നികുതി വരുമാനം ഇത്ര മതിയോ…?

Posted on: June 6, 2015 6:00 am | Last updated: June 6, 2015 at 11:13 am

Walayar check post between the state of Kerala and Tamil Nadu

പെട്രോളിയം ഉത്പന്നങ്ങളുടെയും, നിത്യോപയോഗ സാധനങ്ങളുടെയും വില ക്രമാതീതമായി ഉയര്‍ന്ന കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ സംസ്ഥാനത്തിന്റെ ഖജനാവിലേക്കെത്തിയ നികുതിയില്‍ തൊട്ടുമുമ്പുള്ള വര്‍ഷത്തേക്കാളുള്ള വര്‍ധന വെറും 2487.24 കോടി രൂപമാത്രം. സേവന മേഖലയില്‍ സംസ്ഥാനം കൈവരിച്ച നേട്ടവും, അധിക നികുതിയെല്ലാമുണ്ടായിട്ടും സംസ്ഥാനം നികുതി പിരിവില്‍ ലക്ഷ്യമിട്ട തുകയുടെ അടുത്തെങ്ങുമെത്തിയില്ലെന്നുള്ള യാഥാര്‍ഥ്യം എന്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.?.
ഒരു കണ്‍സ്യൂമര്‍ സംസ്ഥാനമെന്ന നിലയില്‍ ഏറ്റവും കൂടതല്‍ വില്‍പ്പന നടക്കുന്ന കേരളത്തിലെ ഒരു വര്‍ഷത്തെ നികുതിവരുമാന വളര്‍ച്ചയുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. കാലാകാലങ്ങളിലായി കൂടുതല്‍ നടപടികളൊന്നുമെടുക്കാതെ തന്നെ നികുതി വരുമാനത്തില്‍ വന്‍ വളര്‍ച്ച അനുഭവപ്പെടുന്ന സംസ്ഥാനത്തെ കഴിഞ്ഞ വര്‍ഷത്തെ നികുതി വരുമാനക്കണക്ക് വിശ്വസിക്കാനാകത്ത തരത്തിലേക്കാണ് ഇടിഞ്ഞിരിക്കുന്നത്. 2013-14 വര്‍ഷത്തില്‍ സംസ്ഥാനം വാണിജ്യ നികുതിയിനത്തില്‍ പിരിച്ചെടുത്തത് 25376.25 കോടി രൂപയായിരുന്നു. ഇതില്‍ 12.61 ശതമാനം കൂടി ചേര്‍ത്ത് 32000 കോടിയാണ് 2014-15 ല്‍ പിരിച്ചെടുക്കാനായി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയായ കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാന ഖജനാവിലെത്തിയത് വെറും 27863.59 കോടി മാത്രം. അധികമായി ലഭിച്ചത് 2487.24 കോടിരൂപ. അഥവാ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ നികുതി വളര്‍ച്ച 9.8 ശതമാനം മാത്രം. ഒപ്പം 19.02 ശതമാനമുണ്ടായിരുന്ന നികുതി വളര്‍ച്ചാ നിരക്ക് കുത്തനെ ഒറ്റയക്കത്തിലേക്ക് തകര്‍ന്നിടിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ നികുതി വളര്‍ച്ചാ നിരക്ക് 9.80 ലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്. ലക്ഷ്യമിട്ട തുകയിലെ കുറവ് 4137 കോടി. ഇത് അധികമായി ലഭിച്ചതിന്റെ രണ്ടിരട്ടി വരും.
