ആമിക്കും സവേരക്കും ചെന്നിത്തലയുടെ കത്ത്:മാവോയിസ്റ്റ് പാത പിന്തുടരരുത്

Posted on: July 5, 2015 3:01 am | Last updated: July 5, 2015 at 12:03 am

chennithalaതിരുവനന്തപുരം: മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മക്കളായ ആമിക്കും സവേരക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കത്ത്. അച്ഛനമ്മമാരുടെ പാത പിന്തുടരുതെന്നും പൊള്ളയായ പ്രചാരണങ്ങളില്‍ വീഴരുതെന്നുമാണ് ചെന്നിത്തല തന്റെ ബ്ലോഗില്‍ കുറിച്ച കത്തിലൂടെ പറഞ്ഞിരിക്കുന്നത്.
ജനങ്ങളുടെ സമാധാന ജീവിതം നശിപ്പിച്ച് ഗറില്ലാ സമരത്തിലൂടെ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന മാവോയിസ്റ്റ് തീവ്രവാദം ഉയര്‍ത്തുന്ന ആശങ്കകളോടൊപ്പം മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെട്ട് അവരുടെ സാമീപ്യവും, സ്‌നേഹവും, കരുതലും ലഭിക്കാതെ പോകുന്ന മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റെയും , ഷൈനയുടെയും മക്കളായ ആമി, സവേര എന്നീ രണ്ടു പാവം പെണ്‍കുട്ടികളുടെ ജീവിതത്തെക്കുറിച്ചുള്ള വേദനയുമാണ് ഇത്തവണ എന്റെ ബ്ലോഗിലൂടെ പങ്കുവെക്കാന്‍ ഞാനാഗ്രഹിക്കുന്നത് എന്നാണ് ചെന്നിത്തല ബ്ലോഗിലെ കുറിപ്പ് ആരംഭിക്കുന്നത്.
അവരോട് സ്‌നേഹത്തോടെയും വാത്സല്യത്തോടെയും ചിലത് കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മാതാപിതാക്കളുടെ സാമീപ്യവും, സ്‌നേഹവും, പിന്തുണയും ഏറ്റവുമധികം ആവശ്യമുള്ള പ്രായത്തില്‍ നിങ്ങള്‍ക്കത് ലഭിക്കാതെ വരുന്നതില്‍ ഞാന്‍ ദു:ഖിതനാണ്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്നതിലുപരി രണ്ട് കുട്ടികളുടെ പിതാവ് എന്ന നിലയില്‍ നിങ്ങള്‍ നേരിടുന്ന അതീവ വിഷമകരമായ ഈ അവസ്ഥയെപ്പറ്റി ഞാന്‍ ബോധവാനും ആശങ്കാകുലനുമാണ്. മാതാപിതാക്കള്‍ കൈക്കൊള്ളുന്ന തെറ്റായ മാര്‍ഗങ്ങള്‍ക്കും, സമീപനങ്ങള്‍ക്കും കുട്ടികളായ നിങ്ങള്‍ ഒരിക്കലും ഉത്തരവാദികളല്ലന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. അത് മൂലം ഈ രണ്ട് പെണ്‍കുട്ടികളുടെയും ജീവിതത്തില്‍ കരിനിഴല്‍ വീഴരുതെന്നും ഞാന്‍ ആഗ്രഹിക്കുന്നു. പൊള്ളയായ പ്രചരണങ്ങളിലും, അസത്യ പ്രഘോഷണങ്ങളിലും നിങ്ങള്‍ രണ്ടു പെണ്‍കുട്ടികളും വീണു പോകരുത്. വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, പഠിച്ച് മിടുക്കികളായി സമൂഹത്തിനും, രാജ്യത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നവരായി നിങ്ങള്‍ മാറണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എന്നെ സമീപിക്കാം, നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് എന്നോട് സംസാരിക്കാം. ആയുധങ്ങളുടെയും, ആക്രമങ്ങളുടെയും പാത ആരെയും എവിടെയും കൊണ്ടു ചെന്നെത്തിക്കുകയില്ല. ചര്‍ച്ചയുടെയും സമാധാനത്തിന്റെയും വഴികളിലൂടെയായിരിക്കണം എല്ലാ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരമുണ്ടാകേണ്ടത്. നിങ്ങളുടെ മാതാപിതാക്കള്‍ നടന്നുപോയ പാതകളെ മഹത്വവത്കരിക്കാനും, നിങ്ങള്‍ രണ്ടുപേരെയും അതുവഴി നയിക്കാനും ഒരു പക്ഷെ ആളുകളുണ്ടായേക്കാം. എന്നാല്‍ ആ പാത തിരഞ്ഞെടുക്കുകയോ, അതുവഴി ചരിക്കുകയോ ചെയ്യരുത്. നശിപ്പിക്കലല്ല, പടുത്തയര്‍ത്തലാണ് മഹത്തായ കര്‍മം, വെറുക്കുന്നതല്ല, സ്‌നേഹിക്കുക എന്നതാണ് മാനവിക ധര്‍മം, അതിലൂടെ മാത്രമെ പുതിയൊരു സമൂഹസൃഷ്ടി സാധ്യമാവുകയുള്ളുവെന്നും അദ്ദേഹം കത്തില്‍ കുറിച്ചു.