Connect with us

Malappuram

പെരിന്തല്‍മണ്ണ നഗരസഭാ പദ്ധതികള്‍ക്ക് അംഗീകാരം

Published

|

Last Updated

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയുടെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ചുകൊണ്ടുള്ള 1054.49 ലക്ഷം രൂപ അടങ്കല്‍ വരുന്ന 2015-16 ലെ വാര്‍ഷിക പദ്ധതികളാണ് ഈ വര്‍ഷം വിഭാവനം ചെയ്തിട്ടുള്ളത്. ഉത്പാദന മേഖലയെ പരിപോഷിപ്പിക്കുന്നതിനായി 99.11 ലക്ഷം രൂപയുടെ പ്രൊജക്ടുകള്‍ നഗരസഭ ഏറ്റെടുത്തു കഴിഞ്ഞു. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മാത്രം 40.20 ലക്ഷം രൂപയുടെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ആശുപത്രി നഗരമായ പെരിന്തല്‍മണ്ണയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ ഉന്നമനത്തിനും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കുമായി 35.40 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. സേവന മേഖലക്ക് 513.61 ലക്ഷം രൂപ നീക്കി വെച്ചിട്ടുള്ളതാണ്. വിദ്യാഭ്യാസ ഗുണനിലവാരവും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനും യുവജന വികസന പരിപാടിക്കുമായി 70.12 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.
ദാരിദ്ര്യ ലഘൂകരണ പ്രവൃത്തികള്‍ക്കായി 90.10 ലക്ഷം രൂപയും അംഗപരിമിതരുടെ മോക്ഷത്തിനായി 15.50 ലക്ഷം രൂപയും അങ്കണ്‍വാടി പ്രവര്‍ത്തനങ്ങള്‍ക്കായി 60.49 ലക്ഷം രൂപയും അഴുക്കുചാല്‍ ശുചീകരണത്തിനായി പത്ത് ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. കൂടാതെ നഗരസഭാ പ്രദേശത്തെ റോഡ് വികസന പദ്ധതികള്‍ക്കായി 441.67 ലക്ഷം രൂപയും വകയിരുത്തിയിട്ടുള്ളതാണ്. അംഗീകാരം ലഭ്യമായ പദ്ധതികള്‍ ഈ കൗണ്‍സിലിന്റെ സമയപരിധിക്കുള്ളില്‍ തന്നെ നിര്‍വഹണം നടത്തി പൂര്‍ത്തീകരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് നഗരസഭാ കൗണ്‍സില്‍.