പുകയുന്ന അഗ്നിപര്‍വതം

Posted on: May 29, 2015 5:09 am | Last updated: May 29, 2015 at 12:10 am

ഭരണകൂടം അടിച്ചേല്‍പ്പിക്കുന്ന അത്യന്തം വിനാശകരമായ വികല നയങ്ങള്‍ കേരള ജനതയുടെ ആത്മ സംയമനത്തെയും വിവേകത്തെയും വികാരത്തെയുമെല്ലാം പരീക്ഷിക്കുന്ന തരത്തില്‍ പരിധി ലംഘിച്ചു കൊണ്ടിരിക്കുകയാണ്. അധികാര കേന്ദ്രങ്ങള്‍ നടത്തുന്ന വമ്പന്‍ അഴിമതികളും നീതി നിഷേധങ്ങളും കൊടും ചൂഷണങ്ങളും സഹിച്ച് നിശബ്ദരായി രോഷം കടിച്ചമര്‍ത്തി കഴിയുന്ന ജനം അക്ഷരാര്‍ത്ഥത്തില്‍ പുകയുന്ന അഗ്നിപര്‍വ്വതമായിക്കൊണ്ടിരിക്കുന്നു. ഏത് നിമിഷവും അത് പൊട്ടിത്തെറിക്കാം. അതിന്റെ ലാവയില്‍ ചൂഷകരായ ഭരണാധികാരികള്‍ ഒലിച്ചു പോയെന്നും വരാം. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാതെയാണ് അവര്‍ ഇപ്പോഴും നാടിന്റെ പൊതു സമ്പത്തുകള്‍ കൊള്ളയടിച്ചു കൊണ്ടിരിക്കുന്നത്. അടിസ്ഥാന വിഭാഗങ്ങളും ആദിവാസികളും അധഃസ്ഥിതരും അടക്കമുള്ള ജന സഞ്ചയത്തെ നോക്കി പകല്‍ക്കൊള്ള നടത്തുന്നത്.
അധികാരം അഴിമതിക്കും സ്വജന പക്ഷപാതത്തിനും വേണ്ടി വീണ്ടും ദുര്‍വിനിയോഗം ചെയ്തുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ക്ഷേമമോ നാടിന്റെ പുരോഗതിയോ ഒന്നും തങ്ങളുടെ അജന്‍ഡയില്‍പ്പെടുന്ന കാര്യമല്ലെന്ന മനോഭാവത്തോടെയാണ് കേരളത്തിലെ യു ഡി എഫ് സര്‍ക്കാര്‍ തങ്ങളുടെ ഭരണം മുന്നോട്ടു കൊണ്ടുപോകുന്നത്. കൊല്ലപ്പെടുന്നവന്‍ സാധാരണക്കാരനും കൊലപാതകി സമ്പന്നപ്രമാണിയുമെങ്കില്‍ ഘാതകന് കാക്കിയുടുപ്പ് അഴിച്ചു നല്‍കാന്‍ പോലും ലജ്ജയില്ലാത്ത നിയമപാലനം.
കൊച്ചിയിലെ വിവാദ വ്യവസായി നിസാമിന് വേണ്ടി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പോലും വിടുവേല ചെയ്ത് ചന്ദ്രബാനു കൊലക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവം വരുത്തിയ കളങ്കം പോലീസില്‍ അവശേഷിച്ച വിശ്വാസം പോലും നഷ്ടപ്പെടാന്‍ കാരണമായിരിക്കുന്നു.
അടിസ്ഥാന ജനവിഭാഗങ്ങളുടെ ദൈനംദിന ജീവിതം അങ്ങേയറ്റം പ്രതിസന്ധിയിലാണിപ്പോള്‍. കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, കൂലിവേലക്കാര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയ സാധാരണക്കാരുടെ ഉപജീവന മാര്‍ഗങ്ങളും ജീവിതവും വഴിമുട്ടിച്ചും സ്വകാര്യ കുത്തകകളുടെയും മാഫിയകളുടെയും താത്പര്യങ്ങള്‍ സംരക്ഷിച്ചും തികച്ചും ജനവിരുദ്ധമായി മാറ്റുന്ന ഭരണ സംവിധാനം നാടിന് ബാധ്യത തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അടിക്കടിയുള്ള ഇന്ധനവില വര്‍ധനവും രൂക്ഷമായ വിലക്കയറ്റവും ജനജീവിതത്തിന്റെ അടിത്തറ തകര്‍ത്തുകൊണ്ടിരിക്കുന്നു. തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള മനുഷ്യന്റെ അവകാശം പോലും നിഷേധിക്കപ്പെടുകയാണ്.
