രണ്ട് ദിവസം പ്രായമുള്ള കുഞ്ഞ് തിരൂരിലെ അമ്മത്തൊട്ടിലില്‍

Posted on: June 6, 2015 5:23 am | Last updated: June 6, 2015 at 12:24 am

തിരൂര്‍: രണ്ട് ദിവസം പ്രയമുള്ള കുഞ്ഞിനെ തിരൂര്‍ പൊറ്റത്തപ്പടിയിലെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലരയോടെയാണ് പൊറ്റത്തപ്പടിയിലെ ഡോക്ടര്‍ കുമാരി- സുകുമാരന്‍ ദമ്പതികളുടെ വീടിനോട് ചേര്‍ന്ന അമ്മ തൊട്ടിലില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്.
പൊക്കിള്‍കൊടി നീക്കം ചെയ്യാത്ത നിലയില്‍ പെണ്‍കുഞ്ഞിനെയാണ് ലഭിച്ചത്. വ്യാഴാഴ്ച രാത്രിയിലായിരിക്കാം കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടതെന്നാണ് പോലീസ് നിഗമനം. എട്ട് വര്‍ഷത്തിനിടയില്‍ പതിനൊന്നാമത്തെ കുഞ്ഞിനെയാണ് ഇന്നലെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. ഏഴ് ആണ്‍കുഞ്ഞുങ്ങളെയും നാല് പെണ്‍കുഞ്ഞുങ്ങളെയുമാണ് ഇതുവരെ ഇവിടെ നിന്നും ലഭിച്ചത്. തിരൂര്‍ എസ് ഐ. കെ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കുഞ്ഞിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും പോലീസ് വിവരമറിയിച്ചു. ആറ് മാസം മുമ്പും ഈ അമ്മതൊട്ടിലില്‍ നിന്ന് ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചിരുന്നു. നാല് ദിവസം മുമ്പ് അടുത്ത പ്രദേശമായ കുറ്റിപ്പുറത്ത് നിന്ന് ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിനെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനമൈത്രി പോലീസിന് കീഴില്‍ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്ന് തിരൂര്‍ എസ് ഐ പറഞ്ഞു.