Kerala
ഇന്റലിജന്‍സ് മുന്നറിയിപ്പ്: പാക് ബോട്ടിനു വേണ്ടി കേരളതീരത്ത് തിരച്ചില്‍ ഊര്‍ജിതം

കണ്ണൂര്‍ : തീവ്രവാദികളുടെതെന്നു കരുതുന്ന പാകിസ്ഥാന്‍ ബോട്ടിനു വേണ്ടി കേന്ദ്ര ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരം കേരളതീരത്തു വ്യാപക തിരച്ചില്‍. പാക്കിസ്ഥാനില്‍ നിന്നു ഗുജറാത്തിലേക്കു തീവ്രവാദികളുമായി കടല്‍മാര്‍ഗം തിരിച്ച അല്‍യൂസഫി എന്ന ബോട്ടിനു വേണ്ടിയാണു ബുധനാഴ്ച രാത്രിമുതല്‍ തിരച്ചില്‍ നടക്കുന്നത്.
കൊല്ലം, കൊച്ചി, കണ്ണൂര്‍ അഴീക്കല്‍, ബംഗളൂരു, ഗോവ എന്നീ തീരമേഖലകളില്‍ കോസ്റ്റല്‍ പോലീസും കസ്റ്റംസും നാവിക ഉദ്യോഗസ്ഥരും ചേര്‍ന്നാണു തിരച്ചില്‍ നടത്തുന്നത്. ഗുജറാത്ത് തീരത്തുനിന്നു നൂറു നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് ആയുധസന്നാഹങ്ങളോടെ തീവ്രവാദികളെത്തിയ ബോട്ട് ശ്രദ്ധയില്‍പ്പെട്ടത്.
കൊച്ചിയില്‍ നിന്നുള്ള അടിയന്തര നിര്‍ദേശത്തെ തുടര്‍ന്ന് അഴീക്കല്‍ കോസ്റ്റല്‍ എസ്‌ഐ രത്‌നകുമാറും സംഘവും കസ്റ്റംസ്‌വിംഗും രാത്രി മുതല്‍ തീരപ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തി. കോസ്റ്റല്‍ ഗാര്‍ഡിന്റെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. സംശയകരമായ സാഹചര്യത്തില്‍ ഏതെങ്കിലും ബോട്ട് കണ്ടാല്‍ വിവരമറിയിക്കാന്‍ മത്സ്യത്തൊഴിലാളികളോടും അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.