Connect with us

Ongoing News

ബയേണിന് മരണക്കളി

Published

|

Last Updated

ബെര്‍ലിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനും ഫ്രഞ്ച് ചാമ്പ്യന്‍മാരായ പി എസ് ജിക്കും ഇന്ന് ജീവന്‍മരണ പോരാട്ടം. ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ ഇരുടീമുകളും 3-1ന് പരാജയപ്പെട്ടു. പെപ് ഗോര്‍ഡിയോളയുടെ ബയേണിനെ ഞെട്ടിച്ചത് പോര്‍ച്ചുഗല്‍ ക്ലബ്ബ് എഫ് സി പോര്‍ട്ടായാണ്.
പി എസ് ജിയെ കരുത്തരായ ബാഴ്‌സലോണയും. ബയേണിന്റെ പരാജയം എവേ മാച്ചിലാണെങ്കില്‍ പി എസ് ജിയുടേത് ഹോ മാച്ചിലാണ്.
ഗോള്‍വര്‍ഷം നടത്താന്‍ കെല്‍പ്പുള്ള ബയേണിന് ഹോംഗ്രൗണ്ടിലെ രണ്ടാം പാദത്തില്‍ വലിയസാധ്യതകളുണ്ട്.
2-0ന് ജയിച്ചാല്‍ മതി ബയേണിന് സെമിയിലെത്താം. പോര്‍ട്ടോയുടെ തട്ടകത്തില്‍ നേടിയ ഒരു എവേ ഗോള്‍ മുതല്‍ക്കൂട്ടാണ്. എന്നാല്‍, യൂറോപ്പില്‍ ഏറ്റവും മികച്ച പ്രതിരോധ തന്ത്രം പയറ്റുന്ന പോര്‍ട്ടോയെ വീഴ്ത്തുക പ്രയാസകരമാണ്.
ബയേണിന്റെ ഡൈനാമിക് ഗെയിം വിലപോകുമോ എന്നത് കണ്ടറിയണം. പരാജയം ബയേണിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. ടീം ഡോക്ടര്‍ സ്ഥാനമൊഴിഞ്ഞു. ഗോര്‍ഡിയോളയും സമ്മര്‍ദത്തിലാണ്.
മികച്ച മധ്യനിരയും മുന്നേറ്റനിരയും കരുത്തായുണ്ടെങ്കിലും പ്രത്യാക്രമണത്തില്‍ ആടിയുലയുന്ന പ്രതിരോധമാണ് ഗോര്‍ഡിയോളയെ അസ്വസ്ഥപ്പെടുത്തുന്നത്. ആദ്യപാദ ക്വാര്‍ട്ടറില്‍ ആദ്യ പത്ത് മിനുട്ടിലായിരുന്നു റിക്കാര്‍ഡോ ക്വാറിസ്മയുടെ ഡബിളില്‍ പോര്‍ട്ടോ ജര്‍മന്‍ ടീമിന്റെ വല കുലുക്കിയത്.
സമാനമായ രീതിയില്‍ തിരിച്ചടി കൊടുക്കാനാണ് ബയേണ്‍ പദ്ധതിയിടുന്നത്. സീസണിലെ ഏറ്റവും വലിയ മത്സരത്തിനാണ് ഞങ്ങളൊരുങ്ങുന്നത് – ബയേണ്‍ ഗോളി മാനുവല്‍ ന്യൂവര്‍ പറയുന്നു. പ്രമുഖതാരങ്ങളുടെ പരുക്കാണ് ബയേണിനെ വലക്കുന്നത്. ആര്യന്‍ റോബന്‍, ഫ്രാങ്ക് റിബറി, ടോം സ്റ്റാര്‍കെ, മെഹ്ദി ബെനാതിയ, ജാവി മാര്‍ട്ടിനെസ് എന്നിവര്‍ കളിക്കില്ല. അതേ സമയം, മിഡ്ഫീല്‍ഡല്‍ ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റിഗര്‍ കളിച്ചേക്കുമെന്ന് സൂചനയുണ്ട്.
ബുണ്ടസ് ലിഗയില്‍ ഹോഫെന്‍ഹെയിമിനെതിരെ വയറുവേദന കാരണം വിട്ടുനിന്ന ക്യാപ്റ്റന്‍ ഫിലിപ് ലാം ഇന്നിറങ്ങും. ഉറുഗ്വെ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിന്റെ സൂപ്പര്‍ ഫോമില്‍ കുതിപ്പ് തുടരുന്ന ബാഴ്‌സലോണ നൗകാംപില്‍ മികച്ച ജയം തന്നെയാണ് ലക്ഷ്യമിടുന്നത്.
പ്രീക്വാര്‍ട്ടറില്‍ ചെല്‍സിയെ മലര്‍ത്തിയടിച്ച പി എസ് ജിക്ക് സെമി കാണണമെങ്കില്‍ അത്ഭുതം പ്രവര്‍ത്തിക്കണം. പ്രത്യേകിച്ച് ക്യാപ്റ്റനും പ്രതിരോധ നിരയിലെ ശക്തനുമായ തിയാഗോ സില്‍വ പരുക്കേറ്റ് പുറത്തായസ്ഥിതിക്ക്.