അരുണയെ ആക്രമിച്ച വാല്മീകി ഗാസിയാബാദില്‍

Posted on: May 30, 2015 5:56 am | Last updated: May 29, 2015 at 11:57 pm

ARUNAമുംബൈ: ദീര്‍ഘമായ 42 വര്‍ഷം അരുണ ഷാന്‍ബാഗിനെ അബോധാവസ്ഥയിലേക്ക് തള്ളിയിട്ട ആക്രമി ഉത്തര്‍പ്രദേശിലുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അരുണ ഏതാനും ദിവസം മുമ്പ് മരണത്തിന് കീഴടങ്ങിയപ്പോഴും, കേസില്‍ ശിക്ഷ പൂര്‍ത്തിയാക്കി എന്നോ പുറത്തിറങ്ങിയ സോഹന്‍ലാല്‍ വാല്മീകിയെന്നയാളെ കുറിച്ച് ആര്‍ക്കും ഒരു വിവരവും ഇല്ലായിരുന്നു. അതിനിടെയാണ്, വാല്മീകി ഉത്തര്‍പ്രദേശില്‍ ഗാസിയാബാദ് ജില്ലയിലെ പര്‍പ എന്ന ഗ്രാമത്തില്‍ കൂലിപ്പണിയെടുത്ത് കഴിയുന്നുണ്ടെന്ന് ഒരു മറാത്തി പത്രം റിപ്പോര്‍ട്ട് ചെയ്തത്.
42 വര്‍ഷം മുമ്പത്തെ ആ ദുര്‍ദിനത്തില്‍ എന്താണ് സംഭവിച്ചതെന്നും പോലും താന്‍ ഓര്‍ക്കുന്നില്ല എന്നാണ് വാര്‍ത്തയില്‍ അയാള്‍ പറയുന്നത്. എന്തുകൊണ്ടാണ് ആ സംഭവത്തെ നിങ്ങള്‍ ബലാത്സംഗം എന്ന് വിശേഷിപ്പിക്കുന്നതെന്നും വാല്മീകി ചോദിക്കുന്നു. കേസില്‍ താന്‍ ശിക്ഷിക്കപ്പെട്ടത് ബലാത്സംഗത്തിനോ ലൈംഗിക പീഡനത്തിനോ അല്ല ആക്രമണത്തിനും കവര്‍ച്ചക്കും മാത്രമാണെനന്നും അയാള്‍ പറയുന്നു.
1973 നവംബര്‍ 27നാണ് അരുണാ ഷാന്‍ബാഗിനെ മുംബൈ കെ ഇ എം ആശുപത്രിയിലെ ഡ്രസ്സിംഗ് റൂമില്‍ വെച്ച് വാല്മീകി ആക്രമിക്കുന്നത്. കേസില്‍ ഇയാള്‍ക്ക് ഏഴ് വര്‍ഷം തടവാണ് ശിക്ഷ ലഭിച്ചത്. 1980ല്‍ ജയില്‍ മോചിതനായ വാല്മീകി കഴിഞ്ഞ ഇത്രയും നാളുകള്‍ ഗാസിയാബാദില്‍ താമസിച്ചുവരികയായിരുന്നു. എന്നാല്‍, അരുണാ ഷാന്‍ബാഗിന്റെ ജീചരിത്രം എഴുതിയ പിങ്കി വരാനി പുസ്തകത്തില്‍ അവകാശപ്പെട്ടിരുന്നത്, ഇയാള്‍ ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ പേരും വിലാസവും മാറ്റി വാര്‍ഡ് ബോയിയായി ജോലി ചെയ്യുന്നുണ്ട് എന്നാണ്. താന്‍ ഡല്‍ഹിയില്‍ ജോലി ചെയ്തിട്ടില്ല എന്നാണ് വാല്മീകി ഇതേക്കുറിച്ച് മാധ്യമത്തോട് പ്രതികരിച്ചത്.
അതിനിടെ, അരുണ മരിക്കുകയും വാല്മീകിയെ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തി ല്‍ അയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനുള്ള സാധുതകള്‍ ആരായുമെന്ന് മുംബൈ പോലീസ് പറഞ്ഞു. കൊലക്കുറ്റത്തിന് കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടും. പക്ഷേ, അരുണ മരിച്ചത് കടുത്ത ന്യുമോണിയാ ബാധയെ തുടര്‍ന്നാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുള്ള സ്ഥിതിക്ക് നിയമ നടപടികള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് സാധ്യത വളരെ കുറച്ച് മാത്രമേയുള്ളൂ എന്നാണ് മുംബൈ ജോയിന്റ് കമ്മീഷനര്‍ ദേവന്‍ ഭാരതി പറയുന്നത്. അരുണയുടെ ദയാവധ ഹരജി പരിഗണിച്ച സുപ്രീം കോടതി പറഞ്ഞത്, അവര്‍ക്ക് സ്വാഭാവിക മരണത്തിന് അവസരം കൊടുക്കണം എന്നാണ്. അങ്ങനെ നോക്കുമ്പോള്‍ ന്യുമോണിയ ബാധ അല്ലാതെ മറ്റ് മരണകാരണമൊന്നും ഇല്ലെന്നാണ് മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാല് പതിറ്റാണ്ടിന്റെ അബോധാവസ്ഥക്ക് ശേഷം ഇക്കഴിഞ്ഞ മെയ് 18നാണ് അരുണാ ഷാന്‍ബാഗ് മരണത്തിന് കീഴടങ്ങിയത്.