സാധാരണ ഗതിയില്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമാസങ്ങളില്‍ നികുതി പിരിവിലുണ്ടാകാറുള്ള മാന്ദ്യത അവസാന മാസത്തില്‍ പരിഹരിക്കപ്പെടാറാണ് പതിവ്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാനമാസമായ മാര്‍ച്ചിലെ നികുതി പിരിവ് കണക്കുകള്‍ ഈ പതിവും തെറ്റിക്കുന്നതാണ്. മാര്‍ച്ചില്‍ പിരിച്ചെടുത്തത് 3051.30 കോടിയായിരുന്നു. തൊട്ടുമുമ്പുള്ള ഫെബ്രുവരിയില്‍ ലഭിച്ചത് 2481.59 കോടി. അധികം ലഭിച്ചത് 570 കോടി. സാധാരണ മാര്‍ച്ച് മാസങ്ങളിലെ നികുതിവരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ചെറിയ വര്‍ധനയാണെന്ന് വിദഗ്ധര്‍ പറയുന്നു. ഈ സാമ്പത്തിക വര്‍ഷം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ നികുതി പിരിവില്‍ മൈനസ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മധ്യകേരളത്തിലെ ഒരു പ്രത്യേക ബെല്‍റ്റായ ഈ ജില്ലകളിലെ നികുതി കുറവിന് റബറിന്റെ വിലയിടിവാണ് കാരണമായി പറയുന്നതെങ്കിലും വ്യക്തമായ കാരണം കണ്ടെത്താന്‍ പോലും വകുപ്പിന് കഴിഞ്ഞിട്ടില്ല.
2013-14 ല്‍ 181.48 കോടി നികുതി വരുമാനം നല്‍കിയ പത്തനംതിട്ട ഇത്തവണ ഖജനാവിലേക്ക് നല്‍കിയത് 173.53 കോടിയാണ്. 327.01 കോടി കഴിഞ്ഞ തവണ നല്‍കിയ ആലപ്പുഴയില്‍ നിന്ന് ഇത്തവണ ലഭിച്ചത് 325.33 കോടി. 582. 23 കോടി കഴിഞ് വര്‍ഷം കിട്ടിയ കോട്ടയത്ത് നിന്ന് ഇത്തവണ പിരിച്ചെടുത്തത് 544.33 കോടി മാത്രമാണ്. ഒപ്പം 200.68 കോടി കഴിഞ്ഞ വര്‍ഷം ലഭിച്ച ഇടുക്കിയില്‍ അത് 200.18 കോടിയായുമാണ് കുറഞ്ഞിരിക്കുന്നത്.
മദ്യം ഒഴികെ സ്വര്‍ണം, വാഹനം, റബര്‍, എന്നീ ഇനങ്ങളിലെല്ലാം നികുതി വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളരെ കുറഞ്ഞിട്ടുണ്ട്. പ്രമുഖ സ്വര്‍ണാഭരണ ശാലകളെല്ലാം സംസ്ഥാന വ്യാപകമായി ഒട്ടേറെ ശാഖകള്‍ തുറക്കുകയും വില്‍പ്പനയില്‍ റെക്കോര്‍ഡിടുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഈ മേഖലയില്‍ നിന്നുള്ള നികുതി വരുമാനം കുറയുന്നവെന്നത് ദുരൂഹതയുയര്‍ത്തുന്നതാണ്. അതേസമയം മദ്യത്തില്‍ നിന്നുള്ള വരുമാനമാണ് ഖജനാവിനെ താങ്ങി നിര്‍ത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനമാണ് മദ്യത്തില്‍ നിന്നുള്ള നികുതി വര്‍ധന. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ ബാറുകള്‍ അടച്ചിട്ടതുമൂലം സര്‍ക്കാറിന്റെ ബീവറേജ് ഔട്ട്‌ലെറ്റുകളിലെ വില്‍പ്പന ക്രമാതീതമായി കുതിച്ചുയര്‍ന്നതാണ് നികുതി വരുമാനത്തിന് ഗുണമായത്. എന്നാല്‍ ബാറുകള്‍ അടച്ചിട്ടതിനാല്‍ ഈ മേഖലയില്‍ നിന്നുള്ള നികുതി വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 34 ശതമാനം കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. അതോടൊപ്പം റബര്‍ മേഖലയിലെ നികുതി വരുമാനം കുറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 32 ശതമാനത്തിന്റെ കുറവ് വരുമിത്. അതേസമയം റബര്‍ വിലയിടിവിനെ തുടര്‍ന്ന് കര്‍ഷകരെ സഹായിക്കാന്‍ രണ്ടുമാസത്തോളം നികുതിയിളവ് നല്‍കിയതിലൂടെ 50 കോടിയുടെ നഷ്ടവുമുണ്ടായി. എന്നാല്‍ സര്‍ക്കാറിന് നികുതി നഷ്ടമുണ്ടായതല്ലാതെ കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നില്ല.
