കേസുകള്‍ നിരന്തരം പിന്‍വലിക്കുമ്പോള്‍

Posted on: June 17, 2015 6:00 am | Last updated: June 17, 2015 at 12:20 am

SIRAJ.......രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി കേസുകള്‍ പിന്‍വലിക്കുന്നത് യു ഡി എഫ് സര്‍ക്കാറിന്റെ ഒരു ശൈലിയായി മാറിയിരിക്കയാണ്. ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ അവസരം നല്‍കാതെ നിരവധി കേസുകള്‍ ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പിന്‍വലിക്കുകയുണ്ടായി. ചീഫ് സെക്രട്ടറിയായിരുന്ന സി പി നായരെ വധിക്കാന്‍ ശ്രമിച്ച കേസ് പോലീസിന്റെ എതിര്‍പ്പ് അവഗണിച്ചു പിന്‍വലിച്ചത് അടുത്ത ദിവസമാണ്. നായര്‍ അടക്കം എട്ട് ഉദ്യോഗസ്ഥരെ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായ മലയാപ്പുഴ ക്ഷേത്രം ഉപദേശക സമിതിയംഗവും സംഘവും ചേര്‍ന്ന് അമ്പലത്തിനുള്ളിലെ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.പത്തനംതിട്ട കോടതിയിര്‍ കേസിന്റെ നടപടികള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കെയാണ് കേസ് ഉപേക്ഷിക്കുന്നത്. പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്നതിനപ്പുറം സര്‍ക്കാര്‍ നടപടിക്ക് മറ്റ് ന്യായീകരണമൊന്നുമില്ല.
ഹയര്‍സെക്കന്‍ഡറി ഡയരക്ടറായിരുന്ന കേശവേന്ദ്രകുമാറിനെ കരി ഓയിലൊഴിച്ച് അപമാനിച്ച കേസ് അന്വേഷണ ഉദ്യോഗസ്ഥനോട് പോലും ആലോചിക്കാതെ പിന്‍വലിച്ചതും പ്രതികള്‍ കെ എസ് യു പ്രവര്‍ത്തകരാണെന്ന കാരണത്താലായിരുന്നു. കേശവേന്ദ്രകുമാറിന്റെ പരാതിയില്‍ കേസ് അന്വേഷണം നടത്തുന്ന തമ്പാനൂര്‍ സി ഐയോടും പരാതിക്കാരനായ കേശവേന്ദ്രകുമാറിനോടും ആലോചിക്കാതെയും ആഭ്യന്തര വകുപ്പ് അറിയാതെയുമായിരുന്നു പൊതുഭരണ വകുപ്പ് പിന്‍വലിക്കാന്‍ തീരുമാനച്ചത്. തീരുമാനം വിവാദമാകുകയും ഐ എ എസ് അസോസിയേഷന്‍ ഇതിനെതിരെ ശക്തമായി രംഗത്ത് വരികയും ചെയ്തപ്പോള്‍ കേസ് തുടരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി എന്നത് മറ്റൊരു കാര്യം.
തലസ്ഥാനത്ത് എം ജി കോളജില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ഐ മോഹനനെ ബോംബെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചതിനു 32 ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രം ഒന്നാകെ പിന്‍വലിച്ചതും വിവാദമായതാണ്. ഇതില്‍ ഒരു പ്രതിക്ക് പോലീസ് സേനയില്‍ ജോലിക്ക് സെലക്ഷന്‍ ലഭിച്ചത് കൊണ്ടാണ് പിന്‍വലിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഈ പ്രതി നിരപരാധിയാണെന്ന് അദ്ദേഹത്തിന് ബോധ്യമായിട്ടുണ്ടത്രെ. എങ്കില്‍ പിന്നെ നിരപരാധിയെ കേസില്‍ കുടുക്കിയ പോലീസിനെതിരെ നടപടി വേണ്ടതായിരുന്നില്ലേ? അതുണ്ടായില്ല. നിരവധി പ്രതികളില്‍ ഒരാള്‍ അപരാധിയാണെന്നത് കൊണ്ട് എല്ലാവരെയും കുറ്റവുമുക്തരാക്കുന്നതിനും ന്യായീകരയണമില്ല. ആര്‍ എസ് എസുകാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു ഒരു വര്‍ഷത്തോളം ചികിത്സയില്‍ കഴിഞ്ഞ സി ഐ യോട് കേസ് പിന്‍വലിക്കുന്ന കാര്യം ആലോചിച്ചതുമില്ല. യഥാര്‍ഥത്തില്‍ സംഘ്പരിവാര്‍ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയായിരുന്നു സര്‍ക്കാര്‍ നടപടി.
