Connect with us

Articles

നരേന്ദ്ര മോദിയുടെ മൗനാസനം

Published

|

Last Updated

ഏതായാലും നരേന്ദ്ര മോദി യോഗാസനങ്ങളില്‍ ശരണം പ്രാപിച്ചത് നന്നായി. ഈ ഭൂമിയില്‍ നടക്കുന്നതിനെക്കുറിച്ചൊന്നും അറിയാതെ സ്വന്തം ശ്വാസോച്ഛാസത്തിലും ശരീര ചലനങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ശവാസനത്തില്‍ കിടക്കാന്‍ കഴിയുമെന്നത് ഇദ്ദേഹത്തിന് ഏറെ സഹായകരമായി ഒന്നാണ്. തന്റെ ചുറ്റും നടക്കുന്നതൊന്നുമറിയാതെ മയക്കത്തിന്റെ അവസ്ഥയിലെത്താം. മുമ്പ് കോണ്‍ഗ്രസിന്റെ രണ്ട് പ്രധാനമന്ത്രിമാര്‍ ഏറെ സമര്‍ഥമായി പ്രവര്‍ത്തിച്ചു വിജയിച്ച ഒരു ആസനമുണ്ട്- മൗനാസനം, നരസിംഹ റാവുവും മന്‍മോഹന്‍ സിംഗും. എന്തുണ്ടായാലും വായ തുറക്കില്ലെന്ന രീതി. ഈ പേരില്‍ യോഗാസനങ്ങളില്‍ ഒന്നുള്ളതായി ഈ ലേഖകന്‍ കേട്ടിട്ടില്ല. നരസിംഹ റാവുവിന് 17 ഭാഷകള്‍ അറിയാമായിരുന്നു. അദ്ദേഹത്തിന്റെ ഒരു പ്രത്യേക കഴിവായി പലരും പരിഹാസപൂര്‍വം പറഞ്ഞിരുന്നത് 17 ഭാഷകളില്‍ സംസാരിക്കാതിരിക്കാനുള്ള ശേഷിയെപറ്റിയാണ്. ഇപ്പോള്‍ നരേന്ദ്ര മോദിക്കും ഈ ആസനം പരിശീലിക്കാവുന്നതാണ്. ഏറെ വാചാലനായ പ്രധാനമന്ത്രിയായാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. എന്നാല്‍ പെട്ടന്നദ്ദേഹം മൗനിയായി.
ഒരു വര്‍ഷം പ്രധാനമന്ത്രി പദത്തിലിരുന്ന ശേഷമാണ് ഈ മാറ്റങ്ങളുണ്ടായത്. ഒന്നാം വാര്‍ഷികാഘോഷങ്ങളില്‍ തന്റെ നേട്ടങ്ങളായി പറയാന്‍ കാര്യമായൊന്നും ഇല്ലാതിരുന്നിട്ടും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കാതിരുന്നിട്ടും അദ്ദേഹം ഏറെ വാചാലനായിരുന്നുവല്ലോ. എന്നാല്‍ വാര്‍ഷികം കഴിഞ്ഞിട്ട് കേവലം ആഴ്ചകള്‍ പിന്നിട്ടപ്പോഴേക്കും അദ്ദേഹം ഏറെ വാചാലനായിരുന്ന ഒരു വിഷയത്തെ പറ്റി ഒന്നും മിണ്ടാതായി. ലോക രാഷ്ട്രങ്ങളുടെ തലവന്‍മാര്‍ക്കു മുന്നില്‍ നരേന്ദ്ര മോദി നടത്തിയ പ്രധാന വീമ്പുപറച്ചില്‍, അഴിമതി തൊട്ടുതീണ്ടാത്ത സ്വന്തം സാരഥ്യത്തെക്കുറിച്ചായിരുന്നു. ചൈനയിലെ ഷാങ് ഹായില്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. താന്‍ ഭരണമേല്‍ക്കുന്നതിനു മുമ്പുള്ള കാലത്ത് ഒരിന്ത്യക്കാരനെന്നു പറയാന്‍ അപമാനം തോന്നിയിരുന്നു എന്നാണ് അദ്ദേഹം അവിടെ പറഞ്ഞത്. പ്രത്യക്ഷത്തില്‍ കാര്യമായ അഴിമതിയാരോപണങ്ങള്‍ അന്നുയര്‍ന്നില്ല താനും. പക്ഷേ കോര്‍പറേറ്റുകള്‍ക്ക് ഇന്ത്യയെ വില്‍ക്കുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. മൂലധന സൗഹൃദമാക്കാന്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ (പാരിസ്ഥിതിക നിയമങ്ങളടക്കം) ഇല്ലാതാക്കാന്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങളെ മാധ്യമങ്ങള്‍ “വികസന”മായാണ് കണ്ടത്. രാജ്യത്താകെ വര്‍ഗീയ വിഷം ചീറ്റാന്‍ നടത്തിയ ശ്രമങ്ങളെ പലതും സൗകര്യപൂര്‍വം അവഗണിച്ചു.
