റെയില്‍വേ സ്വകാര്യവത്കരണമോ?

Posted on: June 15, 2015 5:42 am | Last updated: June 14, 2015 at 9:45 pm

ഇന്ത്യയെപ്പോലെ വിശാലമായ ഒരു രാജ്യത്ത് വളര്‍ച്ചയുടെ ജീവനാഡിയാണ് റെയില്‍വേ എന്ന് പറയുന്നത് ഒട്ടും അതിശയോക്തിപരമല്ല. ചരക്ക് നീക്കത്തിന്റെയും യാത്രകളുടെയും ഏറ്റവും വലിയ ഉപാധി റെയില്‍വേ തന്നെ. ഏറ്റവും വലിയ പൊതു മേഖലാ തൊഴില്‍ ദാതാവാണ് അത്. പ്രത്യേക ബജറ്റുണ്ട്. മന്ത്രാലയമുണ്ട്. റെയില്‍വേ വികസനത്തിനുള്ള ആസൂത്രണമുണ്ട്. ഒരു വേള പൊതു ബജറ്റിനേക്കാള്‍ റെയില്‍വേ ബജറ്റിന് പ്രാധാന്യം കൈവരുന്നത് അത് മനുഷ്യരുടെ ജീവിത ഉപാധികളുമായി അത്രയേറെ ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടാണ്. റെയില്‍വേയുടെ ഇന്നത്തെ സ്വഭാവം അപ്പടി പൊളിച്ചു പണിയണമെന്നാണ് ഇതു സംബന്ധിച്ച് നിയോഗിക്കപ്പെട്ട ബിബേക് ദേബ്‌റോയ് കമ്മിറ്റി ശിപാര്‍ശ ചെയ്തിരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം, സദാനന്ദ ഗൗഡ റെയില്‍വേ മന്ത്രിയായപ്പോഴാണ് ഈ കമ്മിറ്റി നിയോഗിക്കപ്പെട്ടത്. പുതുതായി രൂപവത്കരിക്കപ്പെട്ട നിതി ആയോഗില്‍ അംഗമാണ് ബിബിബേക്. ഇപ്പോള്‍ രാജ്യം ഭരിക്കുന്നവരുടെ വികസന മുന്‍ഗണനകളെ പ്രതിഫലിപ്പിക്കുന്നത് തന്നെയാണ് ഈ കമ്മിറ്റിയുടെ ശിപാര്‍ശകള്‍. കാലത്തിനനുസരിച്ചുള്ള മാറ്റം അനിവാര്യമാണെന്ന പതിവ് ന്യായത്തിന്റെ പുറത്ത് വകവെച്ച് കൊടുക്കാവുന്ന നിര്‍ദേശങ്ങളല്ല ഈ കമ്മിറ്റി മുന്നോട്ട് വെച്ചിരിക്കുന്നത്. ഈ സര്‍ക്കാര്‍ വന്ന ശേഷം റെയില്‍വേയിലെ ചരക്ക് നീക്കം സ്വകാര്യ മേഖലക്ക് നല്‍കാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നുണ്ട്. അത് ഏറെക്കുറെ പ്രാബല്യത്തിലാകുമെന്ന് ഉറപ്പാണ്. റെയില്‍വേ ഭൂമി സ്വകാര്യ സംരംഭങ്ങള്‍ക്കായി നല്‍കി വരുമാനം വര്‍ധിപ്പിക്കണമെന്ന നിലപാട് കഴിഞ്ഞ യു പി എ സര്‍ക്കാര്‍ തന്നെ അവതരിപ്പിച്ചതാണ്. റെയില്‍വേ സ്റ്റേഷനുകളുടെ നടത്തിപ്പ് പലയിടത്തും ലീസിന് നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ഈ സ്വകാര്യവത്കരണ നീക്കങ്ങള്‍ക്കൊന്നും വേഗം പോരെന്നും സമ്പൂര്‍ണമായ തുറന്നിടല്‍ ഈ രംഗത്ത് വേണമെന്നുമാണ് ബിബേക് ദേബ്‌റോയ് കമ്മിറ്റി ശിപാര്‍ശകളുടെ ആകെത്തുക. റെയില്‍വേ സ്വകാര്യവത്കരണമല്ല ലക്ഷ്യമെന്ന് റിപ്പോര്‍ട്ട് എടുത്തു പറയുന്നുണ്ട്. എന്നാല്‍ റെയില്‍വേയിലേക്ക് സ്വകാര്യ പ്രവേശം വേണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
ട്രെയിന്‍ സര്‍വീസുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, സുരക്ഷാസംവിധാനം എന്നിവ സ്വകാര്യകമ്പനികളെ ഏല്‍പ്പിക്കണം. റെയില്‍വേ സ്‌കൂളുകളും ആശുപത്രികളും പൂട്ടണം. പരമാവധി വരുമാനം വര്‍ധിപ്പിക്കുകയെന്നതാണ് റെയില്‍വേയുടെ പ്രവര്‍ത്തനലക്ഷ്യമായി നിശ്ചയിക്കേണ്ടത്. ഇങ്ങനെ പോകുന്നു എട്ടംഗസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍. അഞ്ചു വര്‍ഷത്തിനകം സ്വതന്ത്ര റെയില്‍വേ റഗുലേറ്ററെ നിയമിക്കണം. റെയില്‍വേ സര്‍വീസുകളുടെ നിയന്ത്രണം ഈ റഗുലേറ്ററെ ഏല്‍പ്പിക്കണം. റെഗുലേറ്റര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അന്തിമമായിരിക്കും. ഇതോടെ ടെലികോം, വൈദ്യുതി മേഖലകളിലേതുപോലെ റെയില്‍വേയിലും സര്‍ക്കാര്‍ നിയന്ത്രണം അസ്തമിക്കും. റെയില്‍ ബജറ്റിന്റെ ആവശ്യമില്ലെന്ന് കമ്മിറ്റിക്ക് അഭിപ്രായമുണ്ട്. സര്‍ക്കാര്‍ വിഹിതമെന്തെങ്കിലും നല്‍കുന്നുണ്ടെങ്കില്‍ അക്കാര്യം പൊതുബജറ്റില്‍ പരാമര്‍ശിച്ചാല്‍ മാത്രം മതി. റിയല്‍വേ ഇതര സേവനങ്ങളില്‍ നിന്ന് പൂര്‍ണമായി പിന്‍വാങ്ങണമെന്ന് കമ്മിറ്റി നിഷ്‌കര്‍ഷിക്കുന്നു. എന്നുവെച്ചാല്‍ റെയില്‍വേ സ്‌കൂളുകളും ആശുപത്രികളും നടത്തുന്നത് അവസാനിപ്പിക്കണം. ജീവനക്കാരുടെ കുട്ടികളുടെ പഠനത്തിന് കേന്ദ്രീയവിദ്യാലയങ്ങളിലും സ്വകാര്യ സ്‌കൂളുകളിലും സംവിധാനമുണ്ടാക്കണം. സ്വകാര്യആശുപത്രികളില്‍ ചികിത്സാ സൗകര്യമൊരുക്കണം. സുരക്ഷക്ക് റെയില്‍വേ പോലീസിന്റെ ആവശ്യമില്ല. അതിന് അതത് സംസ്ഥാന പോലീസിനെയോ സ്വകാര്യ ഏജന്‍സികളുടെയോ സഹായം തേടാം. ഇക്കാര്യത്തില്‍ ഓരോ സോണിനും സ്വന്തമായി തീരുമാനമെടുക്കാനുള്ള സംവിധാനം ഉണ്ടാകണം.
ഇത്തരമൊരു റിപ്പോര്‍ട്ട് സര്‍ക്കാര്‍ അപ്പടി സ്വീകരിക്കാനിടയില്ലെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. ഇവിടെ റെയില്‍വേയെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതോ അധുനികവത്കരണമോ ഒന്നുമല്ല പ്രശ്‌നം. ലാഭാധിഷ്ഠിത സംവിധാനമായി റെയില്‍വേയെ മാറ്റേണ്ടതുണ്ടോ എന്നതാണ് ചോദ്യം. സാമ്പത്തിക മാന്ദ്യത്തില്‍ വമ്പന്‍ രാഷ്ട്രങ്ങള്‍ പലതും മൂക്കും കുത്തി വീണപ്പോള്‍ ഇന്ത്യ പിടിച്ചു നിന്നത് എങ്ങനെയാണ്? സമ്പദ്‌വ്യവസ്ഥയുടെ ചരടുകളില്‍ ചിലതെങ്കിലും സര്‍ക്കാറിന്റെ കൈയിലുള്ളത് കൊണ്ടാണ്. മിശ്ര സാമ്പത്തിക ക്രമത്തിന് എന്തെല്ലാം ദോഷങ്ങളുണ്ടെങ്കിലും ഒരു നിയന്ത്രിത സാമ്പത്തിക ക്രമം അത് പ്രദാനം ചെയ്യുന്നുണ്ട്. റെയില്‍വേയെപ്പോലെ ബൃഹത്തായ ഒരു സംവിധാനം സ്വകാര്യ മേഖലക്ക് തുറന്ന് കൊടുക്കുമ്പോള്‍ കമ്പോളശക്തികള്‍ക്ക് സമ്പദ്‌വ്യവസ്ഥ കൂടുതല്‍ കീഴ്‌പ്പെടുകയാണ് ചെയ്യുന്നത്. ക്ഷേമ രാഷ്ട്ര സങ്കല്‍പ്പം പൂര്‍ണമായി ഉപേക്ഷിക്കുന്നതിന്റെ അപായ സൂചനയും ഇത്തരം റിപ്പോര്‍ട്ടുകള്‍ നല്‍കുന്നുണ്ട്. ദരിദ്രരെയും പാര്‍ശ്വത്കരിക്കപ്പെട്ടവരെയും ഉള്‍ക്കൊള്ളുന്ന ഭരണ, സാമ്പത്തിക നയമാണ് ഇന്ത്യയില്‍ വിഭാവനം ചെയ്യപ്പെട്ടത്. കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്ക് വേണ്ടി ആ തനതായ സ്വഭാവം ബലികഴിക്കുമ്പോള്‍ രാഷ്ട്രത്തിന്റെ മുഖം തന്നെയാണ് മാറുന്നത്. അങ്ങനെ സാധ്യമാകുന്ന തിളക്കം അയഥാര്‍ഥവും അനീതിയും ആയിരിക്കും.