Connect with us

National

ആര്‍ ജെ ഡി, ജനതാദള്‍ യു സഖ്യം: മുഖ്യമന്ത്രി പദം കീറാമുട്ടി

Published

|

Last Updated

പറ്റ്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ജനതാപരിവാര്‍ ലയനം പരാജയപ്പെട്ട സാഹചര്യത്തില്‍ ലാലുപ്രസാദിന്റെ നേതൃത്വത്തിലുള്ള ആര്‍ ജെ ഡിയും നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുവും സഖ്യമായി മത്സരിക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇരു പാര്‍ട്ടികളും ആരംഭിച്ചു കഴിഞ്ഞു. സീറ്റ് വിഭജന ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ ഇരുപാര്‍ട്ടികള്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകണമെന്ന് ജനതാദള്‍ യു വാദിക്കുമ്പോള്‍ ആര്‍ ജെ ഡിക്ക് ഇതിനോട് യോജിപ്പില്ല. തങ്ങള്‍ക്ക് നിരവധി മുഖ്യമന്ത്രി സ്ഥാനാര്‍ഥികളുണ്ടെന്ന് ആര്‍ ജെ ഡി നേതാവ് രഘുവംശ് പ്രസാദ് പറഞ്ഞു.
അതേസമയം ലാലുപ്രസാദ് യാദവുമായി ഇടഞ്ഞ് പാര്‍ട്ടി വിട്ട പപ്പു യാദവിനെ കൂടെക്കൂട്ടാനുള്ള നിതീഷ് കുമാറിന്റെ ശ്രമവും നിതീഷുമായി ഇടഞ്ഞ ജിത്‌റാം മഞ്ജിയുടെ പിന്തുണ നേടാനുള്ള ലാലുവിന്റെ ശ്രമവും ഇരു പാര്‍ട്ടികള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അതേസമയം കോണ്‍ഗ്രസ് പിന്തുണ തേടാനുള്ള നീക്കവും നിതീഷ് നടത്തുന്നുണ്ട്. നിതീഷിനെ പിന്തുണക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കുമാര്‍ ചൗധരി വ്യക്തമാക്കിയിട്ടുണ്ട്.
പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുമായി ഇതുസംബന്ധിച്ച് കൂടിയാലോചന നടത്തിയതായി അദ്ദേഹം പറഞ്ഞു. അതേസമയം തുല്യമായ സീറ്റ് വേണമെന്ന് ജനതാദള്‍ യു ആവശ്യമുന്നയിക്കുമ്പോള്‍ തങ്ങള്‍ക്ക് കൂടുതല്‍ സീറ്റ് വേണമെന്നാണ് ആര്‍ ജെ ഡി അവകാശവാദമുന്നയിക്കുന്നത്.

Latest