സ്വര്‍ണ മേഖലയില്‍ നിന്നുള്ള നികുതി വരുമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടുശതമാനം കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. 2013-14 വര്‍ഷത്തില്‍ 261 കോടി ലഭിച്ചിരുന്ന സ്വര്‍ണമേഖലയില്‍ നിന്ന് ഈ വര്‍ഷം 255 കോടിയാണ് ലഭിച്ചത്. മുന്‍വര്‍ഷം 2161 കോടി ലഭിച്ചിരുന്ന വാഹന വില്‍പ്പന ഇനത്തില്‍ നിന്നുള്ള നികുതി വരുമാനത്തില്‍ ഈ വര്‍ഷം 43 കോടിയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാണിജ്യ നികുതി വെട്ടിപ്പ് നടന്ന പാലക്കാട് വാളയാര്‍ ചെക്‌പോസ്റ്റില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടുകോടിയിലേറെ രൂപയുടെ നികുതി നഷ്ടമായതായി കണക്കുകള്‍ പറയുന്നു. 2013-2014 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2014-15 വര്‍ഷത്തില്‍ വാളയാറില്‍ 118000 ചരക്കു വാഹനങ്ങള്‍ കുറഞ്ഞെന്നാണ് വാളയാറിലെ വാണിജ്യ നികുതി വിഭാഗത്തിന്റെ കണക്ക്. വാളയാറിനെ അപേക്ഷിച്ച് പരിശോധന കുറഞ്ഞ വേലന്താവളമുള്‍പ്പെടെയുള്ള ചെക്‌പോസ്റ്റുകള്‍ വഴി വാഹനങ്ങള്‍ കടന്നുപോകുന്നുവെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഇവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കാനോ നികുതി പിരിച്ചെടുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. ഇങ്ങനെ ചെയതിരുന്നെങ്കില്‍ വാളയാറില്‍ കുറയുന്ന നികുതി വരുമാനം മറ്റു ചെക്‌പോസ്റ്റുകളില്‍ നിന്ന് കണ്ടെത്താനാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതുഉണ്ടായില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. നിലവില്‍ സ്‌കാനറിന്റെ അഭാവം മൂലം വാളയാര്‍ ചെക്‌പോസ്റ്റില്‍ പ്രതിദിനം 15 ലക്ഷം രപയുടെ നികുതി നഷ്ടം സംഭവിക്കുന്നതിന് പുറമെയാണിതെന്നതും ശ്രദ്ധേയമാണ്. ഇത് നികുതി വെട്ടിച്ച് സാധനങ്ങള്‍ കടത്തുന്ന ലോബിക്ക് ഏറെ സഹായകമാണ്. ഇതുവഴി സര്‍ക്കാറിന് നഷ്ടമുണ്ടാകുന്നതോടൊപ്പം ലോറി ഉടമകള്‍ കമ്പനികളില്‍ നിന്ന് വന്‍ തുക അധികം ഈടാക്കുന്നതിനും വഴിയൊരുങ്ങും.
സ്‌കാനര്‍ ഇല്ലാത്തതിനാല്‍ പാഴ്‌സല്‍ വണ്ടികള്‍ മുഴുവന്‍ പിരശോധിക്കുന്നതുമൂലം ഗതാഗതക്കുരുക്കുണ്ടാകുമെന്ന് കാട്ടി വാഹനങ്ങള്‍ പരിശോധിക്കാതെ കടത്തിവിടാറാണ് പതിവ്. ഓരോ ബജറ്റിലും സംസ്ഥാനത്തെ ചെക്‌പോസ്റ്റുകളുടെ നവീകരണത്തിന് പ്രഖ്യാപനങ്ങളും തുകമാറ്റിവെക്കലും മുറപോലെ നടക്കാറുണ്ടെങ്കില്‍ ഒന്നും പ്രാവര്‍ത്തികമാകാറില്ലെന്നാണ് അനുഭവം. വാളയാര്‍ചെക് പോസ്റ്റില്‍ ഇതുവരെ പരിശോധനക്ക് സ്‌കാനര്‍ സ്ഥാപിക്കാത്തതും, ഇവിടുത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പ്രഖ്യാപിച്ച പദ്ധതികളും ഇതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്.