സംരക്ഷണ ഭിത്തിയില്ല; നാല്‍പതോളം കുടുംബങ്ങള്‍ വെള്ളപ്പൊക്ക ഭീതിയില്‍

Posted on: July 23, 2015 4:17 pm | Last updated: July 23, 2015 at 4:17 pm

കുമ്പള: ബംബ്രാണ വയലിലെ 40 ഓളം കുടുംബങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. സമീപത്തുള്ള പുഴക്ക് സംരക്ഷണ ഭിത്തി പണിയാത്തതാണ് പ്രദേശത്തെ വീടുകളിലേക്ക് വെള്ളം കയറാന്‍ കാരണമായത്. വെള്ളംകയറിയതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ഇവിടത്തെ അഞ്ച് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളിലും ഇവിടെ വീടുകളിലേക്ക് വെള്ളം കയറിയിരുന്നു. മഴക്കാലത്തിന് മുമ്പുതന്നെ സംരക്ഷണ ഭിത്തി പണിയണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും അധികൃതര്‍ ചെവികൊണ്ടില്ല. സംരക്ഷണ ഭിത്തി പണിതാല്‍ ഒരുപരിധിവരെ വെള്ളം കയറുന്നത് തടയാനാവുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞദിവസം കാസര്‍കോട് തഹസില്‍ദാര്‍, കുമ്പള വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചാണ് വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചത്.