Connect with us

Malappuram

വൈസനിയത്തിന് ആത്മീയ സാഗരത്തോടെ തുടക്കം

Published

|

Last Updated

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയം’ഉദ്ഘാടന സമ്മേളനം ആത്മീയ സാഗരത്തോടെ സമാപിച്ചു. ജ്ഞാന സമൃദ്ധിയുടെ രണ്ട് ദശകങ്ങള്‍ അടയാളപ്പെടുത്തുന്ന ഇരുപതിന കര്‍മപദ്ധതികള്‍ ചര്‍ച്ചചെയ്ത വിവിധ സെഷനുകള്‍ സമ്മേളനത്തിന്റെ ഭാഗമായി നടന്നു.
ബ്രിട്ടനിലെ എംബ്രൈസ് ഫൗണ്ടേഷന്‍ ഡയറക്ടറും വിവിധ ഇന്റര്‍ഫൈത്ത് പദ്ധതികളുടെ തലവനുമായ ആദം കെല്‍വിക് ഉദ്ഘാടനം ചെയ്തു. വിശ്വാസ ദാര്‍ഢ്യതയും സഹജീവികളോടുള്ള സ്‌നേഹഭാവവുമാണ് ഇസ്‌ലാമിക ജീവിതത്തിന്റെ സൗന്ദര്യമെന്നും ഇസ്‌ലാമിന്റെ സൗഹൃദ പാരമ്പര്യത്തിന്റെ ഏറ്റവുംവലിയ മാതൃകയാണ് കേരളത്തിലെ മുസ്‌ലിം സമൂഹമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശരിയായ മതജീവിതവും മതാന്തരീയ സംവാദങ്ങളും വിവിധ സമൂഹങ്ങള്‍ക്കിടയിലെ സംഘര്‍ഷം കുറക്കും. ഈ തലത്തില്‍ യു കെ യിലെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും വിവിധ മുസ്‌ലിം സംഘടനകളും ഒരുമിച്ചു പ്രവര്‍ത്തിച്ചത് ഗുണപരമായ മാറ്റങ്ങളുണ്ടാക്കി. ചാള്‍സ് രാജകുമാരനടക്കം ഈ പദ്ധതിയെ പ്രകീര്‍ത്തിച്ച് മുന്നോട്ടു വന്നത് ശ്രദ്ധേയമാണെന്നും ആദം കെല്‍വിക് അഭിപ്രായപ്പെട്ടു. മഅ്ദിന്‍ അക്കാദമിക്കു കീഴിലെ ഇന്റര്‍ഫൈത്ത് സംരംഭങ്ങളുമായി സഹകരിക്കുന്നതിനും യോജിച്ചു പ്രവര്‍ത്തിക്കുന്നതിനും എംബ്രൈസ് ഫൗണ്ടേഷന്‍ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കാന്തപും എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ബുഖാരി വൈസനിയയം സന്ദേശം നല്‍കി. 2017ല്‍ ഡിസംബറില്‍ സമാപിക്കുന്ന വൈസനിയത്തോടനുബന്ധിച്ചുള്ള വിവിധ പദ്ധതികള്‍ അദ്ദേഹം പ്രഖ്യാപിച്ചു. വൈസനിയ കാലയളവില്‍ മഅ്ദിന്‍ അക്കാദമിക്കു കീഴില്‍ പുതിയ അഞ്ച് കാമ്പസുകള്‍ ആരംഭിക്കുമെന്നും വെര്‍ച്ച്വല്‍ യൂണിവേഴ്‌സിറ്റിക്കു രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 5000 ഹോം ലൈബ്രറികള്‍, 20 ഇന്റര്‍നാഷനല്‍ സെമിനാറുകള്‍ തുടങ്ങിയ കര്‍മ പദ്ധതികളും വൈസനിയത്തിന്റെ ഭാഗമാണെന്ന് ഖലീലുല്‍ ബുഖാരി പറഞ്ഞു. സമസ്ത അധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായിരുന്നു. അല്‍ ഹബീബ് ആദില്‍ മുഹമ്മദ് അല്‍ ജിഫ്‌രി (മദീന), ദാത്തു ഹുസ്സാം മൂസ (മലേഷ്യ), ശൈഖ് അന്‍വര്‍ മുഹമ്മദ് അല്‍ ശിബ്‌ലി (സഊദി), ശൈഖ് അബ്ദുല്ല മുഹമ്മദ് അല്‍ ഖബീസി (യമന്‍), രാജ മുഹമ്മദ് താലിബ് (മലേഷ്യ) എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് പൂക്കോയ തങ്ങള്‍ തലപ്പാറ, പൊന്മള അബ്്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, കാന്തപുരം എ.പി മുഹമ്മദ് മുസ്്‌ലിയാര്‍, കുമരംപുത്തൂര്‍ എന്‍. അലി മുസ്‌ലിയാര്‍, ഹസന്‍ മുസ്‌ലിയാര്‍ വായനാട്, മുഹമ്മദ് ഖാസിം മിസ്ബാഹി (ഡല്‍ഹി), ഹാഫിസ് മുഹമ്മദ് സഈദ് അശ്‌റഫി (രാജസ്ഥാന്‍), കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍ , അബൂഹനീഫല്‍ ഫൈസി തെന്നല, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, സി. മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്്ദുറഹ് മാന്‍ ഫൈസി, കൂറ്റമ്പാറ അബ്്ദുറഹ് മാന്‍ദാരിമി, മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എന്‍.വി അബ്്ദു റസാഖ് സഖാഫി, കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, മന്‍സൂര്‍ ഹാജി ചെന്നൈ സംബന്ധിച്ചു.
യമനില്‍ കുടുങ്ങിയ മഅ്ദിന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതില്‍ പ്രത്യേക പങ്കുവഹിച്ച ഒമാന്‍ ഐ.സി.എഫ് പ്രവര്‍ത്തകരെ സമ്മേളനം ആദരിച്ചു. ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് സൗഹൃദ പ്രതിനിധികളും സംബന്ധിച്ചു.