എന്നാലിപ്പോള്‍ ആര്‍ക്കും മറയ്ക്കാനും മായ്ക്കാനും കഴിയാത്ത അഴിമതിക്കഥയുടെ നടുക്കടലില്‍ മുങ്ങിത്താഴുന്ന കപ്പലിലെ കപ്പിത്താനായി മോദി മാറിയിരിക്കുന്നു. ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് മുതല്‍ മോദിയെന്ന വിഗ്രഹത്തിന് പോറല്‍ വീണിരിക്കുന്നു. മോദി സര്‍ക്കാര്‍ നേരിട്ടു ഭരിച്ചിടത്ത് മോദിയെ എന്നും നേരില്‍ കാണുന്ന ജനത അദ്ദേഹത്തിന്റെ എല്ലാ വാക്കുകളും തള്ളി ചരിത്രാതീത വിജയം ആം ആദ്മി പാര്‍ട്ടിക്ക് നല്‍കി. ആ ദുര്‍ബല സംസ്ഥാന സര്‍ക്കാറിനെ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ച് കഴുത്തു ഞെരിച്ചില്ലാതാക്കാന്‍ മോദി തന്റെ എല്ലാ കഴിവുകളും ഉപയോഗിക്കുകയും ചെയ്തു. പത്ത് വര്‍ഷം മുമ്പ് വക്കീലായി സന്നദെടുത്ത് കോടതികളില്‍ പ്രാക്ടീസ് നടത്തിയിരുന്ന ഒരാളെ മന്ത്രിയാക്കിയതു തെറ്റാണെന്ന് എങ്ങനെ പറയും !. ആ മന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജമായിരുന്നുവെന്ന കുറ്റം ചുമത്തി ഒരു രാജ്യദ്രോഹിയെയോ പെരും കള്ളനെയോ അറസ്റ്റ് ചെയ്യുന്ന രീതിയില്‍ നാടകം നടത്തി മോദി. പക്ഷേ, അതിനുള്ള തിരിച്ചടി പെട്ടെന്നു തന്നെ കിട്ടി. സ്വന്തം മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി തിരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ സത്യവാങ് മൂലത്തില്‍ മൂന്ന് പ്രാവശ്യം മൂന്നുതരം വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയ കാര്യം എല്ലാവര്‍ക്കും അറിയാമായിരുന്നിട്ടും അവരെ ഇപ്പോഴും ഇന്ത്യയിലെ 120 കോടി ജനങ്ങളുടെ വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അനുവദിച്ചപ്പോള്‍ തന്നെ മോദിയുടെ “വ്യക്തിശുദ്ധി” പ്രകടമായിരുന്നു. നിയമത്തിന്റെ നൂലിഴയില്‍ കടിച്ചു തൂങ്ങാന്‍ മുന്‍കാല ഭരണകര്‍ത്താക്കളെ പോലെ മോദിയും തുനിഞ്ഞതായി നാം കണ്ടു. മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ മന്ത്രിയടക്കം പല ബി ജെ പി പ്രതിനിധികള്‍ക്കും ഈയവസ്ഥയുണ്ടാകുമെന്ന് തീര്‍ച്ച.
