Palakkad
തൊഴിലുറപ്പ് പദ്ധതി വിപുലീകരണം: ആലോചനാ യോഗം

കൊല്ലങ്കോട്: ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി മറ്റു വകുപ്പുകളുമായി ചേര്‍ന്ന് വിപുലീകരിക്കുന്നത് സംബന്ധിച്ച ആലോചന യോഗം ചേര്‍ന്നു.
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് 2015-16 സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണത്തിലുള്‍പ്പെടുത്തി ബ്ലോക്കിലും ബ്ലോക്കിനുകീഴില്‍ വരുന്ന എല്ലാ പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കാനാണുദ്ദേശിക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ കൃത്യത കൈവരാന്‍ മറ്റു വകുപ്പുകളുമായുള്ള സഹകരണം സഹായകമാകുമെന്ന് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍ പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മറ്റു വകുപ്പുകളുമായി ബന്ധിപ്പിച്ച് വിപുലീകരിക്കുന്നതു സംബന്ധിച്ച ആലോചനാ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ ആര്‍ ഇ ജി എസ് ഏതു വകുപ്പുമായാണോ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത് ആ വകുപ്പ് അധികൃതര്‍ ഇതിനുവേണ്ട ഫണ്ട് മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന യോഗത്തില്‍ പട്ടഞ്ചേരി ഗ്രാപഞ്ചായത്ത് പ്രസിഡണ്ട് എസ്. ശിവദാസ്, കൊടുവായൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ലില്ലി സച്ചിദാനന്ദന്‍, മുതലമട പഞ്ചായത്ത് പ്രസിഡണ്ട് എസ് വി ശെല്‍വന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, എന്‍ ആര്‍ ഇ ജി എസ് ഉദ്യോഗസ്ഥര്‍, കൃഷി ഓഫീസര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, പഞ്ചായത്ത് അസി. സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ബി പി ഒ സി സത്യദാസ് ഇതു സംബന്ധിച്ച അവലോകനക്ലാസ് എടുത്തു.