Connect with us

Gulf

നാട്ടില്‍ പോകാനിരിക്കെ ബംഗ്ലാദേശി പൗരനെ കാണാതായി

Published

|

Last Updated

മസ്‌കത്ത്: ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ പോകാനിരിക്കെ ബംഗ്ലാദേശി പൗരനെ കാണാതായി. ബര്‍കയിലെ മഞ്ചേശ്വരം സ്വദേശിയുടെ സുര്‍ ദല എന്ന ബില്‍ഡിംഗ് മെറ്റീരിയല്‍ കടയില്‍ ജോലി ചെയ്തുവന്ന അബുല്‍ കലാം (42) എന്നയാളെയാണ് കഴിഞ്ഞയാഴ്ച കാണാതായത്. ചൊവ്വാഴ്ച രാത്രിയാണ് ഇയാളെ കാണാതാകുന്നത്. ബുധനാഴ്ച നാട്ടില്‍ പോകാനുള്ള ടിക്കറ്റും മറ്റ് ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ഇദ്ദേഹം തലേദിവസം രാത്രി മുറിയില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു.
നാട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ പുറത്തുപോയതാണെന്നാണ് സുഹൃത്തുക്കള്‍ ആദ്യം കരുതിയത്. എന്നാല്‍ രാത്രി വൈകിയും കലാമിനെ കാണാതായതോടെ സുഹൃത്തുക്കളും കടയുടമയായ മുഹമ്മദ് ഇച്ചയും അടുത്ത സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേതുടര്‍ന്ന് ഇവര്‍ ബര്‍ക, മുസന്ന എന്നി പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കി.
രണ്ട് വര്‍ഷം മുമ്പ് ഈ കടയില്‍ ജോലിക്കെത്തിയ കലാമിന്റെ കൈവശം ലേബര്‍ കാര്‍ഡുകളും മറ്റും ഉണ്ടായിരുന്നുവെന്നും കടയുടെ വിസയില്‍ തന്നെയാണ് അദ്ദേഹം ജോലി ചെയ്തിരുന്നതെന്നും സുഹൃത്തായ ജാബിര്‍ പറഞ്ഞു.
കലാമിന്റെ ഭാര്യയുടെ സഹോദരനും മറ്റൊരു ബന്ധുവും ബര്‍കയില്‍ താമസിക്കുന്നുണ്ട്. ഇവരുടെ അടുത്തേക്കൊന്നും ചൊവ്വാഴ്ച പോകുകയോ നാട്ടില്‍ പോകുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോള്‍ സംശയാസ്പദമായി ഒന്നും തോന്നിയിട്ടില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
അവധിയെടുക്കാന്‍ ഇനിയും മാസങ്ങളുണ്ടായിരിക്കെ തിരക്കിട്ട് അവധി വേണമെന്നാവശ്യപ്പെട്ടാണ് കലാം കടയുടമയെ സമീപിച്ചത്. ഭാര്യയും ഒരു പെണ്‍കുട്ടിയുമുള്ള ഇദ്ദേഹത്തിന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങളോ കാര്യമായ സാമ്പത്തിക പ്രതിസന്ധികളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. എന്നാല്‍ കാണാതാകുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് കലാമിന് മാനസിക വിഷമം അനുഭവപ്പെട്ടതായി തോന്നിയിട്ടുണ്ടെന്ന് ജാബിര്‍ പറഞ്ഞു.

Latest