കല്ലുമ്മക്കായ മോഷണം: കവ്വായി കായലിലെ കര്‍ഷകര്‍ ദുരിതക്കയത്തില്‍

Posted on: April 12, 2015 12:23 pm | Last updated: April 12, 2015 at 12:23 pm

kalllummakkayaതൃക്കരിപ്പൂര്‍: വലിയപറമ്പ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിളവെടുപ്പിന് തയ്യാറായ കല്ലുമ്മക്കായ മോഷണം പതിവാകുന്നു.കാലങ്ങളായി കവ്വായി കായലില്‍ കല്ലുമ്മക്കായ കൃഷി ചെയ്യുന്ന കര്‍ഷകരാണ് മോഷണം കാരണം നഷ്ടക്കയത്തിലെക്ക് നീങ്ങുന്നത്.
ചെറിയ തോതില്‍ ആരംഭിച്ച മോഷണം വ്യാപകമായി മാറിയതോടെ കര്‍ഷകര്‍ ആശങ്കയിലായി. ഇടയിലക്കാട്,വെള്ളാപ്പ്, ആയിറ്റി തുടങ്ങിയ സ്ഥലങ്ങളിലെ പുഴകള്‍ കേന്ദ്രീകരിച്ചാണ് മോഷ്ടാക്കള്‍ വിലസുന്നത്. രാത്രിയുടെ മറവില്‍ വ്യാപകമായി നടത്തുന്ന ഈ മോഷണം കര്‍ഷകരുടെ ഉറക്കംകെടുത്തുകയാണ്.
ഇടയിലക്കാട് ബോട്ട് ജെട്ടിക്ക് സമീപത്തുനിന്ന് നിരവധി കര്‍ഷകരുടെ പാകമായ അനവധി കൈ കല്ലുമ്മക്കായ മോഷണം പോയിരുന്നു.ഇത്തരത്തില്‍ നഷ്ടം സംഭവിച്ച കര്‍ഷകനായ പി.വി.ഭാസ്‌കരന്‍ കഴിഞ്ഞ ദിവസം ചന്തേര പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഫലമൊന്നും ഉണ്ടായിട്ടില്ല. പോലീസിന് പെട്ടെന്ന് കടന്നു ചെല്ലാന്‍ പറ്റാത്ത സ്ഥലമായതിനാല്‍ മോഷ്ടാക്കള്‍ നിര്‍ബാധം വിലസുകയാണ്. വലിയ പറമ്പ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മോഷണം നടക്കുന്നതായി കര്‍ഷകര്‍ പരാതി പറയുന്നുണ്ട്. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ആയിറ്റി, വെള്ളാപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം നിരവധി കര്‍ഷകരുടെ വിളഞ്ഞ കല്ലുമ്മക്കായ മോഷണം പോയിരുന്നു. കനത്ത ചൂടില്‍ കൃഷിനാശം സംഭവിച്ച് മുടക്കുമുതല്‍ ലഭിക്കാതെ വന്‍ സാമ്പത്തിക ബാധ്യതയിലേക്ക് കര്‍ഷകര്‍ മൂക്കുകുത്തി നില്‍ക്കുമ്പോഴാണ് മോഷണം മൂലമുലള്ള നഷ്ടംകൂടി സഹിക്കേണ്ടി വരുന്നത്. രാത്രി വൈകിയശേഷം തോണിയില്‍കയറി പുഴയില്‍ കിടക്കുന്ന സ്‌റ്റേജില്‍ തൂക്കിയിട്ടിരിക്കുന്ന കല്ലുമ്മക്കായ മുകളില്‍വെച്ച് അറുത്തെടുത്ത് പോവുകയാണ് ചെയ്യുന്നത്. മത്സ്യബന്ധനത്തില്‍ ഏര്‍പ്പിട്ടിരുക്കുന്നവരാണെന്ന് കരുതി കരയില്‍ നില്‍ക്കുന്നവര്‍ക്ക് ഈ മോഷണം ശ്രദ്ധിക്കാന്‍ കഴിയാറില്ല.
അധികവും സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങളെ ലാക്കാക്കിയാണ് മോഷ്ടാക്കളുടെ വിളയാട്ടം. പരാതി നല്‍കിയാല്‍ സാമൂഹ്യ വിരുദ്ധര്‍ കൃഷിനാശം വരുത്തുമോയെന്ന ആധിയില്‍ പലരും പരാതി പറയാന്‍ മടിക്കുന്നു.