കുപ്പിവെള്ള ബോട്ടിലില്‍ പരിശോധന ശക്തമാക്കുന്നു

Posted on: June 24, 2015 1:13 pm | Last updated: June 24, 2015 at 1:13 pm

bottle waterന്യൂഡല്‍ഹി: കുപ്പിവെള്ളം, പാക്കറ്റ് പാല്‍ തുടങ്ങിയ കൂടുതല്‍ ഉത്പന്നങ്ങളില്‍ പരിശോധന ശക്തമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ( എഫ് എസ് എസ് എ ഐ) നിര്‍ദേശം നല്‍കി. നെസ്‌ലേയുടെ നൂഡില്‍സ് ബ്രാന്‍ഡ് ആയ മാഗിയില്‍ ആരോഗ്യത്തിന് ഹാനികരമായ തോതില്‍ കറുത്തീയവും അജിനമോട്ടോയും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എല്ലാ ഇന്‍സ്റ്റന്റ് ഇനങ്ങളും പരിശോധിക്കാന്‍ ആരംഭിച്ചതിന് പിറകേയാണ് കുപ്പിവെള്ളത്തിലേക്കും പാലിലേക്കും തിരിയുന്നത്.
കുപ്പിവെള്ളം, പാല്‍, പാലുത്പന്നങ്ങള്‍, പാചക എണ്ണ എന്നിവയുടെ ബ്രാന്‍ഡുകള്‍ കൃത്യമായ പരിശോധനക്ക് വിധേയമാക്കാനാണ് എഫ് എസ് എസ് എ ഐ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആവശ്യമെങ്കില്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നത് അടക്കമുള്ള നടപടികള്‍ കൈകൊള്ളാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍മാര്‍ക്ക് അനുമതി നല്‍കിയിട്ടുമുണ്ട്. പാലില്‍ വന്‍ തോതില്‍ മായം ചേര്‍ക്കുന്നുണ്ടെന്ന് ഈ വര്‍ഷം തുടക്കത്തില്‍ നടന്ന സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍മാരുടെ യോഗത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ശിക്ഷാ നടപടി ശക്തമാക്കാന്‍ എഫ് എസ് എസ് എ ഐ മേധാവി യുധിര്‍ സിംഗ് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കാര്യമായ നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് പുതിയ സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്.
പാക്കേജ്ഡ് വെള്ളത്തിന്റെ ലേബലിംഗും ഗുണമേന്‍മാ നിലവാരവും സംബന്ധിച്ച് ഉപഭേക്താക്കള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ കമ്മീഷണര്‍മോരോട് എഫ് എസ് എസ് എ ഐ ആവശ്യപ്പെട്ടിട്ടുണ്ട്.