ബോംബെ സെന്‍സെക്‌സിനും നിഫ്റ്റിക്കും ഇടിവ്

Posted on: April 19, 2015 11:21 pm | Last updated: April 19, 2015 at 11:21 pm

bombay_stock_exchan_331273aവിദേശ ഫണ്ടുകള്‍ ബ്ലൂചിപ്പ് ഓഹരികളില്‍ വില്‍പ്പനക്ക് കാണിച്ച തിടുക്കം സൂചികയുടെ കരുത്തുചോര്‍ത്തി. ബോംബെ സെന്‍സെക്‌സ് 437 പോയിന്റും നിഫ്റ്റി 174 പോയിന്റെും പോയവാരം ഇടിഞ്ഞു.
കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്ള ത്രൈമാസ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ക്ക് നിക്ഷേപകരുടെ പ്രതീക്ഷകളോളം തിളങ്ങാന്‍ കഴിയാത്തത് ഫണ്ടുകളെ ലാഭമെടുപ്പിന് പ്രേരിപ്പിച്ചു. അതേ സമയം ഏഷ്യയിലെ പ്രമുഖ ഇന്‍ഡക്‌സുകള്‍ പലതും പിന്നിട്ടവാരം മികവിലായിരുന്നു.
ചൈനീസ് വിപണിയായ ഹാങ്ഹായി ഇന്‍ഡക്‌സ് ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന റേഞ്ചിലാണ്. ഹോ ങ്കോംഗില്‍ ഹാന്‍സെങ് സൂചികയും മികവ് കാണിച്ചു. ജപ്പാന്‍, കൊറിയ, സിംഗപ്പൂര്‍ സൂചികയും നേട്ടത്തിലാണ്. അമേരിക്കന്‍ മാര്‍ക്കറ്റുകള്‍ ആടി ഉലഞ്ഞു. ഡൗ ജോണ്‍സ് സൂചിക 18,000 ലെ താങ്ങ് നഷ്ടപ്പെട്ട് 17,826 പോയിന്റായി.
റിയാലിറ്റി, ബേങ്കിംഗ്, ഓട്ടോമൊബൈല്‍, കാപിറ്റല്‍ ഗുഡ്‌സ്, പവര്‍, കണ്‍സ്യൂമര്‍ ഗുഡ്‌സ് വിഭാഗം ഓഹരികള്‍ക്ക് തളര്‍ച്ചനേരിട്ടു. പെട്രോളിയം ഗ്യാസ്, മെറ്റല്‍, എഫ് എം സി ജി ഓഹരികള്‍ മികവിലാണ്.
സണ്‍ ഫാര്‍മ, റെഡീസ് ലാബ്, സിപ്ല, എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ, എം ആന്‍ഡ് എം, ടാറ്റാ മോട്ടേഴ്‌സ്, ബജാജ് ഓട്ടോ, കോള്‍ ഇന്ത്യ, എല്‍ ആന്‍ഡ് റ്റി, എയര്‍ടെല്‍ ഓഹരികളും തളര്‍ച്ചയിലാണ്. ഒ എന്‍ ജി സി, ടാറ്റാ പവര്‍, എസ് ബി ഐ, ഐ റ്റി സി, ഹിന്‍ഡാല്‍ക്കോ എന്നിവ മികവ് കാണിച്ചു.
മുന്‍ നിരയിലെ 30 ഓഹരികളില്‍ 18 എണ്ണത്തിന്റെ നിരക്ക് ഇടിഞ്ഞപ്പോള്‍ 11 ഓഹരി വിലകള്‍ ഉയര്‍ന്നു. ബി എച്ച് ഇ എല്‍ ഓഹരി സ്‌റ്റെഡി റേഞ്ചിലാണ്.
നിഫ്റ്റി സൂചിക 8844 വരെ ഉയര്‍ന്ന അവസരത്തില്‍ ഓപ്പറേറ്റര്‍മാര്‍ ലാഭമെടുപ്പിന് നടത്തിയ തിരക്കിട്ട നീക്കങ്ങള്‍ മൂലം 8587 ലേക്ക് നിഫ്റ്റി ഇടിഞ്ഞു. ക്ലോസിംഗ് നടക്കുമ്പോള്‍ സൂചിക 8606 ലാണ്. സൂചിക അതിന്റെ 200 ദിവസങ്ങളിലെ ശരാശരിയായ 8240 പോയിന്റെിലേക്ക് പരീക്ഷണങ്ങള്‍ക്ക് ശ്രമം നടത്താം.
ബി എസ് ഇ സൂചിക ഉയര്‍ന്ന നിലവാരമായ 29,094 ല്‍ നിന്നുള്ള തകര്‍ച്ചയില്‍ 28,407 ലേക്ക് പതിച്ച ശേഷം വാരാന്ത്യം 28,442 പോയിന്റിലാണ്. സൂചിക അതിന്റെ 200 ദിവസങ്ങളിലെ ശരാശരിയായ 27,425 ലേക്ക് അടുക്കാനുള്ള ശ്രമത്തിലാണ്. ബി എസ് ഇ യില്‍ പിന്നിട്ടവാരം 18,245 കോടി രൂപയുടെയും എസ് ഇ യില്‍ 73,151 കോടി രൂപയുടെയും ഇടപാടുകള്‍ നടന്നു.
മുന്‍ നിരയിലെ ആറ് കമ്പനികളുടെ വിപണി മൂല്യത്തില്‍ പിന്നിട്ടവാരം 53,282 കോടി രൂപയുടെ വര്‍ധന രേഖപ്പെടുത്തി. സണ്‍ ഫാര്‍മ, ഒ എന്‍ ജി സി എന്നിവയാണ് നേട്ടം കൊയ്തത്.