എന്നാല്‍ ഈ തെറ്റൊക്കെ വളരെ നിസ്സാരമാക്കുന്നതാണ് ജൂണ്‍ ഏഴിലെ ബ്രിട്ടീഷ് പത്രമായ ലണ്ടന്‍ ടൈംസിന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്ന വന്‍ ക്രമക്കേടുകളും അഴിമതികളും. ഇന്ത്യയില്‍ 16 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാള്‍ക്ക്- ലളിത് മോദിക്ക്- ബ്രിട്ടീഷ് സര്‍ക്കാറിന്റെ യാത്രാരേഖകള്‍ ശരിയാക്കാന്‍ വേണ്ട ശിപാര്‍ശയും സഹായങ്ങളും നല്‍കിയത് കേന്ദ്ര മന്ത്രിസഭയിലെ വിദേശ മന്ത്രി സുഷമാ സ്വരാജാണഎന്നതായിരുന്നു ആ വെളിപ്പെടുത്തല്‍. ഐ പി എല്‍ ക്രിക്കറ്റിന്റെ ഉപജ്ഞാതാവും രാഷ്ട്രാന്തര ബിസിനസ് പ്രമാണിയുമാണ് ലളിത് മോദി. അനേക കോടികളുടെ വിദേശ നാണയ ഇടപാടുകളിലെ ക്രമക്കേടുകളും തട്ടിപ്പുകളും വെട്ടിപ്പുകളും നടത്തിയെന്നും ആദായ നികുതി നിയമങ്ങളും വിദേശ നാണയ നിയമങ്ങളും ലംഘിച്ചുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. വിശദീകരണം നല്‍കാന്‍ തയാറാകാതെ ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക് ഒളിച്ചുകടന്ന വ്യക്തിയാണ് ലളിത് മോദി. വിവിധ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും ബിസിനസ് ശക്തികളുമായി അടുത്ത ബന്ധം പുലര്‍ത്തിയ മോദിയുടെ പാസ്‌പോര്‍ട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ റദ്ദാക്കി. അതുകൊണ്ടുതന്നെ ബ്രിട്ടനില്‍ നിന്നും പുറത്തുപോകാന്‍ കഴിയില്ല. അതിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖകള്‍ നല്‍കണമെങ്കില്‍ ഇന്ത്യയുടെ ഔദ്യോഗിക അനുമതി വേണം. ലളിത് മോദി ഇന്ത്യന്‍ പൗരനാണല്ലോ.
ഈ ലളിത് മോദിക്ക് യാത്രാനുമതി രേഖകള്‍ നല്‍കിയാല്‍ നന്ന് എന്നും അങ്ങനെ നല്‍കിയാല്‍ ഇന്ത്യക്ക് അതില്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും ആ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഒരു കുറവായിക്കാണില്ലെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നല്‍കിയ ഉറപ്പ് ബ്രിട്ടനിലെ ലേബര്‍ എം പി വഴി നല്‍കിയപ്പോഴാണ് അദ്ദേഹത്തിന് രേഖകള്‍ കിട്ടിയത്. ഇങ്ങനെ ചെയ്തിട്ടില്ലെന്നു നിഷേധിക്കാനാകാത്ത വിധമുള്ള തെളിവ് ടൈംസ് പത്രം ഹാജരാക്കി. പോര്‍ച്ചുഗലില്‍ ഒരാശുപത്രിയില്‍ തന്റെ ഭാര്യ ക്യാന്‍സര്‍ ചികിത്സയിലാണെന്നും അവരുടെ സമീപമെത്താനാണിതെന്നുമായിരുന്നു മോദിയുടെ വാദം. ഒരു മാനുഷിക പരിഗണന വെച്ച് (മറ്റേതൊരാള്‍ക്കുമെന്ന പോലെ) മോദിയും ചെയ്തുവെന്നതാണ് ബി ജെ പി ഇപ്പോള്‍ വാദിക്കുന്നത്. പക്ഷേ, കേന്ദ്രമന്ത്രി സുഷമാസ്വരാജിന് ലളിത് മോദി കേവലം ഒരാളല്ല, മറിച്ച് സുഷമയുടെ ഭര്‍ത്താവ് സ്വരാജ് കൗശല്‍ 22 വര്‍ഷമായി ലളിത് മോദിയുടെ നിയമോപദേഷ്ടാക്കളില്‍ ഒരാളാണ്. തീര്‍ന്നില്ല, മകള്‍ ബാംബുരി ഇപ്പോഴും മോദിക്കു വേണ്ടി കേസുകള്‍ നടത്തുന്ന വക്കീലന്‍മാരുടെ സംഘത്തിലെ അംഗവുമാണ്. പ്രതിമാസം ലക്ഷക്കണക്കിന് രൂപ ഇവര്‍ കൈപ്പറ്റുന്നു. രണ്ടു പതിറ്റാണ്ടിലേറെ വിവിധ ബിസിനസ് ബന്ധമുള്ള ലളിത് മോദിയെന്ന കുറ്റവാളിയെ സഹായിച്ചത് കേവലം മാനുഷികപരിഗണനകള്‍ വെച്ചുകൊണ്ടാണെന്നു വാദിക്കാന്‍ വലിയ തൊലിക്കട്ടി വേണം.
സുഷമയെ രക്ഷിക്കാന്‍ ആര്‍ എസ് എസും സംഘവും കച്ചകെട്ടിയിറങ്ങി. ഉടനെ വരുന്നു രണ്ടാമത്തെ പ്രഹരം. ഇതേ ലളിത് മോദിക്ക് സഹായവുമായി വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ എല്ലാവിധത്തിലും പ്രവര്‍ത്തിച്ചുവരികയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയായ വസുന്ധര രാജെയെന്നതാണ് ആ പ്രഹരം. ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് വസുന്ധര എഴുതിയ കത്തിന്റെ പകര്‍പ്പ് പുറത്തുവന്നിട്ടും അതില്‍ ഒപ്പില്ലെന്ന പിടിവള്ളിയില്‍ ഇവര്‍ പിടിച്ചുനിന്നു. പിറ്റേന്ന് ഒപ്പോടുകൂടിയ കത്തുകള്‍ പുറത്തു വന്നു. ലളിത് മോദിയെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അനാവശ്യമായി പീഡിപ്പിച്ചുവെന്നും ഇന്ത്യന്‍ ക്രിക്കറ്റിനെ വിപ്ലവകരമായി വളര്‍ത്തിയ വ്യക്തിയാണദ്ദേഹമെന്നും ശക്തിയായി വാദിക്കുന്ന 21 വാദങ്ങള്‍ അക്കമിട്ടു നിരത്തിയ കത്താണിത്. ഇതില്‍ വ്യക്തമായും ബി ജെ പി നേതാവിന്റെ സ്വരമുണ്ട്. തന്നെയുമല്ല, വസുന്ധരയുടെ മകനും എം പിയുമായ ദുഷ്യന്തിന്റെ കമ്പനിക്ക് അവിഹിതമായി അനേക കോടി(പേരില്‍ വായ്പയാണെങ്കിലും) സംഭാവന നല്‍കിയ വ്യക്തിയാണ് ലളിത് മോദി. അനേക വര്‍ഷങ്ങളായി തങ്ങള്‍ കുടുംബ സുഹൃത്തുക്കളാണെന്നും കത്തില്‍ പറയുന്നുണ്ട്. തന്റെ കത്ത് ഒരിക്കലും ഇന്ത്യയിലാരും അറിയരുതെന്നും വസുന്ധരെ ആവശ്യപ്പെടുന്നുമുണ്ട്.
