Connect with us

Ongoing News

ബ്രസീലും അര്‍ജന്റീനയും കപ്പുയര്‍ത്തുന്നു...

Published

|

Last Updated

Copa_América copy1919: മഞ്ഞ തെളിഞ്ഞു
മൂന്നാമത് കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന് വേദിയായത് പില്‍ക്കാലത്ത് ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ വസന്തഭൂമികയായി മാറിയ ബ്രസീല്‍. മത്സരാര്‍ഥികള്‍ പതിവ് പോലെ അര്‍ജന്റീന, ചിലി, ഉറുഗ്വെ. റൗണ്ട് റോബിന്‍ ലീഗടിസ്ഥാനത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഉറുഗ്വെയും ആതിഥേയരായ ബ്രസീലും തുല്യ പോയിന്റ് കരസ്ഥമാക്കി. ഇതോടെ, ചാമ്പ്യനെ കണ്ടെത്താന്‍ പ്ലേ ഓഫ് വേണ്ടി വന്നു. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട പോരില്‍ ബ്രസീല്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഉറുഗ്വെയെ വീഴ്ത്തി. കോപ അമേരിക്കക്ക് പുതിയ അവകാശിയുണ്ടായെന്നതാണ് മൂന്നാം പതിപ്പിന്റെ പ്രധാന പ്രത്യേകത.
ഇത്തവണയും ചിലി എക്കൗണ്ട് തുറക്കാതെ പുറത്തായപ്പോള്‍, അര്‍ജന്റീന 4-1ന് ചിലിയെ തോല്‍പ്പിച്ചത് വഴി ലഭിച്ച രണ്ട് പോയിന്റുമായി മടങ്ങി. ലീഗ് റൗണ്ടില്‍ ബ്രസീല്‍ 4-0ന് ചിലിയെയും 3-1ന് അര്‍ജന്റീനയെയും തോല്‍പ്പിച്ചു. ഉറുഗ്വെയുമായി 2-2 സമനില.
ക്ലാസിക് പരിവേഷം ചാര്‍ത്തിക്കിട്ടിയ ഉറുഗ്വെ-അര്‍ജന്റീന പോരില്‍ അഞ്ച് ഗോളുകള്‍ പിറന്നു. 3-2ന് ഉറുഗ്വെക്കായിരുന്നു ജയം. ചിലിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഉറുഗ്വെ തോല്‍പ്പിച്ചത്.
ബ്രസീല്‍ പന്ത്രണ്ട് ഗോളുകളാണ് ടൂര്‍ണമെന്റില്‍ നേടിയത്. നാല് ഗോളുകള്‍ വീതം നേടിയ ബ്രസീലിന്റെ ആര്‍തര്‍ ഫ്രീഡെറിചും നീകോയും ടോപ് സ്‌കോറര്‍മാര്‍. അര്‍ജന്റീനയുടെ എഡ്വിന്‍ ക്ലാര്‍കെയും കാര്‍ലോസ് ഇസാഗ്യുറെയും ഉറുഗ്വെയുടെ കാര്‍ലോസ് സ്‌കറോനെയും മൂന്ന് ഗോളുകളുമായി രണ്ടാമത്തെ മികച്ച ഗോളടിക്കാരായി. സ്‌കറോനെ മുന്‍ എഡിഷനിലെ ടോപ് സ്‌കോററായിരുന്നു.
1920: കിരീടം വീണ്ടെടുത്ത് ഉറുഗ്വെ
കോപ അമേരിക്കയുടെ നാലാം പതിപ്പിന് ആതിഥ്യമരുളിയത് ചിലി. പങ്കെടുക്കുന്ന ടീമുകളില്‍ ഇത്തവണയും മാറ്റമില്ല. ചിലി, അര്‍ജന്റീന, ബ്രസീല്‍, ഉറുഗ്വെ. കിരീടം വീണ്ടെടുത്ത് ഉറുഗ്വെ ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലെ ശക്തിദുര്‍ഗമെന്ന് വീണ്ടും തെളിയിച്ചു. രണ്ടാം എഡിഷനിലെ ടോപ് സ്‌കോറര്‍ ഉറുഗ്വെയുടെ ഏഞ്ചല്‍ റൊമാനോ സഹതാരം ജോസ് പെരെസിനൊപ്പം ടോപ് സ്‌കോറര്‍ പദവി