National
ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തി പുനര്‍നിര്‍ണയ ബില്‍ ലോക്‌സഭയും പാസാക്കി

ന്യൂഡല്‍ഹി: ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തി പുനര്‍നിര്‍ണയ കരാറിന്റെ ഭാഗമായുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് ലോക്‌സഭയും ഐകകണ്‌ഠ്യേന അംഗീകാരം നല്‍കി. ബില്‍ നേരത്തേ രാജ്യസഭ പാസ്സാക്കിയിരുന്നു. അതിര്‍ത്തി ഭാഗത്ത് കയറിയിറങ്ങി നില്‍ക്കുന്ന ഭൂവിഭാഗങ്ങള്‍ പരസ്പരം കൈമാറുന്നതിന് വഴിയൊരുക്കുന്ന ബില്ലിനെ സഭയില്‍ ഹാജരായ 331 പേരും പിന്തുണച്ചു. നാല് പതിറ്റാണ്ട് കാലത്തെ അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന നിയമനിര്‍മാണമാണ് പാര്‍ലിമെന്റില്‍ പൂര്‍ത്തിയായിരിക്കുന്നത്.
ബില്‍ പാസ്സായയുടനെ പ്രധാനമന്ത്രി എഴുന്നേറ്റ് പ്രതിപക്ഷ നിരയിലെ നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാര്‍ജുന ഗാര്‍ഖേ, ബി ജെ ഡി നേതാവ് ബി മെഹ്താബ്, തൃണമൂല്‍ കോണ്‍ഗ്രസിലെ സുധീപ് ബന്ധോപാധ്യയ തുടങ്ങിയവരെ ഹസ്തദാനം ചെയ്തു. ഇരു രാജ്യങ്ങള്‍ക്കും ഗുണകരമായ കരാറാണ് സാധ്യമാകാന്‍ പോകുന്നതെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ഇന്ത്യയുടെ അതിര്‍ത്തി ചുരുങ്ങുന്ന പ്രശ്‌നമില്ലെന്ന് അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. അതിര്‍ത്തി കൃത്യമായി നിര്‍ണയിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത് നുഴഞ്ഞ് കയറ്റം തടയുന്നതിന് ഉപകരിക്കും. നദീജലം പങ്കുവെക്കുന്ന പ്രശ്‌നം മാത്രമേ ഇനി ബംഗ്ലാദേശുമായിട്ടുള്ളൂ എന്നും മന്ത്രി വിശദീകരിച്ചു. പ്രധാനമായും ടീസ്റ്റാ നദിയിലെ വെള്ളമാണ് തര്‍ക്ക ഹേതു.
അസാം, ത്രിപുര, ബംഗാള്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രദേശങ്ങള്‍ കൈമാറ്റ ചെയ്യപ്പെടും. ബംഗാള്‍, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലേക്കാണ് ബംഗ്ലദേശില്‍ നിന്ന് ലഭിക്കുന്ന ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുക. ബംഗാളില്‍ നിന്നും അസാമില്‍ നിന്നും മേഘാലയില്‍ നിന്നും ഭാഗങ്ങള്‍ വിട്ടു കൊടുക്കേണ്ടി വരും. മൊത്തം 162 ഭാഗങ്ങളാണ് കൈമാറുന്നത്. 1974ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ബംഗ്ലാദേശ് നേതാവ് മുജീബുര്‍ഹ്മാനും തമ്മില്‍ ഒപ്പു വെച്ച കരാറാണ് പുതിയ കൈമാറ്റങ്ങള്‍ക്ക് അടിത്തറയൊരുക്കിയത്. 2011ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ബംഗ്ലാദേശ് പ്രസിഡന്റ് ശേഖ് ഹസീനയും ഒപ്പു വെച്ച കരാറും നിര്‍ണായകമായി.
ബില്ലിന്റെ പരിധിയില്‍ നിന്ന് അസാമിനെ ഒഴിവാക്കാന്‍ സംസ്ഥാന ബി ജെ പി ഘടകം ശക്തമായ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയും കോണ്‍ഗ്രസും ഉയര്‍ത്തിയ പ്രതിരോധത്തിന് കേന്ദ്ര സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു.