വിനോദസഞ്ചാര വികസന പദ്ധതികള്‍ പ്രദേശവാസികള്‍ക്ക് പ്രയോജനപ്പെടണം- മന്ത്രി

Posted on: July 12, 2015 2:08 pm | Last updated: July 12, 2015 at 2:08 pm

വൈത്തിരി: വിനോദസഞ്ചാര വികസന പദ്ധതികള്‍ അതത് പ്രദേശത്തെ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്നതാകണമെന്ന് ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍. സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍(ഡബ്ല്യൂ.ടി.ഒ.) സംഘടിപ്പിച്ച ഏഴാമത് മഴമഹോത്സവം(സ്പ്ലാഷ്-2015) വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തരം പദ്ധതികളിലൂടെ തൊഴിലും വരുമാനവും ലഭ്യമാക്കുന്നതോടൊപ്പം നാടിന്റെ വികസനത്തിനും വഴിയൊരുക്കും. ഇത്തരം പദ്ധതികള്‍ക്ക് പൂര്‍ണ പിന്തുണയാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്. ഉത്തരവാദ, സുസ്ഥിര വിനോദ സഞ്ചാര വികസനമാണ് സര്‍ക്കാര്‍ നയം. ഇതിനു ശക്തിപകരുന്ന വിധത്തിലാണ് വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനം.
കേരളത്തിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രമായി വയനാട് വളരുകയാണ്. ജില്ലയിലെ ടൂറിസം സാധ്യതകളിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. പ്രകൃതിസൗന്ദര്യവും കാലാവസ്ഥയും വനസമ്പത്തും കലയും സംസ്‌കാരവും ചരിത്രവും പൈതൃകവും ജില്ലയിലെ ടൂറിസത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. സംസ്ഥാനത്ത് കേരള ട്രാവല്‍മാര്‍ട്ട് കഴിഞ്ഞാല്‍ ഏറ്റവുമധികം ടൂറിസം സംരംഭകരും ടൂര്‍ ഓപ്പറേറ്റര്‍മാരും പങ്കെടുക്കുന്ന പരിപാടിയാണ് മഴ മഹോത്സവത്തിന്റെ ഭാഗമായ ബിസ്‌നസ് ടു ബിസ്‌നസ് മീറ്റ്. കഴിഞ്ഞവര്‍ഷം ഏകദേശം 62,000 സഞ്ചാരികളാണ് വയനാട്ടിലെത്തിയത്. ഇതില്‍ 10,000 പേര്‍ വിദേശികളാണ്. വിദേശങ്ങളില്‍നിന്നടക്കം പരാമാവധി സഞ്ചാരികളെ സംസ്ഥാനത്ത് എത്തിക്കുന്നതിനു സര്‍ക്കാര്‍ ആസൂത്രണം ചെയ്തതാണ് വിസിറ്റ് കേരള ഇയര്‍-2015. ആകര്‍ഷകമായ പാക്കേജുകള്‍ ഉള്‍പ്പെടുന്നതാണ് ഇത്-മന്ത്രി പറഞ്ഞു. ബിസ്‌നസ് ടു ബിസ്‌നസ് മീറ്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. താന്‍ ഇതിനകം കണ്ടതില്‍ ഏറ്റവും സുന്ദരമായ പ്രദേശമാണ് വയനാടെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടുള്ള അദ്ദേഹം പറഞ്ഞു. ജില്ലയുടെ ടൂറിസം സമ്പത്തിന്റെ ലാഭകരമായ വിപണനത്തിനു നവമാധ്യമങ്ങളെയടക്കം ഉപയോഗപ്പെടുത്തിയുള്ള പ്രചാരണതന്ത്രങ്ങള്‍ കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് എം എല്‍ എ അഭിപ്രായപ്പെട്ടു.
വയനാടിന്റെ നിലനില്‍പ്പിപ്പിനും വികസനത്തിനുമുള്ള പ്രമുഖ വഴിയാണ് ടൂറിസമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എം ഐ.ഷാനവാസ് എം പി പറഞ്ഞു. ഇപ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നടക്കം കേരളത്തിലേക്ക് തിരിക്കുന്ന ഓരോ സഞ്ചാരിയുടെയും മനസ്സില്‍ വയനാടിന് ഇടമുണ്ട്. മുന്‍പ് തേക്കടി, മൂന്നാര്‍ എന്നു മാത്രം പറഞ്ഞുനടന്നവര്‍ ഇപ്പോള്‍ സഞ്ചാരികളുടെ പറുദീസ എന്നാണ് വയനാടിനെ വിശേഷിപ്പിക്കുന്നത്-എം പി പറഞ്ഞു.
ജില്ലയുടെ ടൂറിസം സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിനു ജില്ലാ ഭരണകൂടം മുന്‍കൈയെടുത്ത് പദ്ധതികള്‍ നടപ്പിലാക്കിവരികയാണെന്ന് ചടങ്ങില്‍ സംസാരിച്ച ജില്ലാ കലക്ടറും ഡി ടി പി സി ചെയര്‍മാനുമായ വി കേശവേന്ദ്രകുമാര്‍ പറഞ്ഞു.
ജില്ലയിലെ ടൂറിസം സാധ്യതകളില്‍ 30-40 ശതമാനമാണ് ഇപ്പോള്‍ ഉപയോഗപ്പെടുത്താനാകുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനം. ഓരോ വര്‍ഷവും ഒരു മാസം നീളുന്ന ടൂറിസം ഉത്സവത്തിന്റെ സംഘാടനം പരിഗണനയിലുണ്ട്-കലക്ടര്‍ പറഞ്ഞു. സബ്കലക്ടര്‍ ശിറാം സാംബശിവറാവു, ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ സി.എന്‍.അനിതാകുമാരി, കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് അബ്രഹാം ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ഡബ്ല്യൂ ടി ഒ ട്രഷറര്‍ കെ ആര്‍ വാഞ്ചീശ്വരന്‍ ആമുഖപ്രഭാഷണം നടത്തി. പ്രസിഡന്റ് വിക്ടര്‍ഡേ സ്വാഗതവും സെക്രട്ടറി കെ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.