറിവേറ്റവനെ ആശ്വസിപ്പിക്കുക, ദൈവത്തിന്റെ സൃഷ്ടികളെല്ലാം ഒരേ കുടുംബാംഗങ്ങളാണ്. സൃഷ്ടികള്‍ക്ക് കൂടുതല്‍ നന്മ ചെയ്യുന്നവന്‍ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവനാകും.” അര്‍ഥഗര്‍ഭമായ ഈ മൊഴിമുത്തുകള്‍ എന്നില്‍ വല്ലാത്ത ആത്മഹര്‍ഷമുളവാക്കി. ഈ ആകര്‍ഷണീയ വാക്കുകള്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടേതാണെന്നറിഞ്ഞപ്പോള്‍ അതിലേറെ സന്തോഷം. തമിഴ്‌നാട്ടിലെ അറിയപ്പെട്ട വേദപണ്ഡിതനായ ഒരു മഹാന്റെ ചെറുമകനായ വൈ എസ് രാജനാണ് എന്നോടിങ്ങനെ പറഞ്ഞ എന്റെ സ്‌നേഹിതന്‍.

apj-4
കാന്തപുരം: താങ്കള്‍ വാചാലനാകുന്ന വികസിത ഇന്ത്യയെന്ന സ്വപ്‌നം പക്ഷേ, ഇന്ത്യയുടെ സമകാലിക സാഹചര്യത്തില്‍ എത്രത്തോളം സാധ്യമാകുമെന്ന് കണ്ടറിയണം. രാഷ്ട്രീയ രംഗം ഇനിയും തെളിഞ്ഞുവരാനുണ്ട്. അഴിമതിയും പക്ഷപാതിത്വവും സാമ്പത്തിക രംഗത്തെ തകര്‍ക്കുന്നു. രാജ്യപുരോഗതി എന്ന അങ്ങയുടെ വിശാലവും ആത്മാര്‍ഥവുമായ തീവ്രസ്വപ്‌നത്തിന് മുഖ്യമായും വേണ്ട ഒരു ഘടകമാണല്ലോ മാനുഷിക വിഭവങ്ങള്‍. നമ്മുടെ ഭരണകൂടം ഈ മേഖലയിലെ പരിപോഷണത്തിനായി വലിയ സേവനങ്ങള്‍ നല്‍കുന്നുമുണ്ട്. പക്ഷേ, നാം ഉത്പാദിപ്പിക്കുന്ന ഇത്തരം ടാലന്റുകളെ രാജ്യപുരോഗതിക്കാവശ്യമായ സേവനങ്ങള്‍ സമര്‍പ്പിക്കാന്‍ നമുക്ക് ലഭിക്കുന്നില്ലല്ലോ. ഇത് നമ്മുടെ വികസിത രാജ്യമെന്ന സ്വപ്‌നത്തിന് ഭീഷണിയല്ലേ? മറ്റൊരര്‍ഥത്തില്‍, ഈ മേഖലയില്‍ ഇന്ത്യന്‍ സംവിധാനങ്ങളുടെ ആസൂത്രണങ്ങള്‍ തകരുകയാണെന്ന് പറഞ്ഞുകൂടേ?
കലാം: ഇതൊരൂ പ്രതിസന്ധി തന്നെയാണ്. ഇന്ത്യന്‍ ബ്രെയിനുകള്‍ക്ക് മറ്റു രാജ്യങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും വിജയങ്ങള്‍ കീഴടക്കാനും സാധിക്കുന്നുണ്ട്. ചിദാനന്ദ രാജ്ഘട്ട എഴുതിയ “ദി ഹോഴ്‌സ്, ദാറ്റ് ഫഌ” എന്ന പുസ്തകം ഈയിടെ ഞാന്‍ വായിച്ചു. വിവരസാങ്കേതിക രംഗത്ത് പ്രത്യേകിച്ചും അമേരിക്കയില്‍ വിജയം വരിച്ച ഇന്ത്യക്കാരെക്കുറിച്ചാണതില്‍ പറയുന്നത്. പ്രാഗത്ഭ്യം തെളിയിച്ചവരെല്ലാം ഒറ്റയാന്മാരായല്ല പ്രവര്‍ത്തിച്ചതെന്ന വസ്തുത ഞാന്‍ ശ്രദ്ധിച്ചു. പക്ഷേ, വികസിത ഇന്ത്യ എന്ന നമ്മുടെ പുതിയ കടമ്പക്ക് മുന്നിലുള്ള പ്രതിസന്ധി ഇന്ത്യന്‍ ടാലന്റുകളെ എങ്ങനെ പിടിച്ചുനിര്‍ത്തുമെന്നോര്‍ത്താണ്. വിദേശത്ത് മിന്നിത്തിളങ്ങുന്ന ഒരുപാട് ഇന്ത്യന്‍ പ്രതിഭകളുണ്ടല്ലോ. നാസയില്‍ അഭിമാനം സൃഷ്ടിച്ച കല്‍പനാ ചൗളയും സുനിത വില്യംസും ഉദാഹരണങ്ങള്‍. സാമ്പത്തിക പ്രതിസന്ധിയും ആഴ്ന്നിറങ്ങിയ പരീക്ഷണങ്ങളും അസൗകര്യങ്ങളുമാണ് ഇന്ത്യന്‍ പ്രതിഭകളെ വിദേശ രാഷ്ട്രങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിച്ചത്. മദ്രാസ് ഐ ഐ ടിയിലെ എന്റെ സുഹൃത്ത് വി കല്യാണരാമന്‍ ഈ ഭാഷ്യക്കാരനാണ്. വിദേശരാജ്യങ്ങളിലെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയും നമുക്ക് ഗുണമാകുന്നുണ്ട്. വികസിത ഇന്ത്യയെന്ന എന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിലൂടെ ഇന്ത്യന്‍ ടാലന്റുകള്‍ മൊത്തം നമ്മുടെ നാട്ടില്‍ തന്നെ സേവനങ്ങള്‍ക്ക് സന്നദ്ധമാകും.
