ജൈവ കോര്‍പറേറ്റുകള്‍

Posted on: June 12, 2015 5:54 am | Last updated: June 11, 2015 at 11:56 pm

ലാറി ബേക്കര്‍ തുടങ്ങി വെച്ച ഭവന/കെട്ടിട നിര്‍മാണ പരിവര്‍ത്തനം സ്വന്തം ജീവിത ചര്യയാക്കി ഏറ്റെടുത്ത പ്രമുഖനാണ് ജി ശങ്കര്‍. അദ്ദേഹം നേതൃത്വം നല്‍കുന്ന സ്ഥാപനമായ ഹാബിറ്റാറ്റ് ലോകത്തെമ്പാടുമായി ആയിരക്കണക്കിന് കെട്ടിടങ്ങളാണ് പ്രകൃതിക്കും മനുഷ്യനും അവരുടെ കീശക്കും അനുയോജ്യമായി പണിതുയര്‍ത്തിയിരിക്കുന്നത്. ഇത്തരം വീടുകളെ ചെലവു കുറഞ്ഞ വീട് എന്നാണ് പൊതുവെ വിശേഷിപ്പിക്കാറുള്ളത്. ഇതൊരു ഫാഷനായി പടര്‍ന്നു പിടിച്ച കാലത്ത് താന്‍ കേള്‍ക്കേണ്ടി വന്ന ഒരു തമാശ ഇപ്രകാരമായിരുന്നുവെന്ന് ശങ്കര്‍ പറയുന്നു. ഒരു ദിവസം തന്റെ ആപ്പീസില്‍ കയറിവന്ന ഒരു മാന്യദേഹം ശങ്കറിനോട് ആവശ്യപ്പെട്ടത്; ചെലവെത്രയായാലും വേണ്ടില്ല! ഒരു ചെലവു കുറഞ്ഞ വീട് കെട്ടിത്തരണം എന്നായിരുന്നുവത്രെ. ഇതൊരു പക്ഷെ സാങ്കല്‍പിക തമാശയാവാം. എന്നിരുന്നാലും, ചെലവുകുറഞ്ഞ വീട് എന്ന ആശയം ഫാഷനായി പടര്‍ന്നപ്പോള്‍ വന്നു ഭവിച്ച ഒരു വിപരിണാമത്തെ ഈ ഭാവന കൃത്യമായി അടയാളപ്പെടുത്തുന്നു. തത്തുല്യമായ ഒരു ഭാവന, ജൈവകൃഷി ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിലും സംഭവിക്കാനിട കാണുന്നു. അതിപ്രകാരമാണ്, വിഷമെത്രയടിച്ചതായാലും ആരടിച്ചാലും വിരോധമില്ല എനിക്ക് ജൈവ കൃഷി ഉത്പന്നങ്ങളാണ് വേണ്ടത് എന്ന ആവശ്യവുമായി മാന്യമഹാജനങ്ങള്‍, ജൈവ മാര്‍ക്കറ്റിലേക്ക് ഇടിച്ചു കയറിത്തുടങ്ങിയിരിക്കുന്നു.
