Editorial
എന്ത് പരിശീലനമാണ് ഇവിടെ നടക്കുന്നത്?

വനിതാ കായിക പരിശീലന കേന്ദ്രങ്ങള്‍ക്ക് ഞെട്ടിക്കുന്ന ചില പിന്നാമ്പുറക്കഥകളുണ്ടെന്ന വസ്തുതക്ക് ബലമേകുന്നതാണ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ(സായി) ആലപ്പുഴയിലുള്ള വാട്ടര്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന ആത്മഹത്യയും പുറത്തുവരുന്ന വാര്‍ത്തകളും. സ്ഥാപനത്തിലെ പ്രഗത്ഭ താരങ്ങളായ നാല് അന്തേവാസികളാണ് ബുധനാഴ്ച വിഷക്കായ കഴിച്ചു ആത്മഹത്യക്ക് തുനിഞ്ഞത്. ഇതില്‍ സ്ഥാപനത്തിലെ ദേശീയ റോവിംഗ് താരമായ അപര്‍ണ മരണപ്പെടുകയും ചെയ്തു. മോശം സാഹചരത്തില്‍ കണ്ടെത്തിയ ഈ കുട്ടികളെ അതില്‍ നിന്ന് വിലക്കിയതിനാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് അധികൃതരുടെ ഭാഷ്യമെങ്കിലും ആരും അത് വിശ്വസിക്കുന്നില്ല. ക്രൂരമായ റാഗിംഗും പീഡനവുമാണ് അപര്‍ണയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നാട്ടുകാരുടെ വിശ്വാസം. പരിശീലനത്തിനിടെ അപര്‍ണയെ ഒരു സീനിയര്‍ പരിശീലകന്‍ തുഴ കൊണ്ട് പുറത്ത് അടിച്ചിരുന്നതായി വീട്ടുകാരോട് പരാതിപ്പെടുകയും സായി കേന്ദ്രത്തിലേക്ക് ഇനി പോകുന്നില്ലെന്ന് പറയുകയും ചെയ്തിരുന്നുവത്രെ. വീട്ടുകാര്‍ നിര്‍ബന്ധിച്ചു വീണ്ടും അവിടേക്ക് വിടുകയായിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച മറ്റൊരു താരം അടുത്തിടെ വീട്ടില്‍ വന്നപ്പോള്‍ പരിശീലകനില്‍ നിന്നും സീനിയര്‍ താരങ്ങളില്‍ നിരന്തരം ലൈംഗിക പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതായി പരാതിപ്പെട്ട വാര്‍ത്തുയും പുറത്തുവന്നിട്ടുണ്ട്. പരിശീലനം പൂര്‍ത്തിയാക്കി വിട്ടുപോയ ചില താരങ്ങള്‍ ഇടക്കിടെ ഇവിടം സന്ദര്‍ശിച്ചു, അന്യസംസ്ഥാനക്കാരനായ ഒരു കോച്ചിന്റെ ഒത്താശയോടെ താരങ്ങളെ ലൈംഗിക പീഡനത്തിന് വിധേയമാക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നുകേള്‍ക്കുന്നു. സ്ഥാപന മേധാവികളോട് ഇതേക്കുറിച്ചു പരാതിപ്പെട്ടാല്‍ അകത്തളങ്ങളില്‍ ഒതുക്കിത്തീര്‍ക്കുകയോ ഒറ്റപ്പെടുത്തുകയോ ആണത്രെ പതിവ്.