കേവലം മാനുഷികമാണ് ഇവരുടെ പ്രവര്‍ത്തനത്തിന് പ്രേരണയെങ്കില്‍ അതു ജനങ്ങള്‍ അറിയുന്നതില്‍ എന്താണ് തെറ്റ്? തന്നെയുമല്ല, ഇന്ത്യയുടെ വിദേശ നയം സംബന്ധിച്ച ഒരു നിര്‍ണായക തീരുമാനമാണ് സുഷമാ സ്വരാജിന്റെ കത്തിലുള്ളത്. എന്നിട്ടും വിദേശകാര്യ സെക്രട്ടറി ഇക്കാര്യം അറിഞ്ഞതുപോലുമില്ല. പ്രധാനമന്ത്രിക്കറിയാമായിരുന്നോ എന്ന് വ്യക്തവുമല്ല.
ലളിത് മോദിയുടെ ഭാര്യക്ക് ഇംഗ്ലണ്ടില്‍ ചികിത്സിക്കാമായിരുന്നില്ലേ എന്ന ചോദ്യമുണ്ട്. 2010ല്‍ ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ട് മോദി അവിടെയാണ് താമസിക്കുന്നത്. ഇത്രയധികം ഭാര്യയുടെ രോഗത്തില്‍ ദുഃഖിക്കുന്നുവെന്ന് പറയുന്ന മോദിയുടെ വരുന്ന ചിത്രങ്ങള്‍ ലോകപ്രസിദ്ധ മോഡലുകളായ പാരിസ് ഹില്‍ട്ടന്‍, നവോമികാംപ്‌ബെല്‍ എന്നിവരെ വാരിപ്പുണരുന്നവയാണ്. ഇറ്റലിയില്‍ അത്യാഡംബര ഹോട്ടലുകളില്‍ നടത്തുന്ന പാര്‍ട്ടികളുടേതാണ്.
ഇന്ത്യന്‍ ക്രിക്കറ്റിന് മോദിയുടെ സംഭാവന എന്താണ് എന്ന ചോദ്യവും പ്രസക്തമാണ്. ക്രിക്കറ്റിനെ ഒരു കളിയല്ലാതാക്കി, പകരം ഒരു തരം ബിസിനസ്സും അതിനപ്പുറം ചൂതാട്ടവുമാക്കി. ക്രിക്കറ്റ് അനേക ശതകോടികള്‍ മറിയുന്ന ഇടപാടാക്കി. അതുവഴി എല്ലാവിധ അഴിമതികളുടെയും തട്ടിപ്പുകളുടെയും വാതുവെപ്പുകളുടെയും ഉപജാപങ്ങളുടെയും കളിയാക്കി. പങ്കെടുക്കുന്ന എല്ലാവര്‍ക്കും നല്ലൊരു വരുമാനമുണ്ടാകുമെന്നതിനാല്‍, എല്ലാവരും മൗനം പാലിച്ചു. തട്ടിപ്പുവീരനായ മോദിയെ ദൈവതുല്യനായി കണ്ടു. ഇതില്‍ കേന്ദ്ര മന്ത്രിമാരും മറ്റു നേതാക്കളും ഷാരുഖാനെ പോലുള്ള സിനിമാ താരങ്ങളും ക്രിക്കറ്റ് കളിക്കാരും മുന്‍ കളിക്കാരും പങ്കാളികളായി. വളരെ പെട്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിയന്ത്രണം ലളിത് മോദിക്കായി. ബി ജെ പി മാത്രമല്ല, ശരത്പവാര്‍(എന്‍ സി പി), രാജീവ് ശുക്ല(കോണ്‍ഗ്രസ്), ലാലു പ്രസാദ്( ആര്‍ ജെ ഡി) തുടങ്ങി നിരവധി പേര്‍ മോദിയുടെ സംഘാംഗങ്ങളായി. അത്യാഡംബര പൂര്‍ണമായ ജീവിതം നയിക്കാനും വന്‍ ആസ്തികള്‍ സമ്പാദിക്കാനും വേണ്ട പണമൊഴുക്കിയത് വന്‍കിട ബിസിനസ് സ്ഥാപനങ്ങളായ സ്‌പോന്‍സര്‍മാരായിരുന്നു. ഈ പണം അവര്‍ ഈടാക്കിയിരുന്നത് ഉപഭോക്താക്കളില്‍ നിന്നായിരുന്നു. അതായത്, കളിയെന്ന പേരിലും ഉത്പന്ന വിലയെന്ന പേരിലും ജനങ്ങളില്‍ നിന്നു തന്നെ പിരിച്ച പണം ധൂര്‍ത്തടിക്കാനും രാഷ്ട്രീയം കളിക്കാനും ഉപയോഗിക്കുകയാണിവര്‍ ചെയ്തത്. അര്‍ധനഗ്നകളായ ചിയര്‍ ഗേള്‍സ് കുഴഞ്ഞാടുന്നതു കണ്ട് നാം ലയിച്ചിരിക്കുമ്പോള്‍ ഇതൊന്നും അറിയാറില്ല. ഇവിടെ എന്ത് നിയമലംഘനങ്ങള്‍ നടത്തിയാലും ഒരു ശിക്ഷയുമില്ല.
ലളിത് മോദിയുടെ ഇടപാടുകള്‍ സഹിക്കാന്‍ കഴിയുന്നതിനപ്പുറമായതിനാലാകാം ധനകാര്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ നോട്ടീസയക്കാന്‍ തീരുമാനിച്ചത്. പലവട്ടം നോട്ടീസയച്ചിട്ടും ഒരു വട്ടം പോലും ഹാജരാകാന്‍ തയ്യാറാകാതിരുന്നതിനാലാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. ഈ റദ്ദാക്കലിനെതിരെ, ചില സാങ്കേതിക പഴുതുകള്‍ ഉപയോഗിച്ച് ഒരു അനുകൂല വിധി ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും ലളിത് മോദിക്ക് ലഭിച്ചു. ഈ വിധിക്കെതിരെ അപ്പീല്‍ പോകാന്‍ പോലും മുന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ചുരുക്കത്തില്‍, മോദിയുടെ അഴിമതിയും തട്ടിപ്പും ഈ സര്‍ക്കാറിന്റെ മാത്രം കാലത്ത് നടന്നതല്ല. അതുകൊണ്ട് തന്നെ മോദിക്കെതിരെ പറയാന്‍ കോണ്‍ഗ്രസിനും കഴിയില്ല. തന്നെയുമല്ല, താന്‍ ബന്ധപ്പെട്ട രാഷ്ട്രീയക്കാരില്‍ പ്രിയങ്കയും ഭര്‍ത്താവ് റോബര്‍ട്ട് വധേരയും ഉള്‍പ്പെടുന്നുവെന്ന് ലളിത് മോദി തന്നെ പറഞ്ഞതോടെ കോണ്‍ഗ്രസും പ്രതിരോധത്തിലായി. ഈ പ്രശ്‌നം ഏതെങ്കിലും വിധത്തില്‍ മുങ്ങിപ്പോകുമെന്ന് നരേന്ദ്ര മോദിക്കറിയാം. അതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രി തന്റെ “മൗനാസന”ത്തിലിരിക്കുന്നത്.
വാല്‍ക്കഷണം: ഇടക്കിടക്ക് തന്റെ മനസ്സ് “തുറന്നുകാട്ടുന്ന” “മന്‍കി ബാത്ത്” എന്ന റേഡിയോ പ്രഭാഷണത്തില്‍ ഇത്തരമൊരു സംഭവം ചര്‍ച്ച ചെയ്യുന്നുവെന്നു പോലും പരാമര്‍ശിക്കപ്പെട്ടില്ല. ഈ വിവാദങ്ങള്‍ നടന്നപ്പോള്‍ അദ്ദേഹം സുഖസുഷുപ്തിയിലായിരിക്കാം.

Latest