Gulf
കുട്ടികളുടെ സുരക്ഷ: ബോധവല്‍കരണത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി

അബുദാബി: ആഭ്യന്തര മന്ത്രാലയവും അബുദാബി വിദ്യാഭ്യാസ കൗണ്‍സിലും സംയുക്തമായി നടത്തുന്ന കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാമ്പയിനിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി.
കാമ്പയിനിന്റെ ഒന്നാം ഘട്ടം കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അബുദാബി വിദ്യാഭ്യാസ കൗണ്‍സിലിനു (അഡെക്) കീഴിലുള്ള 189 സ്വകാര്യ സ്‌കൂളുകളിലാണ് ആഭ്യന്തര മന്ത്രാലയം കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുമായി കടന്നു ചെന്നത്. ഒന്നാം ഘട്ട കാമ്പയിനിന്റെ വിജയത്തെ തുടര്‍ന്നാണ് അതിന്റെ തുടര്‍ച്ചയെന്നോണം രണ്ടാം ഘട്ടമാരംഭിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.
കുട്ടികള്‍ക്കു നേരെയുള്ള മോശമായ പെരുമാറ്റങ്ങള്‍, കുട്ടികളെ അപകടത്തിലെത്തിക്കുന്ന അധികൃതരുടെ അശ്രദ്ധ എന്നിവക്കെതിരെയാണ് കാമ്പയിന്‍ പ്രധാനമായും ബോധവത്കരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിന് അഡെകില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 444 സ്‌കൂളുകളില്‍ നിന്നും ഓരോത്തര്‍ക്കുവീതം ആഭ്യന്തര മന്ത്രാലയം പ്രത്യേകം പരിശീലനം നല്‍കും. ഇത്തരം പ്രതിനിധികള്‍ക്ക് സൗജന്യമായി മന്ത്രാലയം വര്‍ക് ഷോപ്പുകള്‍ തന്നെ നടത്തും.
കുട്ടികള്‍ക്കെതിരെയുള്ള കടന്നുകയറ്റങ്ങളും അതിക്രമങ്ങളും നേരിടുന്നതിലും അവക്കെതിരെ മുന്‍കരുതലുകളെടുക്കുന്നതിലും സ്‌കൂളുകള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. ഇതിനെക്കുറിച്ച് സ്‌കൂള്‍ അധികൃതരെ ബോധ്യപ്പെടുത്തുകയെന്ന മുഖ്യലക്ഷ്യവുമായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന കാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അഡെക് ഡയറക്ടര്‍ ജനറല്‍ ഡോ. അമല്‍ അല്‍ ഖുബൈസി പറഞ്ഞു.