Connect with us

Kozhikode

വിജയശതമാനത്തിന്റെ വര്‍ദ്ധനവ് അഭിമാനമായി കരുതുന്നത് അപക്വം - എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട്: എസ് എസ് എല്‍ സി പരീക്ഷാഫലവുമായി ബന്ധപ്പെട്ടുണ്ടായ അപാകതകളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഫലം പ്രഖ്യാപിച്ച് റിക്കാര്‍ഡിടാനുള്ള അമിതാവേശമാണ് അപാകതകളിലേക്ക് നയിച്ചത്. വിദ്യാര്‍ത്ഥികളുടെ നിലവാരവും വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയും അവതാളത്തിലാക്കുന്ന തിടുക്കമാണ് ഇക്കാര്യത്തിലുണ്ടായത്. വിജയശതമാനം വര്‍ധിക്കുന്നത് അഭിമാനമായി കരുതുന്നത് അപക്വ സമീപനമാണ്. എസ് എസ് എല്‍ സി പരീക്ഷയില്‍ എത്ര വിദ്യാര്‍ത്ഥികള്‍ വിജയിച്ചു എന്നത് സര്‍ക്കാറുകള്‍ക്ക് മാര്‍ക്കിടാനുള്ള മാനദണ്ഡമായി ആരും കരുതുന്നില്ല. എസ് എസ് എല്‍ സി പരീക്ഷയിലെ “വിജയത്തിളക്കം” കേരളത്തിന്റെ വിദ്യാഭ്യാസ ഭാവി ഇരുളടഞ്ഞതാക്കും. ഏത് വിധേനയും വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കുക എന്ന നിലപാടാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭരണകൂടങ്ങളുടേത്. ഗുണനിലവാരമില്ലാത്ത വിദ്യാര്‍ത്ഥികളും ബിരുദധാരികളും സൃഷ്ടിക്കപ്പെടുകയാവും ഇതിന്റെ പരിണിതി. വിജയശതമാനത്തിന്റെ ആഘോഷങ്ങളില്‍ അഭിരമിക്കുന്നതിനു പകരം യാഥാര്‍ത്ഥ്യബോധത്തോടെ വിദ്യാഭ്യാസമേഖലയെ സമീപിക്കാന്‍ സര്‍ക്കാറിനും വകുപ്പിനും കഴിയേണ്ടതുണ്ട്.
പ്രസിഡന്റ് എന്‍ വി അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. എം അബ്ദുല്‍ മജീദ്, പി എ മുഹമ്മദ് ഫാറൂഖ് ബുഖാരി, സി കെ റാഷിദ് ബുഖാരി, കെ സൈനുദ്ദീന്‍ സഖാഫി, ഉമര്‍ ഓങ്ങല്ലൂര്‍, കെ അബ്ദുറശീദ്, ഡോ. നൂറുദ്ധീന്‍, എ കെ എം ഹാഷിര്‍ സഖാഫി, മുഹമ്മദലി കിനാലൂര്‍, സി എന്‍ ജഅ്ഫര്‍, സി കെ ശക്കീര്‍, മുനീര്‍ നഈമി, അഷ്‌റഫ് അഹ്‌സനി സംബന്ധിച്ചു.

Latest