കാര്‍ഷിക ഗവേഷണം പ്രായോഗികോന്മുഖവും കര്‍ഷകസൗഹൃദവുമാകണം : കൃഷിമന്ത്രി

Posted on: June 6, 2015 11:45 am | Last updated: June 6, 2015 at 12:46 pm

തൃശൂര്‍: കാര്‍ഷിക ഗവേഷണം പ്രായോഗികോന്മുഖവും കര്‍ഷകസൗഹൃദവുമാകുന്നുവെന്ന് ഗവേഷകര്‍ ഉറപ്പു വരുത്തണമെന്ന് കൃഷിമന്ത്രി കെ പി മോഹനന്‍ പറഞ്ഞു. വിളപരിപാലന മുറകളുടെ പരിഷ്‌കരണത്തിനായി കേരള കാര്‍ഷിക സര്‍വകലാശാല സംഘടിപ്പിച്ച ദ്വിദിന സംസ്ഥാന ശില്‍പശാല വെള്ളാനിക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജൈവ കൃഷിക്കായി വിളപരിപാലന മുറകളുടെ പ്രത്യേക സംഗ്രഹം തയ്യാറക്കാനുള്ള സര്‍വകലാശാലയുടെ ഉദ്യമത്തെ മന്ത്രി ശ്ലാഘിച്ചു. 2016 ല്‍ പൂര്‍ണ ജൈവ സംസ്ഥാനമായി മാറാന്‍ കേരളം ഒരുങ്ങുമ്പോള്‍ ജൈവകൃഷിക്ക് പ്രത്യേക പാക്കേജ് രൂപീകരിക്കുന്നത് സമുചിതമാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ പുതിയവിളയിനങ്ങള്‍ കര്‍ഷക പ്രതിനിധികള്‍ക്ക് വിതരണം ചെയ്തുകൊണ്ട് മന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു.
കര്‍ഷകര്‍ക്ക് വേണ്ടി പുതിയ വിളപരിപാലന മുറ സംഗ്രഹം മലയാളത്തിലും പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശ്യമുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. പി രാജേന്ദ്രന്‍ പറഞ്ഞു. ഗവേഷണ ഡയറക്ടര്‍ ഡോ. ടി ആര്‍ ഗോപാലകൃഷ്ണന്‍ പുതിയ വിളയിനങ്ങളുടെ സവിശേഷതകള്‍ വിശദീകരിച്ചു. ഭരണ സമിതിയംഗം അജി ഫ്രാന്‍സിസ്, കൃഷി ഡയറക്ടര്‍ ആര്‍ അജിത്കുമാര്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ഡോ. കെ പ്രതാപന്‍, വിജ്ഞാന വ്യാപന അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ഡോ. ജോസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. വിജ്ഞാന വ്യാപന ഡയറക്ടര്‍ ഡോ. പി വി ബാലചന്ദ്രന്‍ സ്വാഗതവും ശില്പശാല ജനറല്‍ കണ്‍ വീനര്‍ ഡോ. എസ് എസ്റ്റലീറ്റ നന്ദിയും പറഞ്ഞു.