Gulf
'ശാസ്ത്രനേട്ടങ്ങള്‍ ഇന്ത്യ സ്വയം ആര്‍ജിച്ചത്'

ദുബൈ: ഇന്ത്യയുടെ എല്ലാ ശാസ്ത്രനേട്ടങ്ങളും സ്വയം ആര്‍ജിച്ചതാണെന്ന് ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍. ദുബൈ ഇന്ത്യന്‍ ഹൈസ്‌കൂളില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
60 വര്‍ഷം മുമ്പാണ് ശാസ്ത്ര ഗവേഷണങ്ങള്‍ക്കായി ഇന്ത്യാ സര്‍ക്കാര്‍ കൂടുതലായി പണം വകയിരുത്താന്‍ തുടങ്ങിയത്. അന്നത്തെ ആ നിക്ഷേപത്തിന്റെ വിളവെടുപ്പാണ് ഇന്ത്യ ഇപ്പോള്‍ നടത്തുന്നത്. അതിനുശേഷം നിരന്തരമായി ശാസ്ത്ര ഗവേഷണങ്ങള്‍ക്കായി പണം നീക്കിവെച്ചു. ചൊവ്വാ ദൗത്യവും ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ നേടിയ സ്വയം പര്യാപ്തതയും അതിന്റെ നേട്ടമാണ്. കാര്‍ഷികരംഗത്തെ ഗവേഷണങ്ങളുടെ ഫലമാണിത്. ഇന്ത്യയിലെ സാധാരണ കോളജുകളില്‍നിന്ന് പഠിച്ചിറങ്ങിയവരാണ് ഈ ശാസ്ത്രനേട്ടങ്ങള്‍ക്ക് പിന്നില്‍ എന്നതും എടുത്തുപറയേണ്ടതുണ്ട്. ബഹിരാകാശ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ കാര്യം പരിശോധിച്ചാല്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ഒരൊറ്റ ഐ ഐ ടി ബിരുദധാരിയും അവിടെ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. ശാസ്ത്ര-ഗണിത വിഷയങ്ങളില്‍ ഇന്ത്യയിലെ സാധാരണക്കാരില്‍ പോലും അടിസ്ഥാനപരമായ ചില മികവുകളുണ്ട്. ഇന്ത്യയുടെ നേട്ടങ്ങള്‍ക്ക് ഇതും ഒരു കാരണമാണെന്ന് അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു. ഇന്ത്യ നേടിയ എല്ലാ ശാസ്ത്രനേട്ടങ്ങളും സാധാരണക്കാരിലേക്ക് എത്തുന്നുണ്ട് എന്നതാണ് ഏറെ പ്രശംസിക്കപ്പെടേണ്ട കാര്യം. നമ്മുടെ ഉള്ളിലുള്ള ഊര്‍ജം കണ്ടെത്തുകയും അത് ലോകത്തിനായി സമര്‍പിക്കുകയും ചെയ്യുക എന്ന് എല്ലാ വേദഗ്രന്ഥങ്ങളും പറയുന്നുണ്ട്. ഭൂകമ്പം ഒഴികെയുള്ള പ്രകൃതിദുരന്തങ്ങളെല്ലാം മുന്‍കൂട്ടി പ്രവചിക്കാനും അതിനനുസരിച്ച് മുന്‍കരുതലുകളെടുക്കാനും ഇന്ന് നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് കഴിയുന്നുണ്ട്.
അമേരിക്കയുടെ സൂപ്പര്‍ കംപ്യൂട്ടറുകളെ പോലും തോല്‍പ്പിക്കുന്ന തരത്തിലുള്ള കംപ്യൂട്ടര്‍ ജ്ഞാനം നാം സമ്പാദിച്ചുകഴിഞ്ഞു. എല്ലാ നേട്ടങ്ങളും സമാധാനാവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കുന്നു എന്നതാണ് ഇന്ത്യയെ ലോകരാഷ്ട്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്നും മാധവന്‍ നായര്‍ പറഞ്ഞു.