കൈവെട്ട് കേസില്‍ 18 പേരെ വെറുതെവിട്ടു; 13 പേര്‍ കുറ്റക്കാര്‍

Posted on: April 30, 2015 11:30 am | Last updated: May 1, 2015 at 9:59 am

tj joseph

കൊച്ചി:  പ്രവാചകനെ അധിക്ഷേപിച്ച് ചോദ്യപേപ്പര്‍ തയ്യാറാക്കിയ സംഭവത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടി ജെ ജോസഫിന്റ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 18 പേരെ എറണാകുളം എന്‍ ഐ എ കോടതി വെറുതെവിട്ടു. 13 പ്രതികള്‍ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. 10,11, 13 മുതല്‍ 24 , 26, 32, 37 വരെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്. ഇവര്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ എന്‍ഐഎക്ക് സാധിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്കുള്ള ശിക്ഷ മെയ് അഞ്ചിന് പ്രഖ്യാപിക്കും.

ഡോ. റെനീഫ്, അബ്ദുസലാം, ഫഹദ്, കെ.എം. അലി, പി.എം. റഷീദ്, മുഹമ്മദാലി, കമറുദ്ദീന്‍, നിയാസ്, മാഹിന്‍കുട്ടി, സിക്കന്ദര്‍ അലിഖാന്‍, ഷിയാസ്, സിയാദ്, അബ്ദുല്‍ ലത്തീഫ്, അന്‍വര്‍ സാദിഖ്, അനസ്, മൊയ്തീന്‍കുട്ടി, മനാഫ്, പി.വി. നൗഷാദ് തുടങ്ങിയവരെയാണ് വെറുതെവിട്ടത്.  പതിനൊന്നു പേര്‍ക്കെതിരെ യുഎപിഎ പ്രകാരം കുറ്റം ചുമത്തിയത് കോടതി ശരിവെച്ചു. അബ്ദുല്‍ ലത്തീഫ്, അന്‍വര്‍ സാദിഖ്, റിയാസ് എന്നിവര്‍ക്കെതിരെ യു എ പി എ ചുമത്തിയിട്ടില്ല. പ്രതികളെ സംരക്ഷിച്ചുവെന്നാണ് ഇവര്‍ക്കെതിരായ കുറ്റം.

31 പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി കേസില്‍ വിധി പറയുന്നത്. 37 പ്രതികളെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും ആറ് പേരെ കണ്ടെത്താനായിട്ടില്ല.

മുഹമ്മദ് നബി (സ)യെ അധിക്ഷേപിച്ച് ചോദ്യപേപ്പര്‍ തയ്യാറാക്കിയ കേസിലെ പ്രതിയാണ് ആക്രമിക്കപ്പെട്ട പ്രൊഫ. ടി ജെ ജോസഫ്. 2010 ജൂലൈ നാലിന് രാവിലെ എട്ട് മണിയോടെ ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മല മാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന ടി.ജെ.ജോസഫിനെ ഒമ്‌നി വാനിലെത്തിയ ഏഴംഗ സംഘമാണ് ആക്രമിച്ചത്.