കാന്തപുരം: ഭാരതത്തിന്റെ പരമോന്നത പൗരനായി അങ്ങ് ചുമതലയേറ്റ സമയം, ഇന്ത്യന്‍ മതേതരത്വത്തിന്റെ ജീവവായു അറുത്തുമാറ്റിയ നിമിഷമായിരുന്നല്ലോ. അതായത്, ഗുജറാത്ത് വര്‍ഗീയ കലാപം. ഏകപക്ഷീയമായ ഈ ന്യൂനപക്ഷ വേട്ടയുടെ ഭീതിതരംഗങ്ങള്‍ ആഗോളതലത്തില്‍ ഇന്ത്യന്‍ പ്രതിഛായ തകര്‍ക്കാന്‍ ഹേതുവായിട്ടുണ്ടെന്നത് നിസ്തര്‍ക്കമാണ്. ഒരു പരമാധികാര രാജ്യത്തിലെ ഉന്നത വ്യക്തി എന്ന നിലയില്‍ ഈ വര്‍ഗീയ കലാപത്തെ എങ്ങനെയാണ് അങ്ങ് വിലയിരുത്തിയത്?
കലാം: കലാപങ്ങളും സംഘട്ടനങ്ങളുമാണ് ഭാരതത്തെ പിറകോട്ട് വലിക്കുന്നത്. പരസ്പര ധാരണയിലും ആദരവിലും ജീവിക്കണമെന്ന് ഉദ്‌ഘോഷിക്കുന്ന മതവിശ്വാസികളെല്ലാം അവരവരുടെ വേദഗ്രന്ഥങ്ങളെ പടിക്ക് പുറത്ത് വെക്കുന്ന ദയനീയ കാഴ്ചയാണ് ഇന്നുള്ളത്. ഗുജറാത്ത് കലാപത്തെ വിലയിരുത്താന്‍ ഞാന്‍ ആളല്ല. അത് ജുഡീഷ്യറി ചെയ്യും. കലാപത്തിന്റെ തീഷ്ണ വാര്‍ത്തകളറിഞ്ഞ് ഞാന്‍ ഞെട്ടിയിട്ടുണ്ട്. മനഃസാക്ഷിയുള്ള ഒരു ഭാരതീയനും ന്യായീകരിക്കാനാകാത്ത ഭരണഘടനാ ലംഘനമാണിത്, തീര്‍ച്ച. ലോകം കണ്ട സമാധാന ദൂതന്റെ മണ്ണില്‍ വീണ ചോര തുടക്കേണ്ട ബാധ്യത എന്നിലുണ്ടെന്ന് സ്വയം മനസ്സിലാക്കി ഞാന്‍ ഗുജറാത്ത് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. പല കേന്ദ്രമന്ത്രിമാരുടെയും പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിയുടെ പോലും അസന്തുഷ്ടിയോടെയായിരുന്നു ഞാന്‍ കലാപബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. അവരെന്തൊക്കെയോ ഭയക്കുന്നത് പോലെ എനിക്ക് തോന്നി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിലെ ശരിയും തെറ്റും ചികയുന്നതിനപ്പുറം കലാപം വരുത്തിയ മുറിപ്പാടുകളുണക്കാനാണ് ഞാന്‍ യത്‌നിച്ചത്. എന്റെ ഏറ്റവും പുതിയ പുസ്തകം “ടേണിംഗ് പോയിന്റ്, എ ജേണി ത്രൂ ചാലഞ്ചസി”ല്‍ ഇതെല്ലാം വിശദമായി ഞാന്‍ അയവിറക്കിയിട്ടുണ്ട്. ഗാന്ധിനഗര്‍ വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ മോദിയടങ്ങുന്ന ഔദ്യോഗിക സംഘം എന്നെ വരവേറ്റു. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളും കലാപബാധിത പ്രദേശങ്ങളും സന്ദര്‍ശിച്ചു. മനം തകര്‍ന്നു പോയി! ഇന്ത്യയുടെ ഗതിയോര്‍ത്ത് വിതുമ്പി! കലാപത്തിന് പിറകിലുള്ള കരങ്ങള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ ഞാന്‍ മുഖ്യമന്ത്രിയോട് നിര്‍ദേശിക്കുകയും ചെയ്തു. അഹമ്മദാബാദിലെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും ആറ് വയസ്സായ ഒരു ബാലന്‍ വന്ന് പറഞ്ഞു. “രാഷ്ട്രപതിജീ, എനിക്കെന്റെ ഉമ്മയെയും ബാപ്പയെയും തിരിച്ചുതരണം.” കണ്ണുകള്‍ നിറഞ്ഞുപോയി. നിഷ്‌കളങ്കനായ അവനെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കും.
കാന്തപുരം: അവസാനമായി, ലോക രാജ്യങ്ങളെല്ലാം കണ്ട ഒരു സഞ്ചാരി കൂടിയാണല്ലോ താങ്കള്‍. പ്രസിഡന്റായിരുന്ന കാലത്ത് തന്നെ 175 ഓളം വിദേശയാത്രകളും ഇന്ത്യയിലെ ലക്ഷദ്വീപല്ലാത്ത എല്ലാ സ്ഥലങ്ങളും സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് കേട്ടത്. ഈ യാത്രകളിലെല്ലാം ഇടകലര്‍ന്ന സംസ്‌കാരത്തില്‍ ഇന്ത്യക്കാരനെന്ന നിലയില്‍ അഭിമാനം തോന്നിയ നിമിഷങ്ങള്‍ പങ്കുവെക്കാമോ?
കലാം: ഞാനൊരു സഞ്ചാര പ്രിയനാണ്. ഒട്ടുമിക്ക രാജ്യങ്ങളിലും ഔദ്യോഗികമായും അല്ലാതെയും സഞ്ചരിച്ചു ജനങ്ങളുമായി ആശയ കൈമാറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ ചരിത്രവും സ്വഭാവ മഹത്വവും ആതിഥ്യമര്യാദയും സ്വയം അഭിമാനിതനാക്കിയ നിരവധി നിമിഷങ്ങളുണ്ട്. 3000 വര്‍ഷത്തിലധികം പഴക്കമുള്ള നമ്മുടെ ചരിത്രത്തില്‍ നിന്ന് മനസ്സിലാകുന്ന ഒരു യാഥാര്‍ഥ്യമുണ്ട്. ലോകോത്തര ശക്തികളെല്ലാം നമ്മെ ഭരിച്ചിട്ടുണ്ട്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തി മുതല്‍ ഗ്രീക്കുകാരും ടര്‍ക്കുകളും മുഗളന്മാരും നമ്മെ അടക്കിവാണവരാണ്. കൂടാതെ രാജ്യത്തെ മുഴുവനായി കൊള്ളയടിച്ച ശക്തികളായിരുന്നല്ലോ പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ഫ്രഞ്ചുകാരുമെല്ലാം. പക്ഷേ, എത്ര ശക്തമായിട്ടും നാം ഒരു രാജ്യത്തെയും അക്രമിക്കാന്‍ പോയിട്ടില്ല. കീഴടക്കാന്‍ ശ്രമിച്ചിട്ടുമില്ല. മറ്റുള്ളവരുടെ സംസ്‌കാരത്തില്‍ ഛിദ്രത വളര്‍ത്താനോ ചരിത്രം മലിനീകരിക്കാനോ നാം മുതിര്‍ന്നില്ല. എന്താണ് കാരണം, മറ്റൊന്നുമല്ല, നാം അവരെ ബഹുമാനിക്കുന്നു. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന് വില കല്‍പ്പിക്കുന്നു. ഇതാണ് ഇന്ത്യക്കാരന്റെ അഭിമാനം. ഈ അഭിമാനരംഗത്തെ ഒരു കണ്ണികൂടെയാണ് ഞാനെന്നുള്ളതാണ് എന്റെ വലിയ ശക്തി.
റീഡ് ബുക്ക്‌സ് പ്രസിദ്ധീകരിച്ച മതം, ദേശം, സമുദായം എന്ന പുസ്തകത്തില്‍ നിന്ന്

Latest