International
പൗരന്‍മാരുടെ മേല്‍ ചാരപ്രവര്‍ത്തനം: നിയമത്തിന് ഫ്രഞ്ച് പാര്‍ലിമെന്റിന്റെ അനുമതി

പാരീസ്: പൗരന്‍മാരെ നിരീക്ഷിക്കുന്നതിനെയും ചാരവൃത്തി നടത്തുന്നതിനെയും അനുകൂലിക്കുന്ന നിയമത്തിന് ഫ്രഞ്ച് പാര്‍ലിമെന്റ് അനുമതി നല്‍കി. പുതിയ നിയമ പ്രകാരം ഏതെരാളുടെയും തീവ്രവാദ ബന്ധങ്ങള്‍ അന്വേഷിക്കുന്നതിന് ഡിജിറ്റല്‍ ഉപകരണങ്ങളെയും മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളെയും ഒരു ന്യായാധിപന്റെയും മുന്‍കൂര്‍ അനുമതി കൂടാതെയും ഇന്റര്‍ നെറ്റ് സേവന ദാദാക്കളെ സ്വാധീനിക്കാതെയും ഫോണ്‍ കമ്പനികളോട് വിവരം തേടാതെയും സര്‍ക്കാറിന് തന്നെ രഹസ്യ നിരീക്ഷണം നടത്താന്‍ സാധിക്കും. മനുഷ്യാവകാശ സംഘടനകളില്‍ നിന്ന് നേരിടുന്ന ശക്തമായ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടാണ് നിയമ നിര്‍മാണം നടത്തിയത്. ബില്‍ അവ്യക്തവും പൗരന്റെ രഹസ്യങ്ങളിലേക്ക് അനാവശ്യമായി തലയിടുന്നതുമാണെന്നും വാദിച്ചാണ്് മനുഷ്യാവകാശ സംഘനകള്‍ ബില്ലിനെതിരെ രംഗത്തെത്തിയിരുന്നത്. ഈ നിയമം നടപ്പില്‍ കൊണ്ടുവരാന്‍ കുറച്ചു കാലമായി ഫ്രാന്‍സ് ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ജനുവരിയില്‍ തീവ്രവാദികള്‍ 17 പേരെ കൊല്ലുകയും 3 ദിവസം തലസ്ഥാനത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്ത സംഭവത്തോടെ നിയമനിര്‍മാണത്തിന് മതിയായ കാരണം ലഭിക്കുകയായിരുന്നു. വിദേശ തീവ്രവാദസംഘടനകളില്‍ നിന്നും നിരന്തര ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഫ്രാന്‍സ് ഇപ്പോഴും ശക്തമായ ജാഗ്രതയിലാണ്. രണ്ടാഴ്ച മുമ്പ് ഒരു ചര്‍ച്ചാക്രമണ പദ്ധതിയെ പോലീസ് അട്ടിമറിച്ചത് രാജ്യത്ത് തന്നെ വളരുന്ന തീവ്രവാദ ശക്തികളെക്കുറിച്ച് സൂചന നല്‍കുന്നതായിരുന്നു. 86 വോട്ടിനെതിരെ 438 വോട്ടോടെയിരുന്നു നിയമം പാസ്സാക്കിയത്. രാജ്യത്തെ രണ്ട് പ്രധാന പാര്‍ട്ടികളില്‍ നിന്നും വലിയ തോതില്‍ തന്നെ പിന്തുണലഭിച്ചിട്ടുണ്ട്. ശക്തമായ ഇടതു പക്ഷ പാര്‍ട്ടികളും ഗ്രീന്‍ പാര്‍ട്ടികളും മാത്രമാണ് നിയമത്തെ എതിര്‍ത്തത്. അതേ സമയം ബില്ല് ഈ മാസം തന്നെ ഉന്നതസഭയുടെ മുമ്പില്‍ പരിഗണനക്കെത്തും. ഇത് ഫ്രാന്‍സിനെ ഒരു നിരീക്ഷണ രാജ്യമായി കണക്കാക്കപ്പെടുന്നതിന് വഴിവെക്കുമെന്ന മുന്നറിയിപ്പ് നല്‍കി ആംനെസ്സി ഇന്റര്‍നാഷനലും നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. “”ഈ ബില്ല് വളരെ അവ്യക്തമാണ്, മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടുള്ളതും ധാരാളം ഉത്തരം ലഭിക്കാത്ത ചോദ്യങ്ങള്‍ സമ്മാനിക്കുന്നതുമാണ്. തീവ്രവാദങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം ഉദ്ദേശിച്ച് നടപ്പിലാക്കുന്ന നിയമം അവരുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്നില്ല എന്ന് പാര്‍ലിമെന്റ് ഉറപ്പുവരുത്തണം”” എന്ന് ആംനെസ്റ്റിയുടെ യൂറോപ്പ് ഡയറക്ടര്‍ ഗൗരിവാന്‍ കുലിക് വ്യക്തമാക്കി.