Connect with us

Gulf

സഊദിയില്‍ മരിച്ച സ്വദേശി ഓഫീസറുടെ മൃതദേഹം നാട്ടിലെത്തിച്ചു

Published

|

Last Updated

ദുബൈ: സൈനിക പരിശീനത്തിനിടയില്‍ സഊദിയില്‍ മരിച്ച സ്വദേശി സൈനിക ഓഫീസറുടെ മൃതദേഹം നാട്ടിലെത്തിച്ചു. നോണ്‍-കമ്മിഷന്‍ഡ്് ഓഫീസറായ ഹസിം ഉബൈദ് അല്‍ അലിയുടെ മൃതദേഹമാണ് യു എ ഇയിലേക്ക് എത്തിച്ചത്.
ചൊവ്വാഴ്ചയായിരുന്നു ഹസിം ഉബൈദ് മരിച്ചത്. അല്‍ ബതീന്‍ എയര്‍യപോര്‍ട്ടിലാണ് യു എ ഇ വായുസേനയുടെ പ്രത്യേക വിമാനത്തില്‍ മൃതദേഹം എത്തിച്ചത്. ഉയര്‍ന്ന സൈനിക ഓഫീസര്‍മാര്‍ പങ്കെടുത്ത പ്രത്യേക ചടങ്ങിലായിരുന്നു മൃതദേഹം വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ഓപറേഷന്‍ റെസ്റ്റോറിംഗ് ഹോപ്പിന്റെ ഭാഗമായി നടന്ന പരീശീലനത്തിനിടയിലായിരുന്നു ഹസിം ഉബൈദിന്റെ മരണമെന്ന് യു എ ഇ ജനറല്‍ ഹെഡ്ക്വാട്ടേഴ്‌സ് വ്യക്തമാക്കി. സഊദിയുടെ നേതൃത്വത്തില്‍ ഹൂത്തികള്‍ക്കെതിരായ പോരാട്ടത്തിനായാണ് ഓപറേഷന്‍ റെസ്റ്റോറിംഗ് ഹോപ്പിന് രൂപംനല്‍കിയിരിക്കുന്നത്.
ചൊവ്വാഴ്ച് നോമ്പ് തുറക്കുന്നതിന് തൊട്ടുമുമ്പായിരുന്നു കുടുംബത്തിന് മരണ വിവരം ലഭിച്ചതെന്ന് ഹസീമിന്റെ സഹോദരന്‍ മുഹമ്മദ് വ്യക്തമാക്കി. സഹോദരന്‍ രാജ്യത്തിനായി മരിച്ചെന്നതു മാത്രമാണ് തങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നത്. രാജ്യത്തിനായി സേവനം ചെയ്യാന്‍ അവന് അത്യുത്സാഹമായിരുന്നു. രാജ്യത്തിനായി സേവനം ചെയ്യണമെന്നും രാജ്യത്തോട് കൂറുള്ളവരായി വളരണമെന്നും അവന്‍ കുട്ടികളോട് എപ്പോഴും പറയുമായിരുന്നു. ഏഴു സഹോദരിമാര്‍ കൂടി ഉള്‍പെട്ട കുടുംബത്തില്‍ പിതാവിന്റെ സ്ഥാനമായിരുന്നു സഹോദരന്. പിതാവ് നേരത്തെ മരിച്ചിരുന്നെന്നും സഹോദരന്‍ അനുസ്മരിച്ചു. മൂന്നു വയസിനും 14 വയസിനും ഇടയില്‍ പ്രായമുള്ള ഏഴു മക്കളുടെ പിതാവ് കൂടിയാണ് മരിച്ച ഹസിം ഉബൈദ്.
അവസാനമായി തിങ്കളാഴ്ചയാണ് പിതാവുമായി സംസാരിച്ചതെന്ന് 13 വയസുകാരനായ മൂത്ത മകന്‍ ഉബൈദ് വ്യക്തമാക്കി. തന്റെ അസാന്നിധ്യത്തില്‍ വീട്ടുകാര്യങ്ങള്‍ കൃത്യമായി നോക്കണമെന്നും പിതാവ് ആവശ്യപ്പെട്ടിരുന്നെന്നും ഉബൈദ് കണ്ണീരോടെ വ്യക്തമാക്കി. 15 ദിവസം കഴിഞ്ഞാല്‍ നാട്ടിലേക്ക് തിരിച്ചുവരുമെന്നും എല്ലാവര്‍ക്കും പെരുന്നാള്‍ ആഘോഷിക്കാമെന്നും ഉപ്പ പറഞ്ഞതും ഉബൈദ് ഓര്‍ത്തെടുത്തു.

---- facebook comment plugin here -----

Latest