Connect with us

Kozhikode

ഇസ്‌ലാമിക സി ഡി വിപണിയിലും ഉണര്‍വ്

Published

|

Last Updated

കോഴിക്കോട്: റമസാന്‍ ആരംഭിച്ചതോടെ ഇസ്‌ലാമിക സി ഡി വിപണിയിലും ഉണര്‍വ്. ഇസ്‌ലാമിക പ്രഭാഷണങ്ങള്‍, ഖുര്‍ആന്‍ പാരായണം, ബുര്‍ദ ആലാപനം, ചരിത്ര വിവരണം എന്നീ സി ഡികളാണ് വില്‍പനക്കുള്ളത്. സുന്നി പണ്ഡിതരുടെ പ്രഭാഷണ വീഡിയോ, എം പി ത്രി സി ഡികളാണ് വിറ്റഴിക്കുന്നതില്‍ ഭൂരിഭാഗവും. മക്ക ഇമാമിന്റെ ഖുര്‍ആന്‍ പാരായണ സി ഡികള്‍ റമസാനിലെ മാസ്റ്റര്‍ പീസാണ്. പ്രഭാഷണ മേഖലയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി തുടങ്ങിയ നേതാക്കളുടെ സി ഡികളാണ് ഏറെയും വിറ്റഴിക്കപ്പെടുന്നത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മന:ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങള്‍ക്ക് ഇത്തവണ പ്രിയമേറിയിട്ടുണ്ട്. അബ്ദുല്‍ നാസര്‍ മഅ്ദനിയുടെയും അബ്ദുസ്സമദ് സമദാനിയുടെയും പഴയ സി ഡികളും വിപണിയിലുണ്ട്.
റമസാന്‍ മുന്നില്‍ കണ്ട് പല സി ഡി പബ്ലിഷര്‍മാരും പഴയ പ്രഭാഷണങ്ങളുടെയെല്ലാം റീ പ്രിന്റ് പുറത്തിറക്കിയിട്ടുണ്ട്. ഖുര്‍ആന്‍ പഠനവുമായി ബന്ധപ്പെട്ട് സി മുഹമ്മദ് ഫൈസിയുടെയും ശാഫി സഖാഫി മുണ്ടമ്പ്രയുടെയും പ്രഭാഷണങ്ങളാണ് കൂടുതല്‍ വിറ്റഴിക്കുന്നത്.

---- facebook comment plugin here -----

Latest