മെട്രോയില്‍ സഞ്ചരിച്ചത് 4.4 കോടി യാത്രക്കാര്‍; ട്രാമില്‍ 9.43 ലക്ഷം

Posted on: May 5, 2015 7:14 pm | Last updated: May 5, 2015 at 7:14 pm

metro_0504ദുബൈ: വര്‍ഷത്തിന്റെ ആദ്യ പാതത്തില്‍ ദുബൈ മെട്രോയില്‍ സഞ്ചരിച്ചത് 4.4 കോടി യാത്രക്കാര്‍. 2015 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവിലാണ് ഇത്രയും പേര്‍ മെട്രോയെ യാത്രക്കായി ആശ്രയിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് യാത്ര ചെയ്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇതേ കാലയളവില്‍ 9.44 ലക്ഷം യാത്രക്കാരാണ് ട്രാമില്‍ യാത്ര ചെയ്തത്. ദുബൈയിലെ താമസക്കാര്‍ക്കും വിനോദസഞ്ചാരത്തിനായി എത്തുന്നവര്‍ക്കുമിടയില്‍ മെട്രോയും ട്രാമും ഏറെ പ്രിയപ്പെട്ടതാണെന്ന് ഇത് വ്യക്തമാക്കുന്നതായി ആര്‍ ടി എ റെയില്‍ ഏജന്‍സി സി ഇ ഒ അബ്ദുല്ല യൂസുഫ് അല്‍ അലി വ്യക്തമാക്കി. മെട്രോയുടെ ചുവപ്പ് പാതയില്‍ യാത്ര ചെയ്തവര്‍ 2,82,51,036 ആയിരുന്നു. പച്ച പാതയില്‍ 1,61,20,824 പേരും യാത്ര ചെയ്തു. ദേര സിറ്റി സെന്ററാണ് ചുവപ്പ് പാതയിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷന്‍. 18,30,912 പേരാണ് ഈ സ്റ്റേഷന്‍ ഉപയോഗപ്പെടുത്തിയത്. രണ്ടാം സ്ഥാനത്തുള്ള യൂണിയന്‍ മെട്രോ സ്റ്റേഷന്‍ 18,00,149 പേര്‍ ഉപയോഗപ്പെടുത്തി. മൂന്നാം സ്ഥാനത്ത് റിഗ്ഗ സ്റ്റേഷനാണ്. ഇവിടം 17,96,758 പേര്‍ ഉപയോഗിച്ചു. പച്ച പാതയില്‍ ഏറ്റവും തിരക്കേറിയ സ്റ്റേഷന്‍ അല്‍ ഫഹീദിയായിരുന്നു. ഇവിടെ 17,98,473 പേര്‍ ഉപയോഗപ്പെടുത്തി. രണ്ടാം സ്ഥാനത്തുള്ള ബനിയാസില്‍ 16,24,902 പേരും മൂന്നാം സ്ഥാനത്തെത്തിയ അല്‍ ഗുബൈബ സ്റ്റേഷനില്‍ 12,46,898 പേരും ഉപയോഗപ്പെടുത്തിയതായും അദ്ദേഹം വെളിപ്പടുത്തി.