സ്വന്തം വിജയത്തിന്റെ തന്നെ ഇരയായി മാറുന്ന ഒരു ആശയമായി ജൈവ കൃഷി പരിണമിച്ചു കൊണ്ടിരിക്കുകയാണ്. രാസവളങ്ങളും രാസകീടനാശിനികളും പ്രയോഗിക്കാത്തതും നാടന്‍ വിത്തിനങ്ങളില്‍ നിന്നുത്പാദിപ്പിച്ചതുമായ കാര്‍ഷിക വിള ഉത്പന്നങ്ങള്‍ എല്ലാവരുടെയും അത്യാവശ്യമായി മാറുന്ന ഉപദേശവ്യാപനങ്ങളും വാര്‍ത്താനിര്‍മിതികളും കൊണ്ട് മാധ്യമങ്ങളും പൊതുബോധവും നിബിഡമായിരിക്കുന്നു. കേരളത്തിന്റെ മണ്ണില്‍ മാത്രമല്ല വിണ്ണിലും (ടെറസില്‍ എന്നും പറയും) ജൈവ പച്ചക്കറി കൃഷി ചെയ്യുകയും വിളയിക്കുകയും ചെയ്യുന്ന കാര്യത്തില്‍ സകലരും മത്സരിക്കുകയാണ്. ഈ പ്രചാരണവേലയില്‍ വീണ് പരിക്ഷീണനായ ഞാനും ഈയടുത്ത കാലത്ത് ചീരയുടെയും വെണ്ടയുടെയും മുളകിന്റെയും ചില ‘തനി നാടന്‍’ വിത്തിനങ്ങള്‍ ഒരു ജൈവ കൃഷി വിത്തുകടയില്‍ പോയി വാങ്ങിച്ചു. വീട്ടിലെത്തി പാക്കറ്റ് പൊളിച്ചു നോക്കിയപ്പോള്‍, വിത്തുകളെല്ലാം വിവിധ വര്‍ണങ്ങളടിക്കപ്പെട്ട് ശബളിതമായി വിലസുന്നു. ഇതെന്തു വിദ്യ എന്നോര്‍ത്ത് ജൈവകൃഷിയില്‍ സ്വയം അഭിരമിക്കുന്ന പ്രിയ സുഹൃത്തിനെ വിളിച്ചാരാഞ്ഞു. വിത്തുകള്‍ തിരിച്ചറിയാന്‍ ഇത് പതിവാണെന്നായിരുന്നു മറുപടി. ഓ.. നല്ല കാര്യം. ബേക്കറിയിലെ ജിലേബിയിലും ലഡുവിലുമടിക്കുന്ന കളറിലും സദ്യയിലെ അജിനോമോട്ടോയിലും വികാരം കൊള്ളുന്നവര്‍ക്കായി ഇറക്കപ്പെടുന്ന കൃഷി വിത്തുകള്‍ ജൈവമാണെന്നു തിരിച്ചറിയാനാകും ഈ കളറടി. നടക്കട്ടെ നടക്കട്ടെ.
വന്നു വന്ന്; ജൈവ കൃഷി പ്രചാരണവും ഭക്ഷണവസ്തുക്കളിലെയും പാക്ക്ഡ് ഉത്പന്നങ്ങളിലെയും വമ്പിച്ച മായങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും ചേര്‍ന്ന് ബഹുരാഷ്ട്ര ഭീമന്‍ കോര്‍പറേറ്റായ നെസ്‌ലെയുടെ കഴുത്തില്‍ പിടിമുറുക്കുന്നത് കണ്ടപ്പോള്‍, കോര്‍പറേറ്റ് വിരോധികളായി അണിനിരക്കുന്ന വിപ്ലവകാരികള്‍ മുതല്‍ സ്വദേശിക്കാര്‍ വരെ അത്യധികം ആഹ്ലാദിച്ചു. മാഗി ന്യൂഡില്‍സില്‍ ലെഡ്ഡും അജിനോമോട്ടോയും കൂടിയ അളവിലുണ്ടെന്ന് കണ്ടെത്തുകയും അവയുടെ വില്‍പന രാജ്യമെമ്പാടും നിരോധിക്കപ്പെടുകയും ചെയ്തു. നെസ്‌ലെ എന്ന കമ്പനി തന്നെ ഇന്ത്യന്‍ കമ്പോളത്തില്‍ കാലിടറുന്നതോടെ ലോകത്താകെ തകര്‍ന്നടിയുമെന്നും ചിലര്‍ ദിവാസ്വപ്നം കണ്ടു. കോര്‍പറേറ്റ് വാഴ്ച അവസാനിച്ച് പ്രകൃതി സ്‌നേഹപരവും പരിസ്ഥിതി സന്തുലിതവുമായ ഒരു ലോകത്തിലേക്കുള്ള ചുവടുവെപ്പായി മാഗിയെ അറബിക്കടലില്‍ കെട്ടിത്താഴ്ത്തുന്ന നടപടി വളരുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. സൈദ്ധാന്തികര്‍, ഇതിനെ ആള്‍ക്കൂട്ട ബഹളത്തില്‍ നിന്ന് ജനസഞ്ചയ തീരുമാനമായി വ്യാഖ്യാനിച്ചുകളയുമോ എന്നുമറിയില്ല.