ഹിന്ദുത്വ ഭീകരന്‍ പ്രവീണ്‍ തെഗാഡിയക്കെതിരായ കേസ്, പാമോലിന്‍ കേസ് എന്നിങ്ങനെ നീളുന്നു സര്‍ക്കാര്‍ പിന്‍വലിച്ച കേസുകളുടെ പട്ടിക. അഴിമതി കേസില്‍ സുപ്രീംകോടതി ഒരു വര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ച ആര്‍ ബാലകൃഷ്ണപിള്ളയെ രണ്ട് മാസം മാത്രം ജയിലില്‍ പാര്‍പ്പിച്ചശേഷം മോചിപ്പിച്ചതും ഈ ഗണത്തില്‍ പെടുന്നു. ഇതുസംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് ചോദ്യം ഉയര്‍ന്നപ്പോള്‍ ഗവര്‍മെന്റിന് അതിനു അധികാരമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. രാഷ്ട്രീയക്കാരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഗുരുതരമായ കേസുകളിങ്ങനെ പിന്‍വലിക്കുകയും കോടതി ശിക്ഷിച്ചവരെ മോചിപ്പിക്കുകയും ചെയ്താല്‍ സംസ്ഥാനത്ത് എങ്ങിനെയാണ് നിയമ വാഴ്ച ഉറപ്പാക്കുക. കേരളത്തില്‍ ക്രമസമാധാന രംഗം കൂടുതല്‍ കൂടുതല്‍ വഷളാകുകയാണെന്നാണ് ക്രൈംസ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന സര്‍ക്കാറിന്റെ ഇത്തരം നിലപാടുകളാണതിനൊരു കാരണം. നിയമ പുസ്തകത്തില്‍ ഇങ്ങനെയും ഒരു വകുപ്പുണ്ടെന്നു ജനങ്ങള്‍ അറിയുന്നത് ഈ സര്‍ക്കാര്‍ വന്നത് മുതലാണ്.
നിരപരാധികളായ എത്രയോ പേര്‍ സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്നുണ്ട്. ആഭ്യന്തര വകുപ്പ് തന്നെ സമ്മതിച്ചതാണ് ഇക്കാര്യം. കോടതി നടപടികള്‍ നീളുന്നതിനാല്‍ നിസ്സാര കുറ്റത്തിന്റെ പേരില്‍ തടവിലാക്കപ്പെട്ട് വര്‍ഷങ്ങളോളം വിചാരണാ തടവുകാരായി ദുരിത ജീവിതം നിയക്കേണ്ടി വന്ന ഹതഭാഗ്യരും ആയിരക്കണക്കിനാണ്. ഈ വിധം ഒരു വിഭാഗമാളുകള്‍ അന്യായമായി ശിക്ഷ അനുഭവിക്കേണ്ടി വരുമ്പോഴാണ് ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തപ്പെട്ട മറ്റൊരു വിഭാഗത്തെ ചില പ്രത്യേക ഘട്ടങ്ങളില്‍ പ്രയോഗിക്കാന്‍ സര്‍ക്കാറിന് അനുവദിച്ച ഒരു ആനുകൂല്യത്തിന്റെ മറവില്‍ ചുളുവില്‍ രക്ഷപ്പെടുന്നത്. സാമൂഹിക നീതി ഉറപ്പ് നല്‍കിയ ഒരു ഭരണഘടനക്ക് കീഴില്‍ നീതിക്ക് രണ്ട് തരം തുലാസുകളുണ്ടാകുന്നത് ഭൂഷണമല്ല.