റമസാന്‍ പുണ്യവുമായി നാടെങ്ങും റിലീഫ് പ്രവര്‍ത്തനങ്ങള്‍

Posted on: July 5, 2015 9:27 am | Last updated: July 5, 2015 at 9:27 am

കോഴിക്കോട്: ഓരോ പുണ്യ പ്രവൃത്തിക്കും അനേകമടങ്ങ് പ്രതിഫലം ലഭിക്കുന്ന മാസമാണ് റമസാന്‍. അതു കൊണ്ടു തന്നെയാണ് ഉദാര-ദാനധര്‍മങ്ങളുടേയും മാസമായി റമസാന്‍ മാറുന്നത്. റിലീഫ് പ്രവര്‍ത്തനങ്ങളും മറ്റു സഹായ വിതരണങ്ങളുമൊക്കെ റമസാനിന്റെ പ്രത്യേകതയാണ്. വിവിധ മത സംഘടനകള്‍, സാമുദായിക സംഘടനകള്‍, യുവജന സംഘടനകള്‍, മസ്ജിദ് കമ്മിറ്റികള്‍ എന്നിവയുടെയെല്ലാം സഹകരണത്തോടെയാണ് റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
സംഘടനകളുടെ വിവിധ ഘടകങ്ങളില്‍ നിന്ന് സമാഹരിച്ചും പ്രവാസി സംഘടനകളുടെ സഹായത്തോടെയുമാണ് മിക്കയിടത്തും റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എസ് വൈ എസ്, എസ് എസ് എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വിപുലമായ രീതിയിലാണ് റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. പ്രയാസമനുഭവിക്കുന്ന കുടുംബാംഗങ്ങളെ കണ്ടെത്തി റമസാന്‍ കിറ്റ് വിതരണം, വസ്ത്ര വിതരണം, നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ആടു വിതരണം, കിടപ്പാടമില്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് വീടുവെച്ചു നല്‍കല്‍, ചികിത്സാ ധനസഹായം, വിവാഹ ധനസഹായം എന്നിവയെല്ലാം റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടക്കുന്നത്.
മിക്ക സംഘടനകളും പ്രത്യേക ഫണ്ട് കണ്ടെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതിനായി പ്രത്യേക റിലീഫ് ദിനങ്ങളും പ്രഖ്യാപിക്കുന്നുണ്ട്. നിരാലംബരും നിരാശ്രയരുമായ നിരവധി കുടുംബങ്ങള്‍ക്ക് റമസാന്‍ നാളിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നല്‍കുന്ന ആശ്വാസം ചെറുതല്ല.