ഡി ജി പി സെന്‍കുമാറിന്റെ ഫേസ്ബുക്ക് പേജ് സൂപ്പര്‍ ഹിറ്റാകുന്നു

Posted on: July 7, 2015 6:00 am | Last updated: July 7, 2015 at 1:42 am

senkumar
കണ്ണൂര്‍: പോലീസ് സേനയെ ജനകീയമാക്കാനായി ഡി ജി പി. ടി പി സെന്‍കുമാര്‍ ആരംഭിച്ച ഫേസ്ബുക്ക് പേജ ് സൂപ്പര്‍ ഹിറ്റ്. പേജ് ആരംഭിച്ച് രണ്ടാഴ്ചയെത്തുമ്പോള്‍ ഇതിനകം 45000 ഓളം പേര്‍ പേജ് ലൈക്ക് ചെയ്തിട്ടുണ്ട്. സ്റ്റേറ്റ് പോലീസ് ചീഫ് കേരള എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ഫേസ്ബുക്ക് പേജിലൂടെ ജനങ്ങളുമായി നേരിട്ട് സംവദിക്കാനാഗ്രഹിക്കുന്ന ഡി ജി പി ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിക്കുന്നുമുണ്ട്. പോലീസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ജനങ്ങളുടെ ക്രിയാത്മക നിര്‍ദേശങ്ങള്‍, വിമര്‍ശങ്ങള്‍ എന്നിവ ഫേസ്ബുക്കിലൂടെ നേരിട്ട് ഡി ജി പിയെ അറിയിക്കാം. ഡി ജി പി തന്നെ സംശയങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും പരാതികള്‍ക്കും മറുപടി നല്‍കും. സംസ്ഥാന പോലീസിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഈ ഫേസ്ബുക്ക് പേജിലൂടെ ലഭിക്കും. പരാതികള്‍ ഡി ജി പിയെ നേരിട്ടറിയിക്കാമെന്നത് കൊണ്ട് തന്നെ നൂറുകണക്കിനാളുകളാണ് ദിവസവും പേജ് സന്ദര്‍ശിച്ച് വിവരങ്ങള്‍ നല്‍കുകയും പരാതി അറിയിക്കുകയും ചെയ്യുന്നത്. ഡി ജി പി തന്നെ പരാതിയെ കുറിച്ച് സ്വീകരിച്ച നടപടി ഇതേ പേജിലുടെ അറിയിക്കുകയും ചെയ്യുന്നു.് പോലീസുമായി സംവദിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അവസരമുണ്ടാക്കുന്നതിനാണെന്ന് ഫേസ്ബുക്ക് പേജ് തുടങ്ങുന്നതെന്ന് ആമുഖ വീഡിയോയില്‍ ഡി ജി പി പറയുന്നുണ്ട്. ഏതെങ്കിലും വേദി ലഭ്യമായാല്‍ അതില്‍ നല്ല കാര്യങ്ങള്‍ക്ക് പകരം ദുരുപയോഗം ചെയ്യുന്ന പ്രവണതയാണ് കാണുന്നതെന്നും അത് ഒഴിവാക്കണമെന്നും ഡി ജി പി ആവശ്യപ്പെടുന്നുണ്ട്. ഏറ്റവും ശ്രദ്ധകൊടുക്കേണ്ട കാര്യങ്ങള്‍ മാത്രം ഫേസ്ബുക്കിലൂടെ അറിയിക്കാനും കൂടുതല്‍ കാര്യങ്ങള്‍ നിറഞ്ഞാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയില്ലെന്നും വീഡിയോ പോസ്റ്റില്‍ അദ്ദേഹം പറയുന്നു. പോലീസ് മേധാവി പുറത്തിറക്കുന്ന എല്ലാ സര്‍ക്കുലറുകളും ഇതിലൂടെ വായിക്കാന്‍ കഴിയും.