Connect with us

Gulf

വിസ്മയമായി റാസ് ഖനാഡയിലെ പവിഴപ്പുറ്റുകള്‍

Published

|

Last Updated

അബുദാബി: റാസ് ഖാനഡയിലെ പവിഴപ്പുറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സമുദ്രഗവേഷകര്‍ക്ക് വിസ്മയമായി മാറിയിരിക്കയാണ്. തലസ്ഥാനമായ അബുദാബിയില്‍ നിന്ന് 90 കിലോമീറ്റര്‍ വടക്കു-പടിഞ്ഞാറ് മാറിയാണ് കടലില്‍ സ്ഥിതിചെയ്യുന്ന റാസ് ഖനാഡയിലെ പവിഴപ്പുറ്റുകളുടെ കേന്ദ്രം. ബ്രൗണ്‍, ഓറഞ്ച്, പിങ്ക് നിറങ്ങളിലുള്ളവയാണ് ഇവിടെയുള്ള പവിഴപുറ്റുകളെന്ന് മറൈന്‍ ബയോളജിസ്റ്റായ ഡോ. ജോണ്‍ ബേര്‍ട്ട് വ്യക്തമാക്കി. നിരവധി തവണ പരിശ്രമിച്ചിട്ടാണ് കടലിന് അടിത്തട്ടില്‍ സ്ഥിതിചെയ്യുന്ന പവിഴപുറ്റിനെ സമീപിക്കാന്‍ സാധിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. ഏപ്രില്‍ മുതല്‍ ജൂണ്‍ മാസം വരെ തുടര്‍ന്ന ശക്തമായ കാറ്റ് പവിഴപ്പുറ്റിനെ സമീപിക്കുന്നതില്‍ നിന്നു തടഞ്ഞതായും ഒടുവില്‍ രണ്ടാം തിയ്യതിയാണ് പരിശ്രമം വിജയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഗന്‍തൂത് പട്ടണത്തിനോട് ചേര്‍ന്ന കടലിലാണ് പവിഴപ്പുറ്റുകളുടെ ശേഖരം സ്ഥിതിചെയ്യുന്നത്.
അബുദാബി മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പവിഴപ്പുറ്റ് മേഖലകൂടിയാണ് റാസ് ഖനാഡ. അബുദാബി എന്‍വയണ്‍മെന്റ് ഏജന്‍സിയുമായി ചേര്‍ന്നാണ് പതിവായി ഡോ. ബേര്‍ട്ട് പവിഴപ്പുറ്റുകളെക്കുറിച്ചുളള ഗവേഷണം നടത്തുന്നത്.
ഇതിന്റെ ഭാഗമായി ഈ മേഖലിയില്‍ നിരവധി തവണ മുങ്ങുകയും പവിഴപുറ്റിന്റെ വളര്‍ച്ച ഉള്‍പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആഴത്തില്‍ ഗവേഷണം നടത്തുകയും ചെയ്യുന്നുണ്ട്. ഖലീഫ പോര്‍ട്ടിനോട് ചേര്‍ന്ന ബ്രേക്ക് വാട്ടറിന്റെ സമീപത്താണ് പവിഴപ്പുറ്റുകള്‍ സ്ഥിതിചെയ്യുന്നത്. 2012ല്‍ ഖലീഫ പോര്‍ട്ട് തുറന്നതോടെ പവിഴപ്പുറ്റിന്റെ നിലനില്‍പിനെക്കുറിച്ച് സമുദ്രഗവേഷകരില്‍ നിന്നു ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ തുറമുഖം പരിസ്ഥിതി സംരക്ഷണത്തിന് നല്‍കുന്ന പ്രധാന്യം ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് തെളിയിച്ചിരിക്കയാണ്.

Latest