വിശുദ്ധ സൂക്തങ്ങള്‍ ഹൃദയത്തിലെഴുതി ഹാഫിളുകള്‍

Posted on: July 7, 2015 8:17 am | Last updated: July 7, 2015 at 8:17 am

കോഴിക്കോട്: റമസാനിലെ പുണ്യദിനങ്ങളില്‍ മസ്ജിദുകളില്‍ നിന്നുയരുന്ന ഖുര്‍ആനിന്റെ മനോഹരമായ ശബ്ദമാധുരിയില്‍ പലതിന്റെയും ഉടമകള്‍ ഹാഫിളുകളാണ്. മസ്ജിദ് കമ്മിറ്റികള്‍ റമസാന് മുന്നെ ഹാഫിളുകളെ തേടിയിറങ്ങും.
തറാവീഹ് നിസ്‌കാരത്തിനാണ് ഹാഫിളുകളെ പ്രധാനമായും നിയമിക്കുന്നത്. മനഃപാഠമാക്കിയ ഖുര്‍ആന്‍ സൂക്തങ്ങള്‍ റമസാന്‍ പൂര്‍ത്തിയാക്കുന്നതോടെ ഓതി തീര്‍ക്കുന്ന രൂപത്തിലായിരിക്കും തറാവീഹ് നടക്കുക. കേരളത്തിലെ വിവിധ മസ്ജിദുകള്‍ക്ക് പുറമെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഇന്ത്യക്ക് പുറത്തും കേരളത്തില്‍ നിന്നുള്ള ഹാഫിളുകള്‍ റമസാനില്‍ സേവനം ചെയ്യുന്നുണ്ട്. കാരന്തൂര്‍ മര്‍കസില്‍ നിന്നുള്ള ഹാഫിളുകള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലും ലണ്ടന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും സേവനം ചെയ്യുന്നുണ്ട്. മര്‍കസിന് പുറമെ, മലപ്പുറം മഅ്ദിന്‍, കാസര്‍കോട് സഅദിയ്യ, ഒതുക്കുങ്ങല്‍ ഇഹ്‌യാഉസുന്ന, കുറ്റിയാടി സിറാജുല്‍ ഹുദ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും വിവിധ സ്ഥലങ്ങളില്‍ ഇമാമുമാരായുണ്ട്.
കാരന്തൂര്‍ മര്‍കസ് വിദ്യാര്‍ഥി18 കാരനായ കോട്ടക്കല്‍ പുതുപറമ്പ് സ്വദേശി ഹാഫിള് മുഹമ്മദ് സലീമാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി കോഴിക്കോട് മര്‍കസ് കോംപ്ലക്‌സ് മസ്ജിദില്‍ തറാവീഹിന് നേതൃത്വം നല്‍കുന്നത്.