ആര്‍ എസ് പി വിട്ടുപോയത് തിരിച്ചടിയായെന്ന് സി പി എം രാഷ്ട്രീയ റിപ്പോര്‍ട്ട്

Posted on: April 14, 2015 11:48 pm | Last updated: April 14, 2015 at 11:48 pm

party congressവിശാഖപട്ടണം: ഇടതുമുന്നണിയില്‍ നിന്ന് ആര്‍ എസ് പി വിട്ടുപോയത് തിരിച്ചടിയായെന്ന് സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട്. ഇടത് ഐക്യം ശക്തിപ്പെടുത്തേണ്ട സാഹചര്യം നിലനില്‍ക്കെ ഇങ്ങനെയൊരു മുന്നണിമാറ്റം ഒഴിവാക്കേണ്ടതായിരുന്നു. സംഘടനാ വിഷയങ്ങള്‍ക്ക് മാത്രമായി പ്ലീനം വിളിക്കുന്നതിനാല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ വിശദമായ ചര്‍ച്ചയില്ലെന്ന ആമുഖത്തോടെയാണ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായെങ്കിലും ആര്‍ എസ് പി ഇടതുമുന്നണി വിട്ടത് കേരളത്തില്‍ തിരിച്ചടിയായി.

ഇടതുമുന്നണിയെ ശക്തമാക്കാന്‍ നടപടിയുണ്ടാകണം. അതേസമയം, മതേതര പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിക്കുന്നത് പാര്‍ട്ടിയുടെ സ്വതന്ത്ര വളര്‍ച്ചക്ക് അനുകൂലമല്ല. പാര്‍ട്ടി ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ ശക്തരായ പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യം ദോഷമാകും. പാര്‍ട്ടിക്ക് വളര്‍ച്ചയുള്ള സ്ഥലങ്ങളില്‍ സഖ്യം പരിഗണിക്കാവുന്നതാണ്. 2004ലെ തെറ്റ് തിരുത്തല്‍ രേഖ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ തുടരുന്നുവെന്ന സ്വയം വിമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പും നിരുപം സെന്നിന്റെ അനാരോഗ്യവും കാരണം കേരളത്തില്‍ പാര്‍ട്ടിയിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട പോളിറ്റ് ബ്യൂറോ കമ്മീഷന് ജോലി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു. പാലക്കാട് പ്ലീനത്തിന് ശേഷവും തെറ്റുതിരുത്തല്‍ ഫലപ്രദമായില്ലെന്നും രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സമരങ്ങള്‍ പലതും പരാജയപ്പെട്ടെന്ന സ്വയം വിമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. അധ:സ്ഥിത വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ പല നേതാക്കള്‍ക്കും താത്പര്യമില്ല. വിലക്കയറ്റം തടയുക, തൊഴില്‍ അവകാശമാക്കുക, അഴിമതി അവസാനിപ്പിക്കുക തുടങ്ങി എട്ട് വിഷയങ്ങള്‍ ഉന്നയിച്ച് രാജ്യവ്യാപകമായി നടത്തിയ പിക്കറ്റിംഗ് വിജയിപ്പിച്ചെടുക്കാനായില്ല. പാര്‍ട്ടിക്ക് പത്ത് ലക്ഷത്തിലധികം അംഗങ്ങളുണ്ട്. ബഹുജന സംഘടനകളിലെ അംഗത്വം ആറ് കോടി വരും. എന്നാല്‍, പിക്കറ്റിംഗില്‍ പങ്കെടുത്തത് പത്ത് ലക്ഷം പേരാണ്. തിരഞ്ഞെടുപ്പില്‍ ത്രിപുരയൊഴികെ എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് വോട്ട് കുറഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്. വിലക്കയറ്റത്തിനെതിരെ പതിനഞ്ച് കോടി ഒപ്പ് ശേഖരിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ക്യാമ്പയിനില്‍ പതിനഞ്ച് ലക്ഷം ഒപ്പ് മാത്രമാണ് ലഭിച്ചത്. അഖിലേന്ത്യാതലത്തിലെ സമരങ്ങള്‍ പരാജയപ്പെട്ടത് പാര്‍ട്ടിയുടെ ജനകീയാടിത്തറ നഷ്ടപ്പെട്ടതിന് തെളിവാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.