ചെങ്കല്‍-കരിങ്കല്‍ മേഖലകളിലും നിര്‍മാണ മേഖലയിലുമെല്ലാം അവസാനിക്കാത്ത പ്രതിസന്ധിക്ക് കാരണക്കാര്‍ ഇവിടത്തെ ഭരണക്കാരല്ലാതെ മറ്റാരുമല്ല. അനാവശ്യ നിയന്ത്രണങ്ങളും നിയമങ്ങളും സാങ്കേതികത്വങ്ങളും കൊണ്ടുവന്ന് ഈ മേഖലകളിലെ തൊഴില്‍ പ്രക്രിയകളെ തന്നെ ഇല്ലായ്മ ചെയ്യുമ്പോള്‍ തൊഴിലാളികളും അവരുടെ കുടുംബങ്ങളും വഴിയാധാരമാകുന്നുവെന്ന് മാത്രമല്ല, നാടിന്റെ വികസനത്തിനാവശ്യമായ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകാത്ത സ്ഥിതി വിശേഷവും ഉണ്ടാകുന്നു. ചെങ്കല്ലുകള്‍ക്കും കരിങ്കല്ലുകള്‍ക്കും നേരിടുന്ന ക്ഷാമത്തിന് പുറമേ കെട്ടിട നിര്‍മാണ മേഖലയില്‍ അനുഭവപ്പെടുന്ന ദാരിദ്ര്യവും നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റവുമെല്ലാം അടിസ്ഥാന വര്‍ഗത്തിന്റെ അടിവയറ്റില്‍ കൊള്ളുന്ന അധികാര പ്രമത്തതയുടെ ചവിട്ടായി മാറുന്നു.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ വിലക്കയറ്റവും നികുതി ഭാരവും കൂട്ടിയതോടെ ജനജീവിതം കൂടുതല്‍ ദുസ്സഹമാണ്. നിത്യോപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമാണ്. റെയില്‍വേ ചരക്കുകൂലിയും കേന്ദ്ര സംസ്ഥാന എക്‌സൈസ് നികുതിയും സംസ്ഥാന വാറ്റ് നികുതിയും മോട്ടോര്‍ വാഹന നികുതിയുമെല്ലാം മുമ്പെങ്ങുമില്ലാത്ത വിധം കൂടി. റെയില്‍വേ-റോഡ് ഗതാഗത രംഗത്ത് ജനങ്ങളെ ഞെക്കിപ്പിഴിയുന്ന തരത്തിലാണ് നിരക്ക് വര്‍ധന. റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റ് അഞ്ച് രൂപയില്‍ നിന്ന് 10 രൂപയായി കൂട്ടി. കെഎസ്ആര്‍ടിസി ബസ് യാത്രാനിരക്കിന്റെ മറവില്‍ അരങ്ങേറുന്നത് പകല്‍ക്കൊള്ളയാണ്. യാത്രക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുന്നുവെന്ന അവകാശവാദത്തോടെ ടിക്കറ്റ് നിരക്കില്‍ സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇന്‍ഷ്വറന്‍സ് കാര്യത്തില്‍ യാത്രക്കാര്‍ സ്വയമാണ് തീരുമാനിക്കേണ്ടത്. അല്ലാതെ ഒരു തീരുമാനം അധികാരികള്‍ കൈക്കൊണ്ട് യാത്രക്കാരില്‍ അടിച്ചേല്‍പ്പിക്കുകയല്ല ചെയ്യേണ്ടത്. 100 രൂപ ടിക്കറ്റ് ചാര്‍ജ് നല്‍കുമ്പോള്‍ സെസിന്റെ പേരില്‍ 20 രൂപ അധികമാണ് കെഎസ്ആര്‍ടിസി ബസുകളില്‍ ഇപ്പോള്‍ ഈടാക്കുന്നത്. കെഎസ്ആര്‍ടിസി ബസ് യാത്ര വേണ്ടെന്ന് വെക്കാന്‍ യാത്രക്കാര്‍ തീരുമാനിക്കുന്ന സാഹചര്യമാണ് ഇതുമൂലമുണ്ടായിരിക്കുന്നത്. ദേശസാത്കരണത്തിന്റെ ഭാഗമായി ദേശീയപാതയില്‍ സ്വകാര്യ ബസുകളില്‍ ഭൂരിഭാഗത്തിന്റെയും പെര്‍മിറ്റുകള്‍ റദ്ദാക്കിയ അധികാരികള്‍ അമിത നിരക്ക് അടിച്ചേല്‍പ്പിച്ചാണ് യാത്രക്കാര്‍ക്ക് നേരെയുള്ള ക്രൂരവിനോദം തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
മുദ്രപത്രത്തിന് സര്‍ക്കാര്‍ വില കൂട്ടിയതു കാരണം ഭൂമി ഇടപാടുകളിലും മറ്റ് കരാറുകളിലുമൊക്കെ ഏര്‍പ്പെടുന്നവര്‍ക്ക് കനത്ത ആഘാതമാണ് വന്നു ചേര്‍ന്നിരിക്കുന്നത്. സാധാരണ ക്രയ വിക്രയ ങ്ങള്‍ക്കും കരാറുകള്‍ക്കും 100 രൂപയുടെ മുദ്രപത്രങ്ങള്‍ ഉപയോഗിച്ചിരുന്ന സ്ഥാനത്ത് ഇനി മുതല്‍ 500 രൂപയാണ് വേണ്ടി വരിക. കേന്ദ്രസര്‍ക്കാരിന്റെ സേവനനികുതി വര്‍ധനവ് മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ കൂടാനും വഴിയൊരുക്കിയിരുന്നു.