സായി കേന്ദത്തില്‍ മാത്രമല്ല, ഏത് കായിക പരിശീലന കേന്ദ്രത്തിലും ഒരു വനിതാ താരത്തിന് പരിശീലനം പൂര്‍ത്തിയാക്കി പുറത്തു വരണമെങ്കില്‍ പലര്‍ക്കും ശരീരം പോലും സമര്‍പ്പിക്കേണ്ടി വരുന്നുവെന്നാണ് ഇതു സംബന്ധിച്ചു പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ബോധ്യപ്പെടുത്തുന്നത്. ആന്ധ്രപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന വി ചാമുണ്ടേശ്വരനെ, സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയത് പീഡനാരോപണത്തെ തുടര്‍ന്നായിരുന്നു. ടീമില്‍ ഉള്‍പ്പെടുത്താനായി വനിതാ താരങ്ങളോട് അയാള്‍ ലൈംഗിക സഹകരണം ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. ആറ് വനിതാ താരങ്ങളാണ് ചാമുണ്ടേശ്വരനെതിരെ സര്‍ക്കാറിനെ സമീപിച്ചത്. 2009ല്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ വിദേശ പര്യടനത്തിനിടെ ചില ടീം അംഗങ്ങള്‍ക്ക് ഉദ്യോഗസ്ഥരുടെ ലൈംഗിക പീഡനത്തിനിരയാകേണ്ടിവന്നു. 76-ാമത് ദേശീയ കേഡറ്റ് സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി രാജമുന്‍ഡ്രിയിലെത്തിയ ഛത്തീസ്ഗഢിലെ ടേബിള്‍ ടെന്നീസ് ടീമിലെ ചില വനിതാ താരങ്ങള്‍ അര്‍ധരാത്രി പുരുഷ കോച്ചിന്റെ മുറിയില്‍ ചെലവിട്ടതിന്റെ സി സി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത് കഴിഞ്ഞ ജനുവരിയിലാണ്. ഈ കോച്ചിനും താരങ്ങള്‍ക്കുമെതിരെ ദേശീയ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ നടപടിയെടുക്കുകയുണ്ടായി. വെളിപ്പെട്ട കഥകളേക്കാള്‍ പതിന്മടങ്ങ് വരും പുറത്തുവരാത്തവ. ഭാവിയെക്കരുതി മിക്ക കായിക വിദ്യാര്‍ഥിനികളും അതെല്ലാം സഹിക്കുകയും പൊല്ലാപ്പിനു പോകാതിരിക്കയുമാണ്. ഇത് കുറ്റകൃത്യങ്ങള്‍ക്കു വളമാകുകയും ചെയ്യുന്നു.
ഇനി സായി കേന്ദ്രത്തിലേക്ക് അയക്കരുതെന്ന് അപര്‍ണ ആവശ്യപ്പെട്ടിരുന്നുവെന്ന വാര്‍ത്ത സത്യമെങ്കില്‍ ഈ ദാരുണ മരണത്തില്‍ രക്ഷിതാക്കള്‍ക്കും പങ്കില്ലേ? പരിശീലകരില്‍ നിന്ന് കൊടിയ പീഡനം ഏല്‍ക്കുന്നുവെന്നറിഞ്ഞിട്ടും പിന്നെയും അവിടേക്ക് പോകാന്‍ നിര്‍ബന്ധിച്ചതെന്തിനാണ് എന്ന ചോദ്യമുയരുന്നുണ്ട്. മക്കള്‍ ഉയരങ്ങളിലെത്തി പ്രശസ്തരാകാന്‍ അവര്‍ ചിലതൊക്കൊ സഹിച്ചോട്ടെ എന്ന ചിന്ത മത്സരാധിഷ്ഠിതമായ ഇന്നത്തെ ജീവിതാന്തരീക്ഷത്തില്‍ പല രക്ഷിതാക്കളും വെച്ചു പുലര്‍ത്തുന്നുണ്ട്.
സാംസ്‌കാരിക കേരളത്തിന് മാത്രമല്ല, ഇന്ത്യക്കാകെ നാണക്കേടാണ് സായി കേന്ദ്രത്തിലെ സംഭവം. മികച്ച ഭാവി മുന്നില്‍ കണ്ടു ഏറെ പ്രതീക്ഷകളോടെ പരിശീലനത്തിനെത്തുന്ന താരങ്ങള്‍ക്ക് ഇത്തരം അവസ്ഥ നേരിടേണ്ടിവരുന്നത് ബന്ധപ്പെട്ടവര്‍ അതീവ ഗൗരവത്തോടെ കാണുകയും ഇതുസംബന്ധിച്ചു നിഷ്പക്ഷവും സമഗ്രവുമായ അന്വഷണം നടത്തുകയും വേണം. സായിയിലെ ഉദ്യോഗസ്ഥര്‍ കുറ്റക്കാരെങ്കില്‍ സമ്മര്‍ദങ്ങള്‍ക്കതീതമായി നടപടി കൈക്കൊള്ളുകയും ഇനിയും സമാനമായവ ആവര്‍ത്തിക്കാതിരിക്കാനായി കായിക പരിശീലന കേന്ദ്രങ്ങളുടെ നടത്തിപ്പ് കാര്യക്ഷമമാക്കുകയും വേണം. കൃത്യമായി സര്‍ക്കാര്‍ ഫണ്ടും മാസവസാനം ശമ്പളവും കിട്ടണമെന്നതിലുപരി നടത്തിപ്പുകാര്‍ക്ക് സ്ഥാപനത്തിന്റെയും പരിശീലനത്തിനെത്തുന്നവരുടെയും ഉയര്‍ച്ചയിലും വളര്‍ച്ചയിലും താത്പര്യമില്ലെന്ന പരാതി ഇനിയും ഉയര്‍ന്നു വരാനിടയാകരുത്.