ദക്ഷിണാഫ്രിക്കയില്‍ വിദേശികള്‍ക്കെതിരെ പ്രക്ഷോഭം പടരുന്നു

Posted on: April 18, 2015 6:00 am | Last updated: April 18, 2015 at 12:37 am

92f7a96fb2a148bdaac59ec4c807f244_18ജോഹന്നാസ്ബര്‍ഗ്: വിദേശികള്‍ രാജ്യം വിട്ടുപോകണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കയില്‍ സംഘര്‍ഷം പടരുന്നു. രണ്ടാഴ്ചയിലധികമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനമായ ജോഹന്നാസ്ബര്‍ഗിലേക്ക് പ്രതിഷേധം പടര്‍ന്നു. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 18 പേരെ അറസ്റ്റ് ചെയ്തു. ജോഹന്നാസ്ബര്‍ഗിലെ ജെപ്പോസ്ടൗണ്‍ പ്രദേശത്ത് പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് റബ്ബര്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ചു. ചുറ്റികയും മെഴുകളുമായാണ് വിദേശികള്‍ നാടു വിടുകയെന്ന മുദ്രാവാക്യവുമായി പ്രതിഷേധക്കാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ജെപ്പോസ്ടൗണിലും ക്ലെവെലാന്‍ഡിലും പാറക്കല്ലുകള്‍ റോഡിലിട്ടും ടയറുകള്‍ കത്തിച്ചും ഗതാഗതം തടസ്സപ്പെടുത്തി. പ്രദേശത്തെ നിരവധി വിദേശികളുടെ കടകള്‍ കൊള്ളയടിക്കപ്പെട്ടതായി വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിദേശികള്‍ക്കെതിരെ രണ്ടാഴ്ച മുമ്പ് തുറമുഖ നഗരമായ ദര്‍ബനില്‍ ആരംഭിച്ച പ്രതിഷേധമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നുപിടിച്ചിരിക്കുന്നത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ആറ് പേര്‍ കൊല്ലപ്പെട്ടത്. കിംവദന്തികള്‍ പടര്‍ന്നതിനെ തുടര്‍ന്നാണ് വിദേശികള്‍ക്കെതിരെ സംഘര്‍ഷം വ്യാപിച്ചതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ചയോടെ പ്രദേശം വിട്ടുപോകാന്‍ തദ്ദേശീയര്‍ വിദേശികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കിഴക്കന്‍ ജോഹന്നാസ്ബര്‍ഗിലെ വ്യാപാരിയായ അഹ്മദ് ഫിഫ പറഞ്ഞു. ജെപ്പോസ്ടൗണില്‍ വിദേശികളും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടായെന്നും ഇതിനെ തുടര്‍ന്ന് പോലീസ് എത്തി ശാന്തമാക്കിയെങ്കിലും വീണ്ടും ഇവിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ സംഘര്‍ഷം തുടരുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വന്‍തോതിലുള്ള സാന്നിധ്യമുള്ള പ്രദേശമാണ് ജെപ്പോസ്ടൗണ്‍. പ്രധാനമായും ഇവിടെ നൈജീരിയക്കാര്‍ക്കെതിരെയും കോംഗോ സ്വദേശികള്‍ക്കെതിരെയുമാണ് പ്രതിഷേധം. നാളെയോടെ രാജ്യം വിടാത്ത വിദേശികളെ കൊല്ലുമെന്ന മെസ്സേജുകള്‍ ഫോണുകളില്‍ പ്രചരിക്കുകയാണ്. എന്നാല്‍ ഈ മെസ്സേജിന്റെ ഉറവിടം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ഭീഷണിയെത്തുടര്‍ന്ന് തങ്ങള്‍ക്ക് ബിസിനസ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് ജോഹന്നാസ്ബര്‍ഗ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോമാലി കമ്മ്യൂണിറ്റി ബോര്‍ഡ് ചെയര്‍പേഴ്‌സന്‍ അമീര്‍ ഷെയ്ഖ് പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് ജോഹന്നാസ്ബര്‍ഗിലെ വിദേശികളുടെ വ്യാപാരസ്ഥാപനങ്ങള്‍ രണ്ട് ദിവസമായി അടഞ്ഞുകിടക്കുകയാണ്. അതേസമയം സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ജേക്കബ് സുമയും മറ്റ് നേതാക്കളും സ്ഥിതിഗതികള്‍ വിലയിരുത്തി.