ബീഹാര്‍: കോണ്‍ഗ്രസുമായി ചേര്‍ന്ന് വിശാല സഖ്യമെന്ന് ശരത് യാദവ്

Posted on: June 5, 2015 4:32 am | Last updated: June 5, 2015 at 12:32 am

പാറ്റ്‌ന: വരാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ യുനൈറ്റഡ്- രാഷ്ട്രീയ ജനതാദള്‍ സഖ്യം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ശക്തമായി തുടരുന്നതിനിടെ നയം ആവര്‍ത്തിച്ച് ജെ ഡി യു അധ്യക്ഷന്‍ ശരത് യാദവ്. ഇരു പാര്‍ട്ടികളും കോണ്‍ഗ്രസുവുമായി സഖ്യം സ്ഥാപിച്ച് ബി ജെ പി ക്കെതിരെ നീങ്ങുമെന്ന് യാദവ് പറഞ്ഞു.
ബി ജെ പിയെ തറപറ്റിക്കുകയാണ് ലക്ഷ്യം. ഇക്കാര്യത്തില്‍ കാലം ആവശ്യപ്പെടുന്ന ഐക്യം എല്ലാ കോണില്‍ നിന്നും സാധ്യമാകും. രാഷ്ട്രത്തിന്റെ അനിവാര്യതയാണ് അത്. കോണ്‍ഗ്രസ്, ജെ ഡി യു, ആര്‍ ജെ ഡി, എന്‍ സി പി എല്ലാം ഒറ്റക്കെട്ടായി നീങ്ങുമെന്നും ശരത് യാദവ് പറഞ്ഞു. നേരത്തേ സഖ്യ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് ബീഹാര്‍ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടിരുന്നു. ആര്‍ ജെ ഡിയും ജെ ഡിയുവും തമ്മിലുള്ള സഖ്യമാണ് പ്രധാനമെന്ന നിലപാടിലാണ് ലാലു.
ലാലുവിന്റെ പ്രതിനിധി ഭോലാ യാദവ് കഴിഞ്ഞ ദിവസം നിതീഷ് കുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. ലാലു പ്രസാദ് യാദവിന് സഖ്യകാര്യത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത് ഇരു പാര്‍ട്ടികളിലെയും എം എല്‍ എമാരെയും എം പിമാരെയും അസ്വസ്ഥമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ശരത് യാദവ് നിലപാട് ആവര്‍ത്തിച്ച് രംഗത്തെത്തിയത്. ജെ ഡി യുവുമായുള്ള സഖ്യത്തില്‍ നിന്ന് ബി ജെ പി ലാലുവിനെ പിന്തിരിപ്പിക്കുന്നുവെന്ന തരത്തിലും വാര്‍ത്ത വന്നിരുന്നു. വിശാല സഖ്യം സാധ്യമായില്ലെങ്കില്‍ ഇരു പാര്‍ട്ടികളും വെവ്വേറെ മത്സരിക്കുകയെന്ന സാധ്യതയിലേക്ക് നീങ്ങുമെന്നും വിലയിരുത്തലുണ്ട്.
ജനതാ പരിവാര്‍ ഐക്യം പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. അത് ഇനി പ്രാബല്യത്തിലാക്കേണ്ട കാര്യമേ ഉള്ളൂ. അത് രാഷ്ട്രം ആഗ്രഹിക്കുന്ന സഖ്യമാണ്. അത്‌കൊണ്ട് അത് നിലവില്‍ വരിക തന്നെ ചെയ്യും- ശരത് യാദവ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തീയതി പ്രഖ്യാപിക്കാനാകില്ലെന്ന് വാര്‍ത്താ ഏജന്‍സിയോട് അദ്ദേഹം പറഞ്ഞു. ലാലു പ്രസാദ് യാദവുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്ത് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.