മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് പുതിയ പാഠ്യപദ്ധതി

Posted on: April 12, 2015 5:17 am | Last updated: April 12, 2015 at 12:17 am

കോഴിക്കോട്: മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ പാഠ്യപദ്ധതി നിലവില്‍ വരുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബ്. സ്റ്റേറ്റ് ഓര്‍ഗനൈസേഷന്‍ ഓഫ് റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (സോര്‍ട്ട്) മൂന്നാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനസിക വെല്ലുവിളികള്‍ നേരിടുന്ന നൂറില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ ഏറെ വൈകാതെ എയ്ഡഡ് ആക്കുമെന്നും ഇത്തരം കുട്ടികള്‍ക്കായി സംസ്ഥാനത്ത് സര്‍ക്കാരിന്റേതായി ആകെ ഒരു വിദ്യാലയം മാത്രമേ ഉള്ളൂവെന്നും ആ കുറവ് നികത്തുന്നതിനാണ് പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ ഘട്ടത്തില്‍ അന്‍പതില്‍ കൂടുതല്‍ വിദ്യാര്‍ഥികളുള്ള വിദ്യാലയങ്ങളും എയ്ഡഡ് ആക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവിലുള്ള റിസോഴ്‌സ് അധ്യാപകരുടെ എണ്ണം കുറക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നടത്താനിരുന്ന പുനരഭിമുഖം തത്കാലത്തേക്ക് നിര്‍ത്തി വെച്ചിട്ടുണ്ടെന്നും നിലവിലുള്ള അധ്യാപകരുടെ എണ്ണത്തില്‍ കുറവു വരാതെ എല്ലാവരെയും ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന എല്ലാവരേയും നിയമിക്കാനുള്ള ഫണ്ട് കണ്ടെത്താനുള്ള ആലോചനയിലാണ് വിദ്യാഭ്യാസവകുപ്പെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
എല്‍ എസ് എസ് പരീക്ഷയില്‍ മികച്ച വിജയം കാഴ്ച വെച്ച ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക്് ചടങ്ങില്‍ മന്ത്രി ഉപഹാരം സമര്‍പ്പിച്ചു. റസാഖ്മാസ്റ്റര്‍, അബ്ദുല്ല വാവൂര്‍, ഇ അഹമ്മദ്കുട്ടി, വി മനീഷ്, ടി കെ റിയാസ്, ഡി ദേവ്പാല്‍, പി സാലിം, ഷാഫി പ്രസംഗിച്ചു. .