പങ്കിട്ടു. മൂന്ന് ഗോളുകളാണ് ഇരുവരും നേടിയത്. റൗണ്ട് റോബിന്‍ ലീഗില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി ഉറുഗ്വെ അഞ്ച് പോയിന്റ് കരസ്ഥമാക്കിയാണ് ചാമ്പ്യന്‍മാരായത്. നാല് പോയിന്റെടുത്ത അര്‍ജന്റീന രണ്ടാമതും രണ്ട് പോയിന്റുള്ള ബ്രസീല്‍ മൂന്നാം സ്ഥാനത്തുമായി. ചിലിക്ക് ഒരു പോയിന്റ്.
ചാമ്പ്യന്‍മാരായ ബ്രസീലിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്തുകൊണ്ടാണ് ഉറുഗ്വെ പോയസീസണിലെ പ്ലേ ഓഫ് തോല്‍വിക്ക് കണക്ക് തീര്‍ത്തത്. ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിക്കൊണ്ട് ടൂര്‍ണമെന്റ് ആരംഭിച്ച ബ്രസീല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീനയോടും സുല്ലിട്ടു. ഉറുഗ്വെ-അര്‍ജന്റീന മത്സരം 1-1 ആയിരുന്നു.
1921: അര്‍ജന്റീനക്ക് കന്നിക്കിരീടം
അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലേക്ക് തിരിച്ചെത്തിയ ലാറ്റിനമേരിക്കയുടെ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് പുതിയ അതിഥി എത്തി – പരാഗ്വെ. മുന്‍ മത്സരാര്‍ഥികള്‍ക്കൊപ്പം അഞ്ചാമനായി പരാഗ്വെ ചേര്‍ന്നതോടെ ഫോര്‍മാറ്റിന് മാറ്റമൊന്നും സംഭവിച്ചില്ല. റൗണ്ട് റോബിന്‍ ലീഗില്‍ ഒരു ടീമിന് നാല് മത്സരങ്ങള്‍ എന്ന നിലയില്‍ ഫിക്‌സ്ചര്‍ തയ്യാറാക്കി. എന്നാല്‍, ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ കാരണം ചിലി അവസാന നിമിഷം ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറി.
വീണ്ടും നാല് ടീമുകളുടെ പോരാട്ടമായി കോപ മാറി. മൂന്ന് കളിയും ജയിച്ച് അര്‍ജന്റീന കന്നിക്കിരീടം നേടി. ഏകപക്ഷീയമായിരുന്നു ആതിഥേയരുടെ കിരീടക്കുതിപ്പ്. മറ്റ് ടീമുകളുടെ നേട്ടം ഓരോ ജയത്തില്‍ ഒതുങ്ങി. ബ്രസീല്‍, ഉറുഗ്വെ, പരാഗ്വെ ടീമുകള്‍ക്ക് രണ്ട് പോയിന്റ് വീതം. ഗോള്‍ ശരാശരിയില്‍ ബ്രസീല്‍ രണ്ടാം സ്ഥാനവും ഉറുഗ്വെ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
ഉദ്ഘാടനപ്പോരില്‍ അര്‍ജന്റീന ലിബോനാറ്റിയുടെ ഗോളിന് ബ്രസീലിനെ (1-0) കീഴടക്കി. ഉറുഗ്വെയെയും അര്‍ജന്റീന ഇതേ മാര്‍ജിനില്‍ വീഴ്ത്തി. ഗോളടിച്ചത് ലിബോനാറ്റി തന്നെ.
കന്നിക്കാരായ പരാഗ്വെയെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് അര്‍ജന്റീന വരവേറ്റത്. പരാഗ്വെ 2-1ന് ഉറുഗ്വെയെ അട്ടിമറിച്ചത് ശ്രദ്ധേയമായി. മൂന്ന് ഗോളുകള്‍ നേടിയ അര്‍ജന്റീനയുടെ ജൂലിയോ ലിബോനാറ്റിയാണ് ടോപ് സ്‌കോറര്‍. (തുടരും)

Latest