ഒരു തുണ്ട് ഭൂമിയില്ലാതെ നരക യാതന അനുഭവിക്കുന്ന ആദിവാസികള്‍ അടക്കം ലക്ഷോപലക്ഷങ്ങളുടെ പുനരധിവാസത്തിന് വേണ്ടി യാതൊരു നടപടിയും കൈക്കൊള്ളാതിരിക്കുമ്പോഴാണ് വന്‍കിട ഭൂമാഫിയകള്‍ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ സ്ഥലങ്ങള്‍ കൈയ്യേറുന്നത്. റവന്യൂ അധികാരികള്‍ കൈക്കൂലി വാങ്ങി ഒത്താശയും ചെയ്യുന്നു. പട്ടിണിയും രോഗവും മൂലം വലയുന്ന ആദിവാസി കുടുംബങ്ങള്‍ കിടപ്പാടമില്ലാതെ അന്തിയുറങ്ങാന്‍ ഇടം തേടുമ്പോഴാണ് തങ്ങള്‍ക്കുള്ള ഭൂസ്വത്തുക്കള്‍ക്ക് പുറമെ സര്‍ക്കാര്‍ ഭൂമികളും മാഫിയകള്‍ കൈയ്യടക്കി വെക്കുന്നത്. ഇതിന് വ്യാജരേഖകളുണ്ടാക്കി മറിച്ചു വിറ്റ് കോടികള്‍ തട്ടുന്ന സംഘങ്ങളും ഏറെയാണ്.
പൊതു ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വത്തില്‍ നിന്നും പിറകോട്ടു പോവുകയാണ് ഭരണകൂടം. സര്‍ക്കാര്‍ ആശുപത്രികളെ സംരക്ഷിക്കുന്ന ആരോഗ്യ നയമാണ് ഇവിടെ നടപ്പാക്കുന്നത്. അത്യാവശ്യ ജീവന്‍ രക്ഷാ ഔഷധങ്ങളും ആവശ്യത്തിന് ഡോക്ടര്‍മാരും മതിയായ ചികിത്സാ സൗകര്യങ്ങളും ഇന്നും കേരളത്തിലെ ഒട്ടുമിക്ക സര്‍ക്കാര്‍ ആശുപത്രികളിലുമില്ല. തെരുവ് നായ്ക്കളെക്കൊണ്ടും പേപ്പട്ടികളെ കൊണ്ടും നിറഞ്ഞിരിക്കുകയാണ് നമ്മുടെ നാട്.
പേപ്പട്ടി കടിയേല്‍ക്കുന്നവര്‍ സാധാരണക്കാരായാലും സമ്പന്നരായാലും വേണ്ടത് ഒരേ കുത്തിവെപ്പാണ്. കാസര്‍കോട് ജില്ലയില്‍ പേപ്പട്ടി കടിയേല്‍ക്കുന്നവര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കണമെങ്കില്‍ കണ്ണൂര്‍ ജില്ലയിലെ പരിയാരം മെഡിക്കല്‍ കോളജിലോ കര്‍ണാടകയിലെ മംഗലാപുരം ആശുപത്രിയിലോ പോകേണ്ട സ്ഥിതിയാണുള്ളത്. പേപ്പട്ടികളുടെയും പാമ്പുകളുടെയും കടിയേല്‍ക്കുന്നവര്‍ക്ക് ചികിത്സയും മരുന്നുമില്ലാത്തത് ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും തന്നെയാണ്.
ജനങ്ങളുടെ ജീവന്റെ കാര്യത്തില്‍ പോലും അലംഭാവം കാണിക്കുന്ന സര്‍ക്കാരിന് ഏത് ധാര്‍മികതയുടെ പേരിലാണ് ഭരിക്കാനുള്ള അവകാശമെന്ന ചോദ്യം ഈ സാഹചര്യത്തില്‍ പ്രസക്തമാണ്.
കുത്തക മുതലാളിമാരും വന്‍കിട വ്യവസായികളും മാഫിയകളും നിയന്ത്രിക്കുകയും അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്ന ഭരണം എന്ന പൊതു ധാരണയെ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള പ്രകടനങ്ങളാണ് കണ്ടുവരുന്നത്.