56 രൂപക്ക് ഒരു മാസത്തെ 3ജി ഡാറ്റയുമായി ബിഎസ്എന്‍എല്‍

Posted on: July 12, 2015 3:25 pm | Last updated: July 12, 2015 at 3:31 pm

bsnl 3g
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ബി എസ് എന്‍ എല്ലില്‍ നിന്ന് മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഒരു കിടിലന്‍ ഓഫര്‍. 56 രൂപയുടെ എസ് ടി വി റീച്ചാര്‍ജ് ചെയ്താല്‍ ഒരു മാസത്തെ വാലിഡിറ്റിയില്‍ 250 എംബി സൗജന്യ ത്രീജി ഡാറ്റ ലഭ്യമാക്കുന്ന പദ്ധതി ബി എസ് എന്‍ എല്‍ പ്രഖ്യാപിച്ചു. ജൂലൈ 16 മുതല്‍ രാജ്യത്തെ എല്ലാ ടെലികോം സര്‍ക്കിളുകളിലും പുതിയ ഓഫര്‍ നിലവില്‍ വരും. ഇതോടെ ഏറ്റവും ചുരുങ്ങിയ നിരക്കില്‍ ഒരു മാസത്തേക്ക് ത്രീജി ഡാറ്റ നല്‍കുന്ന ഒരേ ഒരു ടെലികോം സേവന ദാതാവാകും ബി എസ് എന്‍ എല്‍.

പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫര്‍ ലഭ്യമാകും. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ സര്‍വീസ് ടാക്‌സ് അടക്കം 56 രൂപയുടെ റീച്ചാര്‍ജും പോസ്റ്റ് പെയ്ഡ് വരിക്കാര്‍ 50 രൂപയുടെ (സര്‍വീസ് ടാക്‌സ് പുറമെ) ആഡ് ഓണും ചെയ്താല്‍ ഓഫര്‍ ലഭിക്കും. 250 എംബിയില്‍ കൂടുതലുള്ള ഡാറ്റ ഉപയോഗത്തിന് പത്ത് കെബിക്ക് രണ്ട് പൈസ എന്ന രീതിയിലായിരിക്കും തുക ഈടാക്കുക.

നേരത്തെ 105 രൂപക്ക് 300 എംബി ഒരു മാസത്തേക്ക് ലഭിക്കുന്ന ഡാറ്റാ പ്ലാന്‍ ബി എസ് എന്‍ എല്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും അടുത്തിടെ ഇത് നിര്‍ത്തിയിരുന്നു. ഇതോടെ ഒരു മാസത്തെ വാലിഡിറ്റി ലഭിക്കണമെങ്കില്‍ 198 രൂപക്ക് 28 ദിവസത്തെ വാലിഡിറ്റിയുള്ള പാക്ക് റീച്ചാര്‍ജ് ചെയ്യുക മാത്രമായിരുന്നു ഉപഭോക്താക്കള്‍ക്കുള്ള ഏക വഴി.

68 രൂപ എസ് ടി വി ചെയ്താല്‍ പത്ത് ദിവസത്തേക്ക് ഒരു ജി ബി ഡാറ്റ ഉപയോഗിക്കാവുന്ന ഓഫറും നിലവിലുണ്ട്. ഡാറ്റ ക്യാരി ഫോര്‍വേര്‍ഡ് സംവിധാനം ബി എസ് എല്‍ അവതരിപ്പിച്ചിട്ടുള്ളതിനാല്‍ ആദ്യം ഈ ഓഫര്‍ റീച്ചാര്‍ജ് ചെയ്ത ശേഷം വാലിഡിറ്റി തീരുന്നതിന് മുമ്പായി 56 രൂപയുടെ ഓഫര്‍ കയറ്റിയാല്‍ 124 രൂപക്ക് ഒരു മാസവും പത്ത് ദിവസവും വാലിഡിറ്റിയില്‍ ഒന്നേക്കാല്‍ ജി ബി ഡാറ്റ ലഭിക്കാനും സാധ്യതയുണ്ട്.