Palakkad
മലമ്പുഴയില്‍ ജൈവ പച്ചക്കറിത്തോട്ടം

മലമ്പുഴ: ജലസേചനവകുപ്പിന്റെ തരിശ്ശുകിടക്കുന്ന 11 ഏക്കര്‍ സ്ഥലത്ത് ജൈവപച്ചക്കറിക്കൃഷിക്കായി നിലമൊരുങ്ങുന്നു. ജലസേചനവകുപ്പ് എന്‍ജിനിയര്‍മാരുടെ മേല്‍നോട്ടത്തിലാണ് ജൈവപച്ചക്കറിക്കൃഷി. വകുപ്പ് ജീവനക്കാര്‍ക്കും പ്രദേശത്തുള്ളവര്‍ക്കും കുറഞ്ഞ നിരക്കില്‍ വിഷരഹിതപച്ചക്കറി നല്‍കുകയെന്ന ലക്ഷ്യത്തോടെയാണിത്. കാര്‍ പാര്‍ക്കിങ് മേഖലയ്ക്ക് സമീപത്തും മാംഗോ ഗാര്‍ഡന് സമീപത്തുമാണ് കൃഷി ചെയ്യുക. പച്ചക്കറിവിത്തുകള്‍ കൃഷിവകുപ്പില്‍നിന്നും കര്‍ഷകരില്‍നിന്നും വാങ്ങിക്കഴിഞ്ഞു. കൃഷിക്കാവശ്യമായ ജൈവവളവും മണ്ണിരകമ്പോസ്റ്റും തയ്യാറായി.
ഒരാഴ്ചക്കുള്ളില്‍ വിത്ത് പാകിത്തുടങ്ങുമെന്ന് ജലസേചനവകുപ്പ് എക്‌സി. എന്‍ജിനിയര്‍ ആര്‍ സഞ്ജീവന്‍ പറഞ്ഞു. മലമ്പുഴ ഉദ്യാനത്തിലെ എച്ച് ആര്‍ തൊഴിലാളികളെയാണ് കൃഷിപരിപാലനത്തിനായി നിയോഗിച്ചിട്ടുള്ളത്. ജൈവകൃഷി ആരംഭിക്കുന്നതോടെ മാസം മുഴുവന്‍ ഇവര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു. നിലവില്‍, മാസത്തില്‍ 13 തൊഴില്‍ദിനങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.—തരിശ്ശുകിടക്കുന്ന സ്ഥലത്തിനുപുറമേ വകുപ്പിന്റെ ഓഫീസുകളുടെ ടെറസ്സിലും കൃഷി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗുണമേന്മയുള്ള വിത്തുകള്‍ ഉത്പാദിപ്പിച്ച് ജനങ്ങള്‍ക്ക് വിതരണം ചെയ്യാനും ലക്ഷ്യമിടുന്നുണ്ട്.