യാഥാര്‍ത്ഥ്യം ഇതിനിടയിലൊന്നും ആരും ചര്‍ച്ച ചെയ്യുന്നത് പോയിട്ട് കാണുന്നതായി പോലും കാണുന്നില്ല. അത് മറ്റൊന്നുമല്ല. വളര്‍ന്നു വരുന്ന അഥവാ വളര്‍ത്തിയെടുക്കപ്പെടുന്ന ജൈവകാര്‍ഷിക ഉത്പന്നങ്ങളുടെ മാര്‍ക്കറ്റ്, കോര്‍പറേറ്റുകള്‍ തന്നെയാണ് കൈയടക്കി കൊണ്ടിരിക്കുന്നത്. നെസ്‌ലെ അതേ പേരിലോ മറ്റൊരു ജൈവപ്പച്ചയണിയിച്ച മാറ്റപ്പേരിലോ ജൈവ ന്യൂഡിലുകളുമായി പുനര്‍ജനിക്കുമെന്നതുറപ്പാണ്. 2004ല്‍ തന്നെ ന്യൂയോര്‍ക്കിലെ ടൈം വാര്‍ണര്‍ സെന്ററിലുള്ള പുതിയ ഷോപ്പിംഗ് മാളിനകത്ത്, ടെക്‌സാസ് ആസ്ഥാനമായുള്ള നാച്വറല്‍ ഫൂഡ് ചെയ്‌നായ ഹോള്‍ ഫൂഡ്‌സ് ഒരു പുതിയ പലചരക്കു കട തുടങ്ങി. അമ്പത്തിയൊമ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ സ്റ്റോറിന്റെ പരസ്യവാചകം ഇപ്രകാരമായിരുന്നു. പലചരക്കിനെ സംബന്ധിച്ച അവസാന വാക്യം, ജീവിതശൈലി ഉപഭോഗത്തിന്റെ ഉയര്‍ന്ന അനുഭവം! (Ultimate Grocery and Lifestyle Shopping Experience). കര്‍ഷകരോ അവരുടെ കൂട്ടായ്മകളോ നേരിട്ട് എത്തിക്കുന്ന ജൈവ ഉത്പന്നങ്ങളും കൊച്ചു കടകളുമാണ് ഈ മേഖലയില്‍ മുമ്പ് നിലനിന്നിരുന്നത്. കേരളത്തിലെ ചെറു നഗരങ്ങളില്‍ പോലും എയര്‍കണ്ടീഷന്‍ ചെയ്ത ജൈവ/ഓര്‍ഗാനിക്/നാച്വറല്‍ ഉത്പന്നങ്ങളുടെ ഡിസൈനര്‍ ഷോപ്പുകള്‍ ഈയിടെയായി പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. മാളുകളിലും കോര്‍പറേറ്റുകളുടെ ചെയിന്‍ സ്റ്റോറുകളിലും ജൈവ ഉത്പന്നങ്ങളുടെ പ്രത്യേക കൗണ്ടറുകളും ഷെല്‍ഫുകളും സജ്ജമായിരിക്കുന്നു. അമേരിക്കയില്‍ ജെനറല്‍ മില്‍സ്, നെസ്‌ലെ, കൊക്ക കോള തുടങ്ങിയ പടുകൂറ്റന്‍ കോര്‍പ്പറേറ്റുകള്‍ വാങ്ങിക്കൂട്ടിയ പതിനായിരക്കണക്കിന് ഹെക്ടറുകള്‍ വരുന്ന കൃഷിയിടങ്ങളില്‍ ജൈവ കൃഷി ഉത്പന്നങ്ങളാണത്രെ വിളയിക്കുന്നത്. ചെറിയ കൃഷിയിടങ്ങളും, ഗ്രാമീണ സമുദായങ്ങളും, സാമൂഹ്യ നീതിയും, മൃഗങ്ങളോടും മറ്റുമുള്ള മാനുഷിക പരിഗണനകളും എന്നിങ്ങനെ കാര്‍ഷിക സംസ്‌കാരത്തെ നവീകരിക്കേണ്ട ആശയങ്ങള്‍ക്കു പകരം; ടാര്‍ജറ്റുകളും ഇന്‍സെന്റീവുകളും പെര്‍ഫോമന്‍സ് റിവ്യൂകളും മാര്‍ക്കറ്റ് ചാമ്പ്യന്മാരും മറ്റും മറ്റുമായി കോര്‍പറേറ്റ് ഭാഷകളിലേക്ക് ജൈവകൃഷിയും തളക്കപ്പെട്ടിരിക്കുന്നു.
എല്ലാം അവസാനിച്ചു എന്നോ എല്ലാം തട്ടിപ്പാണ് എന്നോ അല്ല പറഞ്ഞു വരുന്നത്. ജൈവകൃഷി, വിഷമുക്ത ഉത്പന്നങ്ങള്‍ എന്നിവയും രാസവളം, കീടനാശിനി, അമിത ലാഭം എന്നിവയും തമ്മിലുള്ള ഏക വൈരുദ്ധ്യമായി ഈ വിഷയത്തെ ഒതുക്കരുതെന്ന് പറയാനാണ് ശ്രമിക്കുന്നത്. ജൈവകൃഷിക്കകത്തും മനുഷ്യനും കോര്‍പറേറ്റുകളും തമ്മിലുള്ള കഴുത്തറപ്പന്‍ മത്സരം ആരംഭിച്ചിരിക്കുന്നു എന്ന വസ്തുത നാം കാണാതിരിക്കരുത്. 2002ല്‍ തന്നെ അമേരിക്കയിലെ ഓര്‍ഗാനിക് ഉത്പന്ന വിപണിയുടെ മൊത്തം വിറ്റുവരവ് 11 ബില്യന്‍ ഡോളര്‍ കവിഞ്ഞിരുന്നു. ഹോള്‍ ഫുഡ്‌സ് റീട്ടെയില്‍ ചെയ്‌നിനു പുറമെ, വാള്‍മാര്‍ട്ടും പ്രൈസ് ചോപ്പറും 7-ഇലവനും പോലുള്ള മെഗാസ്റ്റോറുകളും ജൈവ ഉത്പന്ന മേഖലയില്‍ പിടി മുറുക്കിക്കഴിഞ്ഞു. നമ്മുടെ നാട്ടില്‍ തന്നെ നോക്കുക, പത്തു പതിനഞ്ച് വര്‍ഷം മുമ്പ് മിനറല്‍ വാട്ടര്‍ കുപ്പികള്‍ ഒരു ലിറ്ററിന് ഇരുപതു രൂപക്ക് വാങ്ങി സാധാരണക്കാര്‍ ഉപയോഗിക്കുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? വെള്ളത്തിലൂടെ പകരുന്ന പകര്‍ച്ച വ്യാധികളെക്കുറിച്ചും മാലിന്യത്തെക്കുറിച്ചുമുള്ള നിറം പിടിപ്പിച്ച കഥകളും വാര്‍ത്തകളും പടര്‍ത്തിവിട്ടതിന്റെ പരിണതഫലമായിട്ടാണ് മിനറല്‍ വാട്ടര്‍ വിപണി തഴച്ചു വളര്‍ന്നത്. മിനറല്‍ വാട്ടര്‍ നിറച്ചു വില്‍ക്കാനുള്ളതും പിന്നീട് നിര്‍ബന്ധമായും കളയണമെന്ന് നിര്‍ദേശിക്കപ്പെടുന്നതുമായ കൃത്രിമ കുപ്പികള്‍ തലങ്ങും വിലങ്ങും വലിച്ചെറിയുന്നതിലൂടെ ജൈവപ്രകൃതിക്കും ജലസ്രോതസ്സുകള്‍ക്കും മേലുണ്ടാക്കുന്ന ആഘാതത്തിന്റെ എത്രയോ കുറവ് പരിശ്രമം മാത്രം മതിയായിരുന്നു; സാമൂഹ്യമായ ജലവിതരണ ശൃംഖലയെ വൃത്തിയായും വെടുപ്പായും മാലിന്യമുക്തമായും നിലനിര്‍ത്താനും വികസിപ്പിക്കാനുമുള്ള മുന്നേറ്റത്തിന്.
അമേരിക്കയിലെ പ്രമുഖ ഓര്‍ഗാനിക് ഉത്പന്ന നിര്‍മാതാക്കളുടെ പിറകില്‍ ആരാണുള്ളതെന്ന് ഇതു സംബന്ധമായ പഠനം നടത്തിയ കാര്‍മെലോ റൂയിസ് മറെറോ വെളിപ്പെടുത്തുന്നു. ഹെല്‍ത്ത് വാലി, ബീറിറ്റോസ്, ബ്രെഡ് ഷോപ്പ്, സെലസ്റ്റ്യല്‍ സീസണിംഗ് എന്നീ ജൈവ ബ്രാന്റുകള്‍ നിര്‍മിക്കുന്നത് ഹെയിന്‍ സെലസ്റ്റ്യലാണ്. ഫിലിപ്പ് മോറിസും മൊണ്‍സാന്റോയും സിറ്റിഗ്രൂപ്പും എക്‌സോണ്‍ മൊബീലും വാള്‍മാര്‍ടും ആകാശ സൈനിക കരാറുകാരനായ ലൊക്കീഡ് മാര്‍ടിനുമാണ്, ഹെയിന്‍ സെലസ്റ്റ്യലിനു വേണ്ടി പണം മുടക്കിയിരിക്കുന്നത്. സ്മാള്‍ പ്ലാനറ്റ് ഫൂഡിന്റെ അനുബന്ധ സ്ഥാപനമായ കാസ്‌ക്കേഡിയന്‍ ഫാംമ്‌സിന്റെ പുറകിലുള്ളത് ജെനറല്‍ മില്‍സാണ്. ജനറല്‍ മില്‍സിന്റെ ഓഹരി ഉടമകള്‍ ഫിലിപ് മോറിസും എക്‌സോണ്‍ മൊബീലും ജെനറല്‍ ഇലക്ട്രിക്കും ഷെവ്‌റോണും നൈക്കും മക് ഡൊണാള്‍ഡ്‌സും മൊണ്‍സാന്റോയും ഡുപോണ്ടും ഡൗ കെമിക്കലും പെപ്‌സിക്കോയുമാണ്. ഡീന്‍ഫുഡ്‌സ് സബ്‌സിഡിയറിയായ വൈറ്റ് വേവ് കോര്‍പ്പറേഷന്‍ നടത്തുന്ന സില്‍ക്ക് സോയ് ഡ്രിങ്കിനു പിന്നിലുള്ളത്, മൈക്രോസോഫ്റ്റും സിറ്റിഗ്രൂപ്പും ഫൈസറും ഫിലിപ് മോറിസും എക്‌സോണ്‍ മൊബീലും കൊക്കകോളയും വാള്‍മാര്‍ട്ടും പെപ്‌സിക്കോയും തന്നെയാണ്. ജൈവ ഓറഞ്ച് ജ്യൂസായ ഓഡ്‌വാല ഉത്പാദിപ്പിക്കുന്നത് കൊക്കകോള തന്നെയാണ്. ആരോ ഹെഡ് വാട്ടര്‍, പോളണ്ട് സ്പ്രിംഗ് വാട്ടര്‍ എന്നിവ ഉത്പാദിപ്പിക്കുന്നത് സാക്ഷാല്‍ നെസ്‌ലെ തന്നെ. പട്ടിക നീട്ടുന്നില്ല.
കോര്‍പറേറ്റുകള്‍ അവരുടേതായ ക്രമങ്ങളും നിലവാരനിര്‍ണയനങ്ങളുമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അവര്‍ തന്നെ ഇടക്കിടെ സ്വയം പിടി കൊടുക്കുന്നത് മറ്റു മേഖലകള്‍ വികസിപ്പിക്കുന്നതിനുള്ള ലാഭക്കണ്ണുകള്‍ തെളിഞ്ഞതുകൊണ്ടു മാത്രമാണ്. മാഗിക്കു പുറകെ പായുന്ന ഫുഡ് ഇന്‍സ്‌പെക്ടര്‍മാരും ജനമൈത്രി പോലീസുകാരും, വിഷപ്പടക്കാന്‍ ഇത്തിരി ജൈവ-മാഗി ന്യൂഡില്‍സ് കഴിക്കട്ടെ. അതിന്റെ വേവുപുരകള്‍ നെസ്‌ലെയുടെ അടുക്കളകളില്‍ ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ടാവും. നിങ്ങളുടെ വിശപ്പുകള്‍ മാത്രം കെടാതെ സൂക്ഷിക